കൊച്ചി: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റുകളുമായി പ്രത്യേക അന്വേഷണ സംഘം (SIT). കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ മേൽ സംശയമുണ്ട് എന്ന് ഹൈക്കോടതിയുടെ വിമർശനം വന്നതിന് തൊട്ടുപിന്നാലെയാണ് കേസിൽ എസ്‌ഐടി പുതിയ അറസ്റ്റുകൾ രേഖപ്പെടുത്തിയിരിക്കുന്നത്. സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരിയും ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർധനുമാണ് അറസ്റ്റിലായിരിക്കുന്നത്.

To advertise here,

ശബരിമലയിൽ നിന്ന് കൊണ്ടുപോയ സ്വർണം സ്മാർട്ട് ക്രിയേഷൻസിന്റെ ഓഫീസിൽ എത്തിച്ചാണ് വേർതിരിച്ചെടുത്തത് എന്ന് ഉണ്ണികൃഷ്ണൻ പോറ്റി നേരത്തേ മൊഴി നൽകിയിരുന്നു. അതുകൊണ്ടുതന്നെ സ്വർണവുമായി ബന്ധപ്പെട്ട തിരിമറിയിൽ സ്മാർട്ട് ക്രയേഷൻസ് ഉടമയ്ക്കും പങ്കുണ്ടെന്നും എസ്‌ഐടി വ്യക്തമാക്കിയിരുന്നു. ശബരിമലയിലെ സ്വർണക്കൊള്ള വഴി പങ്കജ് ഭണ്ഡാരിയും സാമ്പത്തിക നേട്ടമുണ്ടാക്കിയിട്ടുണ്ട് എന്നാണ് എസ്‌ഐടിയുടെ കണ്ടെത്തൽ.

ഇതിനെ തുടർന്നാണ് പങ്കജിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. മുമ്പ് രണ്ടുതവണ എസ്‌ഐടി പങ്കജിനെ ചോദ്യം ചെയ്തിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റിയെ അറസ്റ്റുചെയ്യുന്നതിന് തൊട്ടുമുമ്പാണ് ആദ്യം പങ്കജ് ഭണ്ഡാരിയെ പോലീസ് ചോദ്യം ചെയ്തിരുന്നത്. പിന്നീട്, ഒരാഴ്ച മുമ്പാണ് പങ്കജ് ഭണ്ഡാരിയെ കേരളത്തിലേക്ക് വിളിച്ചുവരുത്തി ക്രൈംബ്രാഞ്ച് ഒഫീസിൽവെച്ച് രണ്ടാമതും ചോദ്യം ചെയ്തത്.

ഉണ്ണികൃഷ്ണൻ പോറ്റിയേയും മുരാരി ബാബുവിനേയും പത്മകുമാറിനേയും അറസ്റ്റുചെയ്ത് റിമാൻഡ് ചെയ്ത ശേഷമായിരുന്നു ഈ നടപടി. പിന്നീട്, കുടുംബത്തിൽ ഇയാൾ പങ്കെടുക്കേണ്ട ഒരു അത്യാവശ്യ ചടങ്ങുണ്ട് എന്ന പറഞ്ഞതിന്റെ പേരിലാണ് അന്ന് പങ്കജ് ഭണ്ഡാരിയെ അന്വേഷണ സംഘം വിട്ടയച്ചത്. ഇന്ന് അന്വേഷണ സംഘം വീണ്ടും ഇയാളെ കസ്റ്റഡിയിൽ എടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ആയിരുന്നു. 

ശബരിമലയിലെ സ്വർണവുമായി ബന്ധപ്പെട്ട് ഉണ്ണികൃഷ്ണൻ പോറ്റി നിരന്തരം ബന്ധപ്പെട്ടിരുന്ന രണ്ടുപേരാണ് പങ്കജ് ഭണ്ഡാരിയും ബെല്ലാരിയിലെ ജ്വല്ലറി ഉടമയായ ഗോവർധനും. സ്വർണം വേർതിരിച്ചെടുക്കുന്നതിന് ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം ഉണ്ടായിരുന്നത് ഇവർ രണ്ടുപേരുമായിരുന്നു എന്നാണ് എസ്‌ഐടിയുടെ കണ്ടെത്തൽ. ഉണ്ണികൃഷ്ണൻ പോറ്റിയെ സ്മാർട്ട് ക്രിയേഷൻസിന് പരിചയപ്പെടുത്തിക്കൊടുത്തത് ഗോവർധനാണ്.