തടസ്സങ്ങളെല്ലാം നീങ്ങി ശബരി റെയിൽപ്പാത വീണ്ടും ഉണരുമ്പോൾ കാൽ നൂറ്റാണ്ടിന്റെ കാത്തിരിപ്പാണ് തീരുന്നത്. തലസ്ഥാനം വരെ മൂന്നു ഘട്ടമായി എത്തുന്ന പാതയുടെ ആദ്യ ഘട്ടമാണിത്. അങ്കമാലി - എരുമേലി പാത തീർഥാടകർക്ക് മാത്രമല്ല, മലയോരജനതയ്ക്കും പ്രയോജനകരമാണ്. പാതയിലെ 14 സ്റ്റേഷനുകളെക്കുറിച്ചും അവയുടെ സവിശേഷതകളെക്കുറിച്ചും അറിയാം
റെയിൽവേ പദ്ധതിക്ക് സംസ്ഥാനത്തിന്റെ പണം
ചരിത്രത്തിൽ ആദ്യമായാണ് റെയിൽവേ പദ്ധതിക്കായി പണം നൽകേണ്ടി വരുന്ന സാഹചര്യം ഒരു സംസ്ഥാന സർക്കാരിൽ നിക്ഷിപ്തമാകുന്നത്. നേരത്തെ, ദേശീയപാതയ്ക്കു ഭൂമിയേറ്റെടുക്കാൻ 5,580 കോടി രൂപ കിഫ്ബി വഴി സർക്കാർ ചെലവഴിച്ചിരുന്നു. പാത യാഥാർഥ്യമാക്കാൻ സംസ്ഥാനം ഭൂമി ഏറ്റെടുത്തു നൽകുമെന്ന് നിയമസഭയിൽ പി.എസ്. സുപാലിന്റെ സബ്മിഷനു മറുപടിയായി മന്ത്രി വി.അബ്ദുറഹ്‌മാൻ വ്യക്തമാക്കിയിരുന്നു. പദ്ധതി ചെലവിന്റെ 50 ശതമാനം കിഫ്ബി ഫണ്ടിങ്ങിലൂടെ വഹിക്കാമെന്ന് 2021-ൽ റെയിൽവെയെ അറിയിച്ചതാണ്. അന്ന് 2,815 കോടി രൂപയായിരുന്ന പദ്ധതിച്ചെലവ് ഇപ്പോൾ 3,800.9 കോടിയായി.
റെയിൽവെ ഉദ്യോഗസ്ഥരുടെയും ശബരിപാത കടന്നുപോവുന്ന ജില്ലകളിലെ കളക്ടർമാരുടെയും യോഗം ബുധനാഴ്ച മന്ത്രിയുടെ സാന്നിധ്യത്തിൽ ചേർന്നു. ഭൂമി ഏറ്റെടുക്കൽ നടപടികൾ ഊർജിതമാക്കാനായി റവന്യൂ ഓഫീസുകളും മറ്റും പുന:സ്ഥാപിക്കണമെന്ന് കളക്ടർമാർ ആവശ്യപ്പെട്ടു. പദ്ധതിയുടെ രൂപരേഖ മന്ത്രി കളക്ടർമാർക്കു കൈമാറി.
1: അങ്കമാലി
ദേശീയപാതയും എം.സി. റോഡും സംഗമിക്കുന്ന അങ്കമാലിക്കടുത്താണ് നെടുമ്പാശ്ശേരി അന്താരാഷ്ട്രവിമാനത്താവളം. ശബരിപാതക്കൂടിവരുന്നതോടെ വിവിധ ഗതാഗതസൗകര്യങ്ങളുടെ സംഗമസ്ഥലമാകും അങ്കമാലി. വാണിജ്യനഗരമായ അങ്കമാലിക്ക് കൂടുതൽ പ്രാധാന്യം കൈവരും; ചരക്കുനീക്കവും കൂടും. കിഴക്കൻജില്ലകളിൽനിന്നുള്ളവർക്ക് വിമാനത്താവളത്തിലെത്താൻ പുതിയ പാതയാകും. ടെൽക്ക്, ബാംബൂ കോർപ്പറേഷൻ തുടങ്ങിയപൊതുമേഖലാസ്ഥാപനങ്ങളും അങ്കമാലിയിലാണ്. നിലവിൽ അങ്കമാലിമുതൽ വാപ്പാലശ്ശേരി, നായത്തോട്, പിരാരൂർ, മറ്റൂർവഴി കാലടിവരെ ഏഴുകിലോമീറ്റർ പാത നിർമിച്ചിട്ടുണ്ട്.
പ്രമുഖ കേന്ദ്രങ്ങളിലേക്കുള്ള ദൂരം: കൊച്ചി വിമാനത്താവളം: 4.5 കി.മീ.
2: കാലടി
അദ്വൈതാചാര്യനായ ശങ്കരാചാര്യരുടെ ജന്മഭൂമിയായ കാലടി ഒട്ടേറെ തീർഥാടകരെത്തുന്ന സ്ഥലമാണ്. ശൃംഗേരി, കാഞ്ചി മഠങ്ങൾ, ശ്രീരാമകൃഷ്ണാശ്രമം എന്നിവയും പ്രശസ്തം. തീർഥാടകരെത്തുന്ന പ്രശസ്ത ക്രൈസ്തവകേന്ദ്രമായ മലയാറ്റൂർ പള്ളി ഇവിടെ അടുത്താണ്. സംസ്‌കൃത സർവകലാശാലയും ഇവിടെയാണ്. പ്രമുഖ അരിസംസ്‌കരണകേന്ദ്രമാണ്. ശബരിമലപ്പാത വന്നാൽ ചരക്കുഗതാഗതത്തിലും ഉണർവുവരും.
നിലവിൽ കാലടി റെയിൽവേ സ്റ്റേഷനും പെരിയാറിന് കുറുകെ ഒരു കിലോമീറ്ററുള്ള പാലവും പണിതിട്ടുണ്ട്.
പ്രമുഖ കേന്ദ്രങ്ങളിലേക്കുള്ള ദൂരം: ശങ്കരജന്മഭൂമി-5 കി.മീ. മലയാറ്റൂർ പള്ളി-8 കി.മീ.
3: പെരുമ്പാവൂർ
പെരുമ്പാവൂർ നഗരസഭയിൽ പട്ടാൽകോറി കല്ലുപാലം റോഡിലാണ് സ്റ്റേഷൻ വരുന്നത്.
പ്ലൈവുഡ് വ്യവസായമേഖലയാണ് ഇവിടം. സംസ്ഥാനത്ത് അതിഥിത്തൊഴിലാളികൾ ഏറെയുള്ള സ്ഥലം. പ്ലൈവുഡ്, സ്റ്റീൽ ഫർണിച്ചർ, പ്ലാസ്റ്റിക് വ്യവസായങ്ങളുടെ
കേന്ദ്രമായ പെരുമ്പാവൂരിന് വികസനത്തിന് പുതിയ സാധ്യതകൾ പാത തുറക്കും.
ഇടുക്കി, മൂന്നാറിന്റെ കവാടം എന്ന നിലയിലും പ്രാധാന്യം. നിലവിൽ റെയിലിനുവേണ്ടി കല്ലിട്ടുപോയിട്ടുണ്ട്. സ്ഥലം ഏറ്റെടുത്തിട്ടില്ല.
പ്രമുഖ കേന്ദ്രങ്ങളിലേക്കുള്ള ദൂരം:
ഇരിങ്ങോൾ കാവ് - 2 കി.മീ.,
കല്ലിൽ ഗുഹാക്ഷേത്രം-12 കി.മീ.
കോടനാട് അഭയാരണ്യം- 10 കി.മീ.
പാണിയേലി പോര് - 15 കി.മീ.
4: ഓടക്കാലി
അശമന്നൂർ പഞ്ചായത്തിൽ ഏക്കുന്നം പുറച്ചിറ റോഡിനടുത്താണ് ഓടക്കാലി സ്റ്റേഷൻ. നിലവിൽ റെയിലിനുവേണ്ടി കല്ലിട്ടുപോയിട്ടുണ്ട്. സ്ഥലം ഏറ്റെടുത്തിട്ടില്ല.
പ്രമുഖ കേന്ദ്രങ്ങളിലേക്കുള്ള ദൂരം: പെരുമ്പാവൂർ, കോതമംഗലം നഗരങ്ങൾ -10 കി.മീ.കല്ലിൽ ഗുഹാക്ഷേത്രം-5 കി.മീ.
5: കോതമംഗലം
കോതമംഗലത്തുനിന്ന് 2.7 കിലോമീറ്റർദൂരത്തിൽ വെണ്ടുവഴി ഇലവനാട് കനാൽഭാഗത്താണ് കോതമംഗലം സ്റ്റേഷൻ. ഹൈറേഞ്ചിന്റെ എറണാകുളം ജില്ലയിലെ കവാടമാണ് കോതമംഗലം.
റെയിൽപ്പാത വിനോദസഞ്ചാരമേഖലയ്ക്ക് ഉണർവേകും. പൈനാപ്പിൾ, വിവിധ സുഗന്ധവ്യഞ്ജനവസ്തുക്കൾ ഇവയുടെ വിപണനം സുഗമമാക്കും.
കല്ലിട്ടെങ്കിലും സ്ഥലമേറ്റെടുത്തിട്ടില്ല. വർഷങ്ങൾക്കുമുൻപ് ഇട്ട അതിർത്തിക്കല്ലുകൾ വീടുകൾക്കുസമീപം കാണാം.
പ്രമുഖ കേന്ദ്രങ്ങളിലേക്കുള്ള ദൂരം: തട്ടേക്കാട് സാലിം അലി പക്ഷിസങ്കേതം-15 കി.മീ.
ഭൂതത്താൻകെട്ട് വിനോദസഞ്ചാരകേന്ദ്രം-13.7 കി.മീ.
മൂന്നാർ പോകുന്ന വഴിയിലെ പ്രധാനസ്ഥലമായ നേര്യമംഗലം-22 കി. മീ.
6: മൂവാറ്റുപുഴ
മൂവാറ്റുപുഴയിൽ കിഴക്കേക്കരയിലാണ് സ്റ്റേഷൻ. സ്റ്റേഷൻ, ആസ്ഥാനത്തെ പ്രധാന ഗതാഗതകേന്ദ്രമാകും.
കിഴക്കേക്കരയും മൂവാറ്റുപുഴ-തേനി ഹൈവേയുടെ തുടക്കവും അടുത്താണ്. റെയിൽവേ സ്റ്റേഷന് തേനി ഹൈവേയിലേക്ക് നേരിട്ട് ബന്ധവുമുണ്ട്. ഇത് ബസ്-റെയിൽ സൗകര്യങ്ങൾക്ക് സഹായകമാകും. തമിഴ്‌നാട്ടിലേക്കുള്ള ഏറ്റവും ദൂരം കുറഞ്ഞ പാതയായ തേനി ഹൈവേയുടെ സാധ്യതകളും തുറക്കും.
7: വാഴക്കുളം
വാഴക്കുളം ടൗണിനടുത്ത് കല്ലൂർക്കാട് കവലയിൽനിന്ന് കല്ലൂർക്കാടേക്കുള്ള പ്രധാന വഴിയിൽ 200 മീറ്റർ ദൂരത്താണ് സ്റ്റേഷൻ. പൈനാപ്പിൾനഗരമായ വാഴക്കുളത്തേക്ക് റെയിൽവേ എത്തുന്നു എന്നതാണ് സ്റ്റേഷന്റെ പ്രാധ്യാന്യം. വാഴക്കുളത്തുനിന്ന് രണ്ടുകിലോമീറ്റർ അകലെ നടുക്കരയിൽ സ്ഥിതിചെയ്യുന്ന സർക്കാരിന്റെ കീഴിലുള്ള വാഴക്കുളം പൈനാപ്പിൾ കമ്പനി, പൈനാപ്പിൾ ഗവേഷണകേന്ദ്രം എന്നിവയാണ് സ്ഥലത്തെ പ്രധാന സ്ഥാപനങ്ങൾ. മഹാരാഷ്ട്ര, ഡൽഹി തുടങ്ങിയ പ്രധാന വിപണികളിലേക്ക് പൈനാപ്പിൾ കൊണ്ടുപോകാൻ റെയിൽവേലൈൻ വലിയതോതിൽ സഹായിക്കും. വിപണിയുടെയും കർഷകരുടെയും വളർച്ചയ്ക്ക് ഗുണകരം.
പ്രമുഖ കേന്ദ്രങ്ങളിലേക്കുള്ള ദൂരം:
തൊടുപുഴ-10 കി.മീ.
മൂവാറ്റുപുഴ-10 കി.മീ.
പൈനാപ്പിൾ മാർക്കറ്റ്- അര കി.മീ.
മൂവാറ്റുപുഴ സ്റ്റേഷൻ- 8 കി.മീ.
8: തൊടുപുഴ
ഇടുക്കി ജില്ലയിലെ ആദ്യ റെയിൽവേസ്റ്റേഷനാവും ഇത്. തൊടുപുഴയുടെ വികസനക്കുതിപ്പിന് കരുത്താകും. ഇടുക്കിയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളായ മൂന്നാർ, തേക്കടി, വാഗമൺ എന്നിവിടങ്ങളിലേക്ക് റോഡുമാർഗം വേഗത്തിലെത്താം. ലോകത്തെ ഏറ്റവും ഗുണനിലവാരമുള്ള ഏലം ഉത്പാദിപ്പിക്കുന്നത് കുമളി മുതൽ ശാന്തൻപാറവരെയുള്ള ഏലമലക്കാടുകളിലാണ്.പുല്ലുമേട്ടിലെ കാനനപാതവഴി സന്നിധാനത്തേക്ക് പോകുന്ന ഒട്ടേറെ ഭക്തരുണ്ട്. അയൽസംസ്ഥാനങ്ങളിൽനിന്നും ട്രെയിനിലെത്തിയാൽ, മൂന്നുമണിക്കൂറിൽ വണ്ടിപ്പെരിയാറിലെത്തി പുല്ലുമേട്ടിലേക്ക് പോകാം.തൊടുപുഴ വെങ്ങല്ലൂർ-കോലാനി ബൈപ്പാസിനുസമീപമാണ് സ്റ്റേഷൻ.
പ്രമുഖ കേന്ദ്രങ്ങളിലേക്കുള്ള ദൂരം
മൂന്നാർ-75 കി.മീ.
വാഗമൺ-42 കി.മീ.
തേക്കടി-87 കി.മീ.
പുല്ലുമേട്-69 കി.മീ.
9: കരിങ്കുന്നം
കരിങ്കുന്നത്തുനിന്ന് നെല്ലാപാറയിലേക്കുള്ള ബൈപ്പാസ് റോഡിന് സമീപമാണ് കരിങ്കുന്നം സ്റ്റേഷൻ നിർമിക്കുന്നത്.
ഇടുക്കി-കോട്ടയം ജില്ലകളുടെ അതിർത്തി മേഖലയാണിത്. റെയിൽവേ സ്റ്റേഷൻ വരുന്നത് റബ്ബർ മേഖലയ്ക്ക് കൂടുതൽ നേട്ടമാകും. പ്രദേശത്തിന്റെ വ്യാവസായികവികസനത്തിനും വിനോദസഞ്ചാര മേഖലയുടെ വികസത്തിനും പദ്ധതി ഗുണംചെയ്യും.
പ്രമുഖ കേന്ദ്രങ്ങളിലേക്കുള്ള ദൂരം:
പാലാ-21 കി.മീ.
തൊടുപുഴ-10 കി.മീ.
10: രാമപുരം
കോട്ടയംജില്ലയിലെ ശബരി റെയിലിന്റെ ആദ്യസ്റ്റേഷനായ രാമപുരം സ്റ്റേഷൻ പിഴകിലാണ്. ഇവിടെവരെ സ്ഥലം അളന്ന് കല്ലിട്ടുതിരിച്ചു.
കർക്കടകത്തിലെ നാലമ്പലതീർഥാടനത്തിന് പ്രസിദ്ധമായ രാമപുരം ക്ഷേത്രം സമീപത്താണ്. പ്രശസ്തമായ രാമപുരം പള്ളിയും ഇവിടെയാണ്.
പ്രമുഖ കേന്ദ്രങ്ങളിലേക്കുള്ള ദൂരം:
രാമപുരം ക്ഷേത്രം-4 കി.മീ.
കൂത്താട്ടുകുളം -16 കി.മീ.
11: ഭരണങ്ങാനം
ഇവിടേക്ക് പാതയ്ക്കായി സർവേ നടന്നിട്ടില്ല. സ്ഥലം നിശ്ചയിച്ചിട്ടില്ല. സർവേയും നടന്നിട്ടില്ല. ഏറ്റുമാനൂർ-പൂഞ്ഞാർ റോഡിൽ മേലമ്പാറയിൽ സ്റ്റേഷൻ വരുമെന്നാണ് കരുതുന്നത്. ഏറെ വിശ്വാസികളെത്തുന്ന വിശുദ്ധ അൽഫോൺസാമ്മയുടെ പേരിലുള്ള പ്രസിദ്ധ ക്രൈസ്തവതീർഥാടനകേന്ദ്രം അടുത്താണ്. വാഗമൺ ഉൾപ്പെടെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കെത്തുന്നവർക്ക് സഹായകം.
പ്രമുഖ കേന്ദ്രങ്ങളിലേക്കുള്ള ദൂരം:
പാലാ-8 കി.മീ.
വാഗമൺ-30 കി.മീ.
ഇലവീഴാപൂഞ്ചിറ-29 കി.മീ.
ഇല്ലിക്കൽക്കല്ല് -25 കി.മീ.
12: ചെമ്മലമറ്റം
ഈരാറ്റുപേട്ട റോഡിലെ ചെമ്മലമറ്റത്തും സ്റ്റേഷൻ വരും. സർവേ നടന്നിട്ടില്ല. സ്ഥലവും നിശ്ചയിച്ചിട്ടില്ല.
13: കാഞ്ഞിരപ്പള്ളി
റോഡ്
കെ.കെ. റോഡിൽ പാറത്തോടിന് സമീപമാവും സ്റ്റേഷൻ എന്ന് കരുതുന്നു. സർവേ നടന്നിട്ടില്ല.
ഇടുക്കിയുടെ മലയോരമേഖലയിലുള്ളവർക്കാണ് കാഞ്ഞിരപ്പള്ളി സ്റ്റേഷൻ ഏറെ പ്രയോജനപ്പെടുക.
തേക്കടി, പരുന്തുംപാറ, കുട്ടിക്കാനം, പീരുമേട് തുടങ്ങിയ വിനോദകേന്ദ്രങ്ങളിലേക്കെത്താൻ എളുപ്പം. തേയിലയുടെയും സുഗന്ധവ്യഞ്ജനങ്ങളുടെയും വിപണനത്തിനും ഗുണംചെയ്യും.
പ്രമുഖ കേന്ദ്രങ്ങളിലേക്കുള്ള ദൂരം:
കുട്ടിക്കാനം-36 കി.മീ.
പീരുമേട്-43 കി.മീ
കുമളി-68 കി.മീ
തേക്കടി-70 കി.മീ.
രാമക്കൽമേട്-97 കി.മീ.
കട്ടപ്പന-75 കി.മീ.
പഞ്ചാലിമേട്-34 കി.മീ.
പരുന്തുംപാറ-47 കി.മീ.
കമ്പം-93 കി.മീ
14: എരുമേലി
ശബരിമലതീർഥാടർക്കായി വിഭാവനംചെയ്ത പാതയുടെ അവസാന സ്റ്റേഷനാണിത്. സർവേ നടന്നിട്ടില്ല.
സ്ഥലവും നിശ്ചയിച്ചിട്ടില്ല.
എരുമേലി ഗ്രാമപ്പഞ്ചായത്തിലെ ചെറുവള്ളി എസ്റ്റേറ്റിൽ ശബരിമല വിമാനത്താവളവും വരുന്നുണ്ട്. തീർഥാടനത്തിൽ വലിയ വികസനവും സൗകര്യങ്ങളുമാണ് ഇതോടെ വരുന്നത്.
ലക്ഷക്കണക്കിന് ശബരിമലഭക്തരെത്തി പേട്ടതുള്ളുന്ന സ്ഥലമാണ്. പേട്ട ശാസ്താക്ഷേത്രവും വാവരുപള്ളിയും സമീപമുണ്ട്.
പ്രമുഖ കേന്ദ്രങ്ങളിലേക്കുള്ള ദൂരം:
പമ്പ -51 കി.മീ.
കോട്ടയം-52 കി.മീ.
പത്തനംതിട്ട-35 കി.മീ.
മുണ്ടക്കയം-16 കി.മീ.
റിപ്പോർട്ടുകൾ: ബി. രാജീവ്, എ.കെ. ജയപ്രകാശ്, എം.എസ്. സന്തോഷ്,പി.എസ്. രാജേഷ്,ജോമോൻ എബ്രഹാം
ഏകോപനം : കെ ഉണ്ണികൃഷ്ണൻ
Content Highlights: Discover the 14 stations of the Angamaly-Erumely Sabari Rail line
Published: 05 Feb 2026, 08:26 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented