കൊച്ചി: ശബരിമലയിൽ നിന്ന് സ്വർണം പൂശാനെന്ന വ്യാജേന കൊണ്ടുപോയ ദ്വാരപാലക ശിൽപങ്ങളിൽനിന്ന് വേർതിരിച്ചെടുത്ത് സ്വർണം തട്ടിയെടുത്ത് പങ്കജ് ഭണ്ഡാരിയാണെന്നും അയാളിൽനിന്ന് ആ സ്വർണം വാങ്ങിയത് ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർധനാണെന്നും കണ്ടെത്തി പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി). ദ്വാരപാലക ശിൽപങ്ങളിൽനിന്ന് വേർതിരിച്ചെടുത്ത സ്വർണം ഇപ്പോൾ എവിടെയാണ് എന്ന് കണ്ടെത്തുന്നതിന് സഹായകമാകുന്ന ഏറ്റവും പ്രധാനപ്പെട്ട അറസ്റ്റുകളാണ് ഇപ്പോൾ നടന്നിരിക്കുന്നത്.

To advertise here,

ദ്വാരപാലക ശിൽപത്തിൽ നിന്ന് സ്വർണം വേർതിരിച്ചെടുത്തത് പങ്കജ് ഭണ്ഡാരിയുടെ സ്മാർട്ട് ക്രിയേഷൻസ് കമ്പനിയിൽവെച്ചാണ്. ശിൽപങ്ങളിൽനിന്ന് വേർതിരിച്ചെടുത്ത് സ്വർണം വാങ്ങിയത് ഗോവർധനാണ്. സ്വർണം വാങ്ങിയ കേസിലാണ് ഗോവർധനെ അറസ്റ്റുചെയ്തിരിക്കുന്നത്. ബെല്ലാരിയിൽ നടന്ന തെളിവെടുപ്പിൽ 800 ഗ്രാമിലധികം സ്വർണം ഗോവർധന്റെ ജ്വല്ലറിയിൽനിന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

ശബരിമല തന്ത്രിയുടെ മൊഴിയിൽ നിന്നാണ് ഗോവർധനുമായുള്ള ബന്ധത്തിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുന്നത്. ഉണ്ണികൃഷ്ണൻ പോറ്റിയാണ് ഗോവർധനെ പരിചയപ്പെടുത്തിയതെന്നും അയാളുടെ ജ്വല്ലറിയിൽ പോയിട്ടുണ്ടെന്നും തന്ത്രി വെളിപ്പെടുത്തിയിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റിയെ സ്മാർട്ട് ക്രിയേഷൻസുമായി പരിചയപ്പെടുത്തിയത് ആരാണ് എന്ന അന്വേഷണമാണ് കൽപേഷിലേക്കും ഗോവർധനിലേക്കും അന്വേഷണ സംഘത്തെ എത്തിച്ചത്.

കൽപേഷാണ് ഈ സ്വർണം തട്ടിയെടുക്കലിന്റെ ഇടനിലക്കാരനായി നിന്നത് എന്ന നിഗമനത്തിലാണ് എസ്‌ഐടി എത്തിയിരിക്കുന്നത്. ഉണ്ണികൃഷ്ണൻ പോറ്റിയെ കസ്റ്റഡിയിൽ എടുക്കുന്നതിന് മുമ്പുതന്നെ എസ്‌ഐടി സംഘം അന്വേഷിച്ചത് കൽപേഷും ഗോവർധനും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ്. ഇവർ ആരാണ് എന്നും സ്വർണക്കൊള്ളയുമായി ഈ രണ്ടുപേരും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നുമാണ് എസ്‌ഐടി പ്രധാനമായും അന്വേഷിച്ചത്.

ഉണ്ണികൃഷ്ണൻ പോറ്റിയും പങ്കജ് ഭണ്ഡാരിയും തമ്മിൽ വളരെ അടുത്ത ബന്ധമുണ്ടായിരുന്നു എന്നതിനുള്ള തെളിവുകളും എസ്‌ഐടി കണ്ടെത്തിയിട്ടുണ്ട്. ഈ ബന്ധത്തിന്റെ പുറത്താണ് ശബരിമലയിൽ നിന്ന് കടത്തിക്കൊണ്ടുപോയ സ്വർണപ്പാളികൾ സ്മാർട്ട് ക്രിയേഷൻസിന്റെ ഓഫീസിലേക്ക് കൊണ്ടുപോയത്. അവിടെവെച്ചാണ് ദ്വാരപാലക ശിൽപങ്ങളിൽനിന്ന് സ്വർണം വേർതിരിച്ചെടുക്കുന്നത്. ഈ സ്വർണം കൽപേഷ് എന്ന ഇടനിലക്കാരൻ വഴിയാണ് ഗോവർധന് കൊടുത്തത് എന്നാണ് എസ്‌ഐടി സംഘത്തിന്റെ കണ്ടെത്തൽ.