ഡാലസ്: കലയും അക്കാദമിക മികവും നേതൃത്വപാടവവും ഒരുപോലെ സമന്വയിപ്പിച്ചുകൊണ്ട് മുന്നേറുന്ന പ്രാർത്ഥന പി.നമ്പ്യാരുടെ ഭരതനാട്യ അരങ്ങേറ്റം ജൂലൈ 26-ന് ഡാലസിലെ ലൂയിസ്‍വിൽ ഗ്രാൻഡ് തീയേറ്ററിൽ നിറഞ്ഞ സദസ്സിൽ വച്ച് നടന്നു.
എട്ടാം വയസ്സിൽ ഭരതനാട്യ പഠനം ആരംഭിച്ച പ്രാർത്ഥന പത്ത് വർഷത്തിലേറെയായി ഗുരു മിനി ശ്യാമിന്റെ കീഴിൽ ശ്രീ സ്കൂൾ ഓഫ് ഡാൻസിൽ പരിശീലനം നേടിവരികയാണ്. ഗുരുവിന്റെ ശിക്ഷണത്തിലും മാർഗനിർദേശത്തിലും കലാപരമായ മികവ് കൈവരിച്ച പ്രാർത്ഥനയ്ക്ക് ഡാലസ് മേഖലയിലെ വിവിധ സാംസ്കാരിക വേദികളിലും ക്ഷേത്രങ്ങളിലും നിരവധി തവണ നൃത്തം അവതരിപ്പിക്കാനുള്ള അവസരം ലഭിച്ചു. ഡാലസ് ഗുരുവായൂർ ക്ഷേത്രം, ഡാലസ് ഹനുമാൻ ക്ഷേത്രം എന്നിവിടങ്ങളിലെ അവതരണങ്ങൾ ശ്രദ്ധേയമായിരുന്നു. കൂടാതെ ഗുരുവായൂർ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിലും ഭരതനാട്യം അവതരിപ്പിക്കാനുള്ള ഭാഗ്യവും പ്രാർത്ഥനയ്ക്ക് ലഭിച്ചു.
അരങ്ങേറ്റത്തിൽ അവതരിപ്പിച്ച വിവിധ ഇനങ്ങൾ ഭാവാഭിനയത്തിലും താളലയബോധത്തിലും സാങ്കേതിക മികവിലും ശ്രദ്ധേയമായി. ആത്മവിശ്വാസത്തോടെയും പക്വതയോടെയും അവതരിപ്പിച്ച പ്രകടനം കലാസ്വാദകരുടെ പ്രശംസ ഏറ്റുവാങ്ങി.
അക്കാദമിക രംഗത്തും മികവ് തെളിയിച്ച പ്രാർത്ഥന ലോൺ സ്റ്റാർ ഹൈസ്കൂളിൽ നിന്ന് മികച്ച വിജയത്തോടെ പഠനം പൂർത്തിയാക്കി. ഉന്നതപഠനത്തിനായി യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് അറ്റ് ഓസ്റ്റിനിൽ (UT Austin) ഇലക്ട്രിക്കൽ ആൻഡ് കമ്പ്യൂട്ടർ എൻജിനീയറിങ് വിഭാഗത്തിൽ പ്രവേശനം നേടി.
സാമൂഹിക സേവന-നേതൃത്വ രംഗങ്ങളിലും സജീവ സാന്നിധ്യമായ പ്രാർത്ഥന മലയാളി എൻജിനിയേർസ് അസോസിയേഷൻ ഓഫ് നോർത്ത് ടെക്സാസ് (MEANT)-ന്റെ യൂത്ത് ചെയറായി പ്രവർത്തിച്ചിട്ടുണ്ട്. സഹോദരന്റെ ഫസ്റ്റ് ലെഗോ ലീഗ് ടീമിന്റെ പരിശീലകയായി സേവനമനുഷ്ഠിച്ച പ്രാർത്ഥനയ്ക്ക് മികച്ച പരിശീലകയ്ക്കുള്ള ബെസ്റ്റ് കോച്ച് അവാർഡ് ലഭിക്കുകയും ചെയ്തു. സ്കൂൾ ടെന്നീസ് ടീമിന്റെ ക്യാപ്റ്റനായും നേതൃപാടവം പ്രകടിപ്പിച്ചിട്ടുണ്ട്.
കായിക-സാഹസിക രംഗങ്ങളിലും പ്രാർത്ഥന ശ്രദ്ധേയ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. ലോകപ്രശസ്തമായ ഗ്രാന്റ് കാന്യൺ റിം-ടു-റിം ഹൈക്ക് വിജയകരമായി പൂർത്തിയാക്കിയതോടൊപ്പം, ഇർവിങ് മാരത്തോണിൽ മൂന്നാം സ്ഥാനവും പ്രാർത്ഥനയ്ക്ക് ലഭിച്ചിട്ടുണ്ട്.
വടകര സ്വദേശി പ്രശാന്ത് പി. നമ്പ്യാർ–മഞ്ജിമ പ്രശാന്ത് ദമ്പതികളുടെ മകളാണ് പ്രാർത്ഥന. സഹോദരൻ ഗോപാൽ. പി നമ്പ്യാർ.
Published: 30 Jul 2026, 01:06 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented