കടുമേനി (കാഞ്ഞങ്ങാട്): കടുമേനിയിലെ സര്‍ക്കാരി ഉന്നതിയിലെത്തിയാല്‍ മുന്‍ഭാഗം പ്ലാസ്റ്റിക്ക് ഷീറ്റ് വലിച്ചുകെട്ടിയ ഒരു കൊച്ചു വീടുകാണാം. നിന്നുതിരിയാൻ ഇടമില്ലാത്തത്രയും ചെറിയ മൂന്നു മുറികളുണ്ടതില്‍. ഇത്തിരിയെങ്കിലും വലുപ്പമുള്ള ആദ്യ മുറിയുടെ പാതിഭാഗത്തും സമ്മാനങ്ങള്‍ നിരത്തിയിരിക്കുന്നു. കൈയ്യൊന്ന് നിവര്‍ത്തിപ്പിടിച്ചാല്‍ ചുമരില്‍ തട്ടിപ്പോകുന്ന ബാക്കിയുള്ള ഇട്ടാവട്ടത്ത് നിത്യവും നൃത്ത പരിശീലനം.

To advertise here,

പറഞ്ഞു കേള്‍ക്കുമ്പോള്‍ അവിശ്വസീനിയമെന്നു തോന്നുന്ന ഈ സൗകര്യത്തില്‍നിന്നാണ് സച്ചുസതീഷ് എന്ന പത്താംക്ലാസുകാരന്‍ ജില്ലാ-സംസ്ഥാന സ്‌കൂള്‍ കലോത്സവ നൃത്തവേദിയിലെത്തി, സൗകര്യങ്ങള്‍ ആവശ്യത്തിലും കൂടുതല്‍ കിട്ടി പരിശീലിക്കുന്നവരെ പിന്‍തള്ളി ഒന്നാമനായത്. 

ഏതെങ്കിലുമൊരു ഇനത്തില്‍ മികവ് പുലര്‍ത്തുമ്പോള്‍ത്തന്നെ നിറഞ്ഞ കൈയ്യടിയുമായെത്തുന്ന സര്‍ക്കാരും സമൂഹവും പക്ഷെ, ഭരതനാട്യത്തിലും കുച്ചുപ്പുടിയിലും നാടോടി നൃത്തത്തിലും കേരളനടനത്തിലും ഒന്നാമതെത്തുന്ന സച്ചുവിനെ കണ്ടില്ല. പട്ടികവര്‍ഗ സമുദായത്തില്‍പ്പെട്ട അവനേയോ അവന്റെ വീട്ടിലേക്കോ ആരും തിരിഞ്ഞു നോക്കിയില്ല. ഇത്ര നന്നായി അവതരിപ്പിക്കുമ്പോള്‍, മോനെ പണമില്ല ഇതു നമുക്ക് നിര്‍ത്താം എന്നു പറയാന്‍ കഴിയുന്നില്ലെന്ന് പറഞ്ഞ് കരയുന്നു അമ്മ ബിന്ദു. 

'കടം വാങ്ങിക്കൂട്ടുമ്പോള്‍ മോനോട് അങ്ങനെ പറയണമെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അവന്റെ മുഖത്ത് നോക്കുമ്പോള്‍ പറയാന്‍ മനസുവരുന്നില്ല', ബിന്ദുവിന് വാക്കുകള്‍ മുറിയാതെ പറഞ്ഞുതീര്‍ക്കാനാകുന്നില്ല. ബ്ലേഡുകാരില്‍നിന്ന് കഴുത്തറപ്പന്‍ പലിശയ്ക്ക് പണം കടമെടുത്താണ് ബിന്ദു മകനെ  കലോത്സവത്തിനയയ്ക്കുന്നത്. പലിശയുള്‍പ്പെടെ 2850 രൂപ ആഴ്ചയില്‍ തിരിച്ചടക്കണം. ഇതു മുടങ്ങാതിരിക്കാന്‍ കല്ലും മണ്ണും ചുമന്നും കാടുവെട്ടിത്തെളിച്ചും കൂലിപ്പണിയെടുക്കുന്നു ഈ അമ്മ.

placeholder
കടുമേനിയിലെ വീട്ടിനകത്ത് സച്ചു സതീഷും മാതൃസഹോദരി പുത്രി ലിജിനയും സച്ചുവിന് കിട്ടിയ പുരസ്‌കാരങ്ങൾക്കു മുന്നിൽ | ഫോട്ടോ: എന്‍. രാമനാഥ് പൈ

സഹകരണ ബാങ്കിലും കാര്‍ഷിക ബാങ്കിലും കടമുണ്ട്. കൂട്ടുകാരോടും നാട്ടുകാരോടും വാങ്ങിയ പണം വേറെയും. ആറു വര്‍ഷം മുന്‍പ് ഭര്‍ത്താവ് സതീഷിന്റെ അപ്രതീക്ഷിത മരണമാണ് ബിന്ദുവിനെ ഈ ദുരിതക്കയത്തിലെത്തിച്ചത്. കൂലിപ്പണിയെടുത്ത് ചേട്ടന്‍ എന്നെയും മോനെയും നന്നായി നോക്കിയിരുന്നു. 'ഒരു ദിവസം ഒന്നും പറയാതെ അങ്ങ് പോയി. വിധിയെന്നല്ലാതെ എന്തു പറയാന്‍', അത്രയും നേരം പിടിച്ചുനിന്ന ബിന്ദു തേങ്ങിപ്പോയി.

തോമാപുരം സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിയാണ് സച്ചു. ഇത്തവണ ഉദിനൂരില്‍ നടന്ന ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഭരതനാട്യത്തിലും കുച്ചുപ്പുടിയിലും കേരള നടനത്തിലും ഒന്നാം സ്ഥാനമായിരുന്നു. 'ഉന്നതിയില്‍നിന്ന് ഉദിച്ചുയര്‍ന്ന്' എന്ന തലക്കെട്ടില്‍ 'മാതൃഭൂമി'യില്‍ വന്ന വാര്‍ത്ത കണ്ടാണ് സച്ചുവിന്റെ നേട്ടം നാടറിഞ്ഞത്. എട്ടിലും ഒന്‍പതിലും ഭരതനാട്യം, കേരളനടനം, നാടോടി നൃത്തം എന്നീ ഇനങ്ങളില്‍ ഉപജില്ല മുതല്‍ സംസ്ഥാനതലംവരെ നിറഞ്ഞാടി സമ്മാനവുമായി മടങ്ങിയിരുന്ന ഈ മിടുക്കന്റെയും കുടുംബത്തിന്റെയും കണ്ണീര് മാത്രം ആരും കണ്ടില്ല. ഇത്തവണ കുച്ചുപ്പുടി കൂടി പഠിച്ചെടുത്തു. ഇനി സംസ്ഥാതലത്തിലേക്കു പോകണം. വീണ്ടും കടം വാങ്ങണം.

കണ്ണീര്‍ തോരാതെ ഈ അമ്മ
'ആറു ലക്ഷത്തോളം രൂപ കടമുണ്ട്, ആലോചിക്കുമ്പോള്‍ തലകറക്കം വരും', വീട്ടിലെ കഷ്ടപ്പാട് പറയുമ്പോള്‍ കരയാതിരിക്കാനാകുന്നില്ല ഈ അമ്മയ്ക്ക്. കടം പെരുകുന്നതിനെക്കുറിച്ചാണ് ഇവര്‍ക്ക് വേവലാതി. നൃത്തവേദിയില്‍ മിന്നുംപ്രകടനം കാഴ്ചവയ്ക്കുന്ന കടുമേനി സര്‍ക്കാരി ഉന്നതിയിലെ സച്ചു സതീഷിന്റെ അമ്മ എം.കെ.ബിന്ദു, പറയുന്നു 'എത്ര പ്രയാസപ്പെട്ടാലും മകനെ കലോത്സവത്തില്‍ പങ്കെടുപ്പിക്കും'.

നൃത്തം പഠിപ്പിക്കണമെന്ന് എന്തുകൊണ്ടാണ് തോന്നിയത്?

ഒന്നാം ക്ലാസില്‍ ചേര്‍ക്കുന്നതിനും മുന്‍പേ അവന്‍ പാട്ടുകേട്ടാല്‍ അപ്പോള്‍ ചുവടുവെക്കും. ചേച്ചി ലക്ഷ്മിയുടെ മകള്‍ ലിജിന നൃത്തം പഠിച്ചിരുന്നു. അവള്‍ അവനെ പഠിപ്പിച്ചുതുടങ്ങി. നൃത്ത പരിശീലകന്‍ സതീഷ് നീലേശ്വരത്തിന്റെയടുത്തേക്കു കൂട്ടിക്കൊണ്ടുപ്പോയി. അദ്ദേഹം കമ്പല്ലൂരിലെ ഒരു വീട്ടില്‍ നൃത്തം പഠിപ്പിക്കാന്‍ വരുമ്പോള്‍ സച്ചുവിനെ ആ വീട്ടില്‍ കൊണ്ടുവിടും. ഒന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ചിറ്റാരിക്കാല്‍ ഉപജില്ലാതല കലോത്സവത്തിലെ  എല്‍.പി.വിഭാഗം മത്സരത്തില്‍ നാടോടി നൃത്തത്തില്‍ ഒന്നാം സ്ഥാനം നേടി. കടുമേനി എസ്.എന്‍.ഡി.പി.എ.യു.പി.സ്‌കൂളിലാണ് ഏഴുവരെ പഠിച്ചത്. എല്ലാവര്‍ഷവും ഉപജില്ലാതലത്തില്‍ നാടോടി നൃത്തത്തില്‍ ഒന്നാം സ്ഥാനം സച്ചുവിനായിരുന്നു.

എപ്പോള്‍ മുതലാണ് മറ്റു നൃത്ത ഇനങ്ങള്‍ പഠിച്ചുതുടങ്ങിയത്?

നാട്ടിലെ 'നവരസ' എന്ന നൃത്ത പരിശീല കേന്ദ്രത്തില്‍ പഠിക്കാന്‍ തുടങ്ങിയതോടെ ഭരതനാട്യത്തിലേക്കുമാറി. അവിടെയും സതീഷ് നീലേശ്വരം തന്നെയാണ് ഗുരു. അതിനിടയെണ് ഇവന്റെ അച്ഛന്‍ സതീഷ് മരിക്കുന്നത്. ഹൃദയാഘാതമായിരുന്നു. കുടുംബജീവിതം താളം തെറ്റി. ചേച്ചിയുടെ വീട്ടിലേക്കു താമസം മാറി. അന്നു മുതല്‍ കൂലിപ്പണിക്ക് പോയിത്തുടങ്ങി. സ്വന്തമായി ഒരു വീട് പണിയാനുള്ള കഷ്ടപ്പാടിനിടെയാണ് ചേട്ടന്‍ മരിച്ചത്. വീട് പൂര്‍ത്തിയായതുമില്ല. കടം ബാക്കിയാകുകയും ചെയ്തു. എന്റെയും ചേച്ചിയുടെ മകളുടെയുമെല്ലാം സ്വര്‍ണം പണയപ്പെടുത്തേണ്ടിവന്നു. തിരിച്ചടക്കാന്‍ നിവൃത്തിയില്ലാത്തതിനാല്‍ സ്വര്‍ണം  മിക്കതും ബാങ്കുകാര്‍ ലേലം വിളിച്ചു വിറ്റു.

സച്ചുവിന് വേണ്ടി മുന്‍വര്‍ഷങ്ങളില്‍ എത്രതുക കടംവാങ്ങേണ്ടിവന്നു?

എഴാംതരം വരെ ജില്ലാ സ്‌കൂള്‍ കലോത്സവത്തിലേക്കു പോകുമ്പോള്‍ അത്രയൊന്നും കടമുണ്ടായില്ല. എട്ടിലും ഒന്‍തിലുമായപ്പോള്‍ സംസ്ഥാന മത്സരത്തിലേക്കു പോയി. ഓരോ വര്‍ഷവും ലക്ഷത്തിലധികം രൂപ കടം വാങ്ങി. എട്ടില്‍ പഠിക്കുമ്പോള്‍ നാടോടിനൃത്തത്തിലും കേരള നടനത്തിലുമാണ് ഒന്നാം സ്ഥാനം കിട്ടിയത്. ഭരതനാട്യത്തില്‍ രണ്ടാം സ്ഥാനമായതിനാല്‍ അപ്പീല്‍ നല്‍കി. സംസ്ഥാനത്ത് മത്സരിച്ച് ആ ഇനത്തില്‍ ജില്ലയിലെ മത്സരാര്‍ഥിയേക്കാള്‍ മാര്‍ക്കുവാങ്ങിയ സച്ചുവിന് അപ്പീലിനു കെട്ടിവച്ച 5000 രൂപ തിരികെ നല്‍കി.

പഠിക്കുന്ന കാര്യത്തില്‍ സച്ചു എങ്ങനെ?

ഇക്കഴിഞ്ഞ ഓണൺ പരീക്ഷയില്‍ കണക്കിനൊഴികെ എല്ലാ വിഷയത്തിലും എ പ്ലസ് ഉണ്ട്. എഴാംക്ലാസില്‍ യു.എസ്.എസും ഒന്‍പതില്‍ നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്‌കോളര്‍ഷിപ്പും നേടി. ശാസ്ത്ര മേളയില്‍ എംബ്രോയ്ഡറി ഇനത്തില്‍ പങ്കെടുത്ത് കഴിഞ്ഞ രണ്ടു വര്‍ഷവും ഉപജില്ലാതലത്തില്‍ ഒന്നാം സ്ഥാനം നേടിയിരുന്നു. മുന്‍പ് യു.പി.വിഭാഗം സംസ്‌കൃതോത്സവത്തില്‍ ഗാനാലാപനത്തില്‍ ഉപജില്ലാ-ജില്ലാതലത്തില്‍ നേട്ടംകൊയ്തു. തോമാപുരം സ്‌കൂളില്‍ ഇപ്പോള്‍ കുട്ടിപ്പോലീസുമാണ്.