
ശബരിമല: ആവശ്യത്തിന് ദിവസവേതനക്കാരില്ലാത്തതിനെത്തുടർന്ന് ശബരിമലയിലെ കാണിക്കയെണ്ണൽ പ്രതിസന്ധിയിലേക്ക്. മണ്ഡല-മകരവിളക്ക് സീസണിൽ 2000 ദിവസവേതനക്കാരെയാണ് ദേവസ്വം ബോർഡിന് വേണ്ടിയിരുന്നത്. എന്നാൽ, 1500 പേരാണ് എത്തിയത്. മണ്ഡലസീസൺ കഴിഞ്ഞപ്പോൾ 300 പേർ വിവിധ കാരണങ്ങൾകൊണ്ട് പിരിഞ്ഞുപോയി. നിലവിൽ 1200 പേരാണുള്ളത്. കാണിക്കയെണ്ണാൻ 400 പേരെങ്കിലും വേണമെന്നാണ് ദേവസ്വം ബോർഡ് അധികൃതർ പറയുന്നത്.
മകരവിളക്കിന് ദിവസങ്ങൾമാത്രം ബാക്കിനിൽക്കേ, ആളെ കിട്ടിയില്ലെങ്കിൽ കാണിക്കയെണ്ണൽ വലിയ പ്രതിസന്ധിയിലാകും. ദേവസ്വം ബോർഡ് ജീവനക്കാർക്ക് മറ്റ് ഡ്യൂട്ടികളുള്ളതിനാൽ ഇവരെ കാണിക്കയെണ്ണൽ ഡ്യൂട്ടിയിലേക്ക് മാറ്റാനും കഴിയില്ല. ആരോഗ്യമുള്ള, 18-നും 65-നുമിടയിൽ പ്രായമുള്ളവരെയാണ് ദിവസവേതനാടിസ്ഥാനത്തിൽ മണ്ഡല-മകരവിളക്ക് സീസണിൽ നിയമിക്കുന്നത്. 650 രൂപയാണ് കൂലി. കാണിക്കയെണ്ണുന്നവർക്ക് 50 രൂപ അധികമായി നൽകും.
പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും(പിസിസി) ആധാർ കാർഡും രണ്ട് ഫോട്ടോയുമാണ് വേണ്ടത്. ശുചീകരണം, കാണിക്കയെണ്ണൽ, ഭക്തർക്ക് ചുക്കുവെള്ളവിതരണം, ആഹാരം വിളമ്പൽ, ബിസ്കറ്റ് വിതരണം തുടങ്ങിയ ജോലികളാണ് ദിവസവേതനക്കാർ ചെയ്യേണ്ടത്. വിമുക്തഭടന്മാരാണെങ്കിൽ സുരക്ഷാജീവനക്കാരായി നിയമിക്കും. യൂണിഫോമും താത്കാലിക തിരിച്ചറിയൽ കാർഡും താമസവും ഭക്ഷണവും നൽകും.
വരുംകാലങ്ങളിൽ ശബരിമലയിൽ ജീവനക്കാരുടെ എണ്ണത്തിലും കുറവുണ്ടാകാൻ സാധ്യതയുണ്ടെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ദേവസ്വം ബോർഡിൽ പുതുതായി വരുന്ന ഉദ്യോഗസ്ഥരിലേറെയും സ്ത്രീജീവനക്കാരാണ്. അതാണ് കാരണമായി ചൂണ്ടിക്കാട്ടുന്നത്.
Content Highlights: Sabarimala Seeks Temporary Workers Amidst Hundi Counting Crisis
Published: 02 Jan 2026, 10:17 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented