
സഹാറ ഭാരത് ഫൗണ്ടേഷൻ റിഹാബിലിറ്റേഷൻ സെന്റർ | Photo: Mathrubhumi
പിണങ്ങോട്: ഭിന്നശേഷിക്കാരായ മക്കളെയോർത്ത് ഇനി അമ്മമാർക്ക് കരയേണ്ടിവരില്ല. ഭാവി അനിശ്ചിതത്വത്തിലായ നൂറുക്കണക്കിന് ആളുകളെയാണ് കാരുണ്യത്തിന്റെ കൈകൾകൊണ്ട് സഹാറ ഭാരത് ഫൗണ്ടേഷൻ ചേർത്തുപിടിക്കുന്നത്.
പിണങ്ങോട് മൂരിക്കാപ്പിലെ 12 ഏക്കറിൽ ഫൗണ്ടേഷൻ ഒരുക്കിയ തൊഴിൽപരിശീലനകേന്ദ്രത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 130-ഓളം ഭിന്നശേഷിക്കാരാണ് ജീവിതം തിരിച്ചുപിടിക്കുന്നത്.
തണലും വയനാട് മുസ്‌ലിം ഓർഫനേജും ചേർന്നാണ് സഹാറ സ്ഥാപിച്ചത്. ഓട്ടിസം ബാധിച്ചവർ, അപകടങ്ങളിൽ നട്ടെല്ലിന് പരിക്കേറ്റ് കിടപ്പിലായവർ, മാതാപിതാക്കൾ മരിച്ചുപോയവർ തുടങ്ങി 18-നും 55-നും മധ്യേയുള്ളവരാണ് സഹാറയുടെ കാരുണ്യത്തണലിൽ ജീവിതം തിരിച്ചുപിടിക്കുന്നത്.
താത്പര്യമുള്ളവരെ അവരുടെ കഴിവുകൾ കണ്ടെത്തി വിവിധ ഉപജീവനമാർഗങ്ങൾ പരിശീലിപ്പിക്കുന്നതിന് വൊക്കേഷണൽ റിഹാബിലിറ്റേഷൻ കേന്ദ്രവും ഇവിടെയുണ്ട്. നിലവിൽ ആണുങ്ങൾക്കുമാത്രമാണ് സഹാറയിൽ പ്രവേശനം.
ഭിന്നശേഷിക്കാരായ 150 സ്ത്രീകളെക്കൂടി താമസിപ്പിച്ച് ചികിത്സ ലഭ്യമാക്കുന്നതിനുള്ള പുനരധിവാസകേന്ദ്രത്തിന്റെ നിർമാണം അവസാനഘട്ടത്തിലാണ്. രണ്ടുമാസത്തിനുള്ളിൽ സൂപ്പർ സ്പെഷ്യാലിറ്റി സൗകര്യത്തോടെ ന്യൂറോ റിഹാബിലിറ്റേഷൻ സെന്ററും തുറക്കും. ഒരേസമയം 120 പേർക്ക് റോബോട്ടിക് തെറാപ്പി നടത്താനുള്ള സംവിധാനമാണ് ഇവിടെ ഒരുക്കുന്നത്. നട്ടെല്ലിനും മറ്റും പരിക്കുപറ്റി ശരീരം തളർന്നുപോയവർക്ക് ഈ കേന്ദ്രം ഏറെ ഗുണംചെയ്യും.
18 വയസ്സിൽ താഴെയുള്ള ഭിന്നശേഷിക്കാരായ കുട്ടികൾക്കുവേണ്ടി ഏർലി ഇന്റർവിനിറ്റി സെന്റർ, ചൈൽഡ് ഡിവലപ്‌മെന്റ് സെന്റർ, സ്പെഷ്യൽ സ്കൂൾ തുടങ്ങിയവയും അടുത്ത മാർച്ചിൽ സഹാറയിൽ തുറക്കും. ഇന്റർമിനിറ്റി സെന്ററിൽനിന്ന് ചൈൽഡ് ഡിവലപ്‌മെന്റ് സെന്ററിൽനിന്ന് രോഗം ഭേദപ്പെടുന്ന കുട്ടികളെ പൊതുവിദ്യാലയങ്ങളിൽ അയച്ച് പഠിപ്പിക്കും. അല്ലാത്തവരെ സ്പെഷ്യൽ സ്കൂളിൽ ചേർക്കും. ദൂരെയുള്ള രോഗികളുടെ രക്ഷിതാക്കൾക്ക് മക്കളോടൊപ്പം കഴിയാനും സൗകര്യമൊരുക്കും.
ഇവിടുത്തെ സേവനവും ചികിത്സയും സൗജന്യമാണ്. ഒരുമാസത്തെ പ്രവർത്തനത്തിന് ഒൻപതുലക്ഷം രൂപയെങ്കിലും വേണം. പ്രസിഡന്റ് പി.പി. അബ്ദുൾ ഖാദറും സെക്രട്ടറി ഡോ. വി. ഇദ്രിസും നേതൃത്വം നൽകുന്ന കമ്മിറ്റിയാണ് പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്.
Content Highlights: Sahara Bharat Foundation provides vocational training, rehabilitation, and super-specialty care for hundreds of differently-abled individuals, offering hope and a brighter future. Free services available.
Published: 16 Nov 2025, 07:47 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented