ന്യൂഡൽഹി: കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിക്കുന്ന സംഭവത്തിൽ നിയമങ്ങൾ കൂടുതൽ കർശനമാക്കാനൊരുങ്ങി കേന്ദ്രസർക്കാർ. ഇത് സംബന്ധിച്ച് വനിതാ ശിശുവികസന മന്ത്രാലയത്തിന് ഐടി മന്ത്രാലയം കത്തയച്ചു. ഇത്തരം ദൃശ്യങ്ങൾ നിർമിക്കുന്നവർക്ക് എതിരെ കർശന നടപടി വേണമെന്നാണ് കത്തിലെ ആവശ്യം.

To advertise here,

കുട്ടികളുമായി ബന്ധപ്പെട്ട ഇത്തരം വീഡിയോകൾക്കെതിരെ കർശനമായ നടപടി സ്വീകരിക്കാൻ കേന്ദ്രസർക്കാർ ഇതിനോടകം പല പദ്ധതികളും തയ്യാറായിട്ടുണ്ട്. നേരത്തെ മെറ്റയ്ക്ക് ഐടി മന്ത്രാലയം ഇതുമായി ബന്ധപ്പെട്ട് ഒരു കത്ത് നൽകിയിരുന്നു. ഇൻസ്റ്റഗ്രാം പരസ്യങ്ങളിലൂടെ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിക്കുന്നു എന്ന പ്രശ്‌നം ചൂണ്ടിക്കാട്ടിയായിരുന്നു കത്ത്.

ഇത്തരം വിഷയങ്ങളിൽ കൂടുതൽ ശക്തമായ നിയമങ്ങൾ ആവശ്യമാണ് എന്ന പൊതുവികാരം രാജ്യത്ത് ഉയരുന്നുണ്ട്. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ഐടി മന്ത്രാലയം ഇപ്പോൾ വനിതാ ശിശുവികസന മന്ത്രാലയത്തിന് കത്തയച്ചിരിക്കുന്നത്. ഇത്തരം ദൃശ്യങ്ങൾ നിർമിക്കുന്നവർക്കെതിരെ കർശനമായ നടപടി വേണം.

അതിനായി നിയമനിർമാണം കൂടുതൽ ശക്തിപ്പെടുത്താനുള്ള നീക്കങ്ങൾ വനിതാ ശിശുവികസന മന്ത്രാലയത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകണം, പോക്‌സോ നിയമം കൂടുതൽ കർശനമാക്കണം എന്നീ ആവശ്യങ്ങളാണ് ഐടി മന്ത്രാലയം ഉന്നയിക്കുന്നത്.