
പത്തനംതിട്ട: ശബരിമലയിലെ പൂജാസാധനങ്ങളുടെ പേരിലുള്ള തട്ടിപ്പിനെക്കുറിച്ചുള്ള ദേവസ്വം വിജിലൻസ് റിപ്പോർട്ടിൽ ഗണപതിഹോമത്തിലെ ക്രമക്കേടും. ഒരു ഗണപതിഹോമത്തിന് 50 രൂപവീതം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർമാർ എഴുതിയെടുക്കുന്നു എന്നാണ് കണ്ടെത്തൽ. ഗണപതിഹോമത്തിന് ആവശ്യമായ അവൽ, മലർ, ശർക്കര, നെയ്യ്, കൊപ്ര, തേൻ തുടങ്ങിയവ സൗജന്യമായി കിട്ടുന്നവയിൽനിന്ന് എഴുതിയെടുക്കുകയാണ് ചെയ്യുന്നത്.
എന്നാൽ, ദേവസ്വം വിജിലൻസിന്റെ റിപ്പോർട്ടിലെ പരാമർശങ്ങൾ വസ്തുതാവിരുദ്ധമാണെന്ന നിലപാടിലാണ് ജീവനക്കാർ. ക്ഷേത്രങ്ങളിലെ വഴിപാടുമായി ബന്ധപ്പെട്ട് വാങ്ങേണ്ട സാധനങ്ങളുടെ കാര്യങ്ങളടക്കം ദേവസ്വം മാന്വലിൽ പറയുന്നുണ്ട്. അതിനു വിരുദ്ധമായി ശബരിമലയിൽ ഒന്നും നടന്നിട്ടില്ലെന്നാണ് ജീവനക്കാർ പറയുന്നത്. ഹൈക്കോടതിയുടെ പരിഗണനയിലേക്ക് വിഷയം എത്തുമ്പോൾ അതിന്റെ വിശദാംശങ്ങൾ അറിയിക്കുമെന്നതിനാൽ, ബോർഡ് ഭാരവാഹികൾ പ്രതികരിച്ചില്ല.
സന്നിധാനത്ത് ഇടപെടൽ നടത്തുന്നതിന്റെപേരിൽ ഹൈക്കോടതി വിലക്ക് ഏർപ്പെടുത്തിയ കൊല്ലം സ്വദേശിയായ വ്യവസായി സുനിൽകുമാർ (സുനിൽ സ്വാമി) വാങ്ങിക്കൊടുക്കുന്ന സാധനങ്ങൾ ഉപയോഗിച്ചാണ് ഗണപതിഹോമം നടത്തുന്നതെന്ന് വിജിലൻസ് ആരോപിക്കുന്നു. പുലർച്ചെ നട തുറന്നശേഷമാണ് ഗണപതിഹോമം നടക്കുന്നത്. അയ്യപ്പന്മാർ ഗണപതിഹോമത്തിന്റെ രസീത് എഴുതുന്നതിനു നൽകുന്നതും ഇതിന്റെ പ്രസാദമാണ്.
ഓരോ രസീതിനും വെവ്വേറെ ഗണപതിഹോമം നടത്തുമ്പോൾ ചെലവ് കുറയേണ്ടതല്ലേ എന്ന ചോദ്യം വിജിലൻസ് ചോദിക്കുന്നു. എന്നാൽ, രസീത് എഴുതുന്ന അയ്യപ്പന്മാർക്ക് പ്രസാദം നൽകുന്നതിന്റെ അളവ് കുറയ്ക്കാൻ കഴിയില്ലെന്ന വാദം ജീവനക്കാർ ഉയർത്തുന്നു. ഈ വിവരങ്ങളെക്കുറിച്ച് വിജിലൻസ് മനസ്സിലാക്കിയിട്ടില്ലെന്നാണ് ജീവനക്കാർ പറയുന്നത്.
സുനിൽ സ്വാമി സാധനങ്ങൾ നൽകുന്നത് ദേവസ്വം ബോർഡ് എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണെന്ന വാദവും ജീവനക്കാരിൽനിന്നുയരുന്നുണ്ട്.
വിജിലൻസിന്റെ ശുപാർശകൾ
- അഷ്ടാഭിഷേകത്തിന് 300 രൂപ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർമാർ എഴുതിയെടുക്കുന്നത് അവസാനിപ്പിക്കണം.
- സുനിൽ സ്വാമി നൽകിയിരിക്കുന്ന സാധനങ്ങൾ സന്നിധാനം സ്റ്റോർ സൂപ്രണ്ട് ബന്തവസ്സിലെടുക്കണം. രജിസ്റ്ററിൽ ചേർക്കണം.
- ശബരിമലയിലേക്കുള്ള പൂജാസാധനങ്ങൾ പമ്പയിലെ ഭക്ഷ്യസുരക്ഷാ ലാബിൽ പരിശോധിക്കണം.
- അയ്യപ്പന്മാർ ഇരുമുടിക്കെട്ടിൽ കൊണ്ടുവരുന്ന ചന്ദനത്തിരി, കർപ്പൂരം, പനിനീർ തുടങ്ങിയവയിൽ ഗുണമേന്മയുള്ളവ തിരഞ്ഞെടുത്ത് സന്നിധാനത്തെ ആവശ്യത്തിന് ഉപയോഗിക്കണം.
- ശബരിമലയിൽ ചെലവ് എഴുതിയെടുത്ത തുകയ്ക്ക് ബില്ലും വൗച്ചറും ഉണ്ടോ എന്ന് സംസ്ഥാന ഓഡിറ്റ് വിഭാഗം പരിശോധിക്കണം.
Content Highlights: Devaswom Vigilance identifies irregularities in Ganapathi Homam expenses., Allegations of administrative officers claiming 50 rupees per ritual., Staff members deny allegations, citing adherence to Devaswom manual., Involvement of businessman Sunil Swami under High Court scrutiny., Vigilance recommends strict auditing and food safety checks for pooja items.
Published: 18 May 2026, 12:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented