കൊച്ചി: വ്യവസായ മന്ത്രി പി. രാജീവിനെതിരേയും സംസ്ഥാന സര്‍ക്കാരിനെതിരേയും രൂക്ഷവിമര്‍ശനവുമായി കിറ്റക്‌സ് എംഡി സാബു ജേക്കബ്. കേരളസര്‍ക്കാരും എല്‍ഡിഎഫും ഉദ്യോഗസ്ഥരും എല്ലാവരുംകൂടി ഒന്നിച്ചുനിന്ന് കിറ്റക്‌സിനെ ആക്രമിക്കുകയായിരുന്നെന്ന് അദ്ദേഹം വാര്‍ത്താസമ്മേളത്തില്‍ ആരോപിച്ചു.
ഒരു ചെറിയ നിയമലംഘനംപോലും ഈ പ്രസ്ഥാനത്തിന്റെ പേരില്‍ കണ്ടുപിടിക്കാന്‍ സാധിച്ചില്ല. സഹികെട്ടാണ് അന്ന് 3500 കോടിരൂപ കേരളത്തില്‍നിന്ന് മാറി മറ്റെവിടേക്കെങ്കിലും നിക്ഷേപിക്കാൻ തീരുമാനിച്ചത്. ആന്ധ്ര വളരെ മോശമാണെന്ന് വ്യവസായമന്ത്രി പി. രാജീവ് പറഞ്ഞത് അദ്ദേഹത്തിന്റെ പതിവാണെന്നും സാബു ജേക്കബ് കൂട്ടിച്ചേര്‍ത്തു.
കേരളം ഇന്ത്യാ രാജ്യത്തെ ഒരു സംസ്ഥാനമാണ്. അത് ആരുടെയും പിതൃസ്വത്തല്ല. അതാണ് മനസ്സിലാക്കേണ്ടത്. രാജീവ് പറയുന്നത് കേട്ടാല്‍ തോന്നും കേരളം അവരുടെ സ്വത്താണെന്ന്, സാബു ജേക്കബ് പറഞ്ഞു.
മനഃസമാധാനം കിട്ടാൻ അവനവൻ തന്നെ വിചാരിക്കണമെന്ന മന്ത്രി രാജീവിന്റെ പ്രതികരണത്തിനും സാബു മറുപടി പറഞ്ഞു. മനഃസമാധാനം കിട്ടണമെങ്കില്‍ ഞാന്‍ വിചാരിക്കണം എന്ന് പറയുന്നതിന് വലിയൊരു അര്‍ഥമുണ്ട്. വേണ്ടപ്പെട്ടവരെ വേണ്ടപോലെ കണ്ടാല്‍ എനിക്ക് മനഃസമാധാനം ഉറപ്പാണ്. അത് എനിക്കും അറിയാം. അങ്ങനെ ഒരു മനഃസമാധാനം ഞാന്‍ പ്രതീക്ഷിക്കുന്നില്ല. അതിന് ആരുടെയും ഔദാര്യം എനിക്ക് ആവശ്യമില്ല. ഇത് രാജീവിന്റെ പണമോ എല്‍ഡിഎഫിന്റെ ഔദാര്യമോ പിണറായിയുടെ പണമോ അല്ല. അധ്വാനിച്ചുണ്ടാക്കിയ സ്വത്താണത്. അത് എപ്പോൾ നിര്‍ത്തണം എപ്പോൾ പോകണം എന്ന് ഞാന്‍ തീരുമാനിക്കും, സാബു കൂട്ടിച്ചേർത്തു.
ഇടതുമുന്നണി സംസ്ഥാനതലത്തില്‍തന്നെ ഈ പ്രസ്ഥാനങ്ങളെ അടച്ചുപൂട്ടാന്‍ സമരം നടത്തി. 565 ദിവസമാണ് സമരം നടത്തിയത്. അവസാനം ഹൈക്കോടതിയുടെ കര്‍ശനമായ നിര്‍ദേശമനുസരിച്ച് സമരം അവസാനിപ്പിച്ച് എഴുന്നേറ്റ് പോവുകയാണുണ്ടായതെന്നും സാബു ജേക്കബ് പറഞ്ഞു.
2021-ല്‍ കേരള സര്‍ക്കാരില്‍നിന്ന് ഒരുപാട് ഉപദ്രവങ്ങള്‍ കിറ്റക്‌സിന് നേരിടേണ്ടിവന്നിരുന്നെന്ന് ശനിയാഴ്ച സാബു ജേക്കബ് പറഞ്ഞിരുന്നു. അതേത്തുടര്‍ന്നാണ് കേരളത്തില്‍ നിക്ഷേപിക്കാനിരുന്ന 3500 കോടിരൂപ മറ്റെവിടെങ്കിലും നിക്ഷേപിക്കാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് തെലങ്കാനയില്‍നിന്ന് ക്ഷണംകിട്ടിയെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കിറ്റക്സ് ഇത്രയും വളര്‍ന്നത് കേരളത്തിന്റെ മണ്ണിലെന്ന് പി. രാജീവ്
വിദേശ നിക്ഷേപത്തില്‍ കേരളം ഒന്നാമതാണെന്ന് ഞായറാഴ്ച മന്ത്രി പി. രാജീവ് പ്രതികരിച്ചു. ആന്ധ്രപ്രദേശിനെയും പഞ്ചാബിനെയും പിന്തള്ളിയാണ് ഈ നേട്ടം കൈവരിച്ചത്. സാബുവിന്റേത് രാഷ്ട്രീയ പാര്‍ട്ടി നേതാവിന്റെ പ്രതികരണമാണെന്നും വ്യവസായിയുടേത് അല്ലെന്നും മന്ത്രി പറഞ്ഞു.
കേരളം വിടുന്നു എന്ന് പറഞ്ഞവര്‍ ഇതുവരെ പോയിട്ടില്ല. അവരുടെ വ്യവസായത്തിന് ഒരു തടസ്സവും നേരിട്ടില്ല. മനഃസമാധനം ഉണ്ടാകണമെങ്കില്‍ അവനവന്‍ തന്നെ വിചാരിക്കണം. കേരളം പല കാര്യങ്ങളിലും ആന്ധ്രയെക്കാള്‍ മുന്നിലാണ്. കിറ്റക്സ് ഇത്രയും വളര്‍ന്നത് കേരളത്തിന്റെ മണ്ണിലാണ്. ചന്ദ്രബാബു നായിഡുപോലും കേരളത്തെ പ്രശംസിച്ച് സംസാരിച്ചത് നമുക്ക് മുന്നിലുണ്ടെന്നും രാജീവ് പറഞ്ഞു.
Content Highlights: sabu m jacob criticises minister p rajeeve and kerala government
Published: 08 Jun 2025, 07:08 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented