തിരുവനന്തപുരം: ശുചീകരണ പ്രവൃത്തികൾ മുടങ്ങിയതും വെള്ളത്തിന്റെ ഒഴുക്കുതടസ്സപ്പെട്ടതുമാണ് ദുരിതപ്പെയ്ത്തിൽ ഒറ്റദിവസംകൊണ്ട് നഗരത്തെ വെള്ളത്തിലാക്കിയതെന്നാണ് വിലയിരുത്തൽ. നഗരത്തിലെ പ്രധാന തോടുകളും ഓടകളും സമയബന്ധിതമായി വൃത്തിയാക്കാൻ കോർപ്പറേഷന് കഴിഞ്ഞിട്ടില്ലെന്നും പരാതിയുണ്ട്. ഇതുമൂലം ഓവുചാലുകൾ മാലിന്യംനിറഞ്ഞ്‌ കവിഞ്ഞു. മഴപെയ്താൽ വെള്ളം സുഗമമായി ഒഴുകിപ്പോകാൻ സംവിധാനമില്ല. ആമയിഴഞ്ചാൻ തോട്ടിൽ മാലിന്യംതള്ളുന്നതും മറ്റൊരു വെല്ലുവിളിയാണ്. ഇതേത്തുടർന്ന് ചെറിയ തോടുകളിലടക്കം വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെടുന്നതും വെള്ളക്കെട്ടിന് പ്രധാന കാരണമാകുന്നു.

To advertise here,

തോടുകളും ഓടകളും വൃത്തിയാക്കാൻ കോർപ്പറേഷനിൽ മതിയായ ജീവനക്കാർ ഇല്ലെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. തോട്ടിൽ അടിഞ്ഞുകൂടിയ ചെളിയും ഒഴുക്കിനു തടസ്സമായിനിൽക്കുന്ന പാഴ്മരങ്ങളും നീക്കിയിട്ടില്ല. കഴിഞ്ഞദിവസം പെയ്ത മഴയിൽ തമ്പാനൂരിൽ വെള്ളക്കെട്ട് ഉണ്ടായപ്പോൾ പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ഓട വൃത്തിയാക്കിയത്. മഴ മുന്നറിയിപ്പ് ഉണ്ടായിട്ടും കോർപ്പറേഷന്റെ പ്രതിരോധ നടപടികൾ പാളിയെന്നും പരാതിയുണ്ട്.

അതേസമയം, മഴയിൽ നഗരം വെള്ളക്കെട്ടിലാകാൻ കാരണം സ്മാർട് സിറ്റി റോഡുകളിലെ നടപ്പാതകളിൽ ഓടയിലേക്കു വെള്ളംപോകാൻ സ്ഥാപിച്ച വലയ്ക്കു വലുപ്പമില്ലാത്തതുകൊണ്ടാണെന്ന് കോർപ്പറേഷൻ അധികൃതർ അറിയിച്ചു. വലയുടെ അഴികൾ ചെറുതായതിനാൽ മഴവെള്ളം പൂർണമായും ഒഴുകിപ്പോകുന്നില്ല. എസ്.എസ്.കോവിൽ റോഡ്, കിഴക്കേക്കോട്ട, പാറ്റൂർ, വഞ്ചിയൂർ തുടങ്ങിയ സ്ഥലങ്ങളിൽ മഴവെള്ളം കൃത്യമായി ഓടകളിലേക്ക് എത്തുന്നില്ല. നഗരത്തിൽ മാലിന്യംനീക്കുന്നതും അവതാളത്തിലായെന്ന് കോർപ്പറേഷൻ എൽ.ഡി.എഫ്. പാർലമെന്ററി പാർട്ടി ലീഡർ എസ്.പി.ദീപക് പറഞ്ഞു.

ഉത്തരവാദിത്വം ഏറ്റെടുക്കാതെ മറ്റ് വകുപ്പുകളുടെ തലയിൽ മേയർ പഴിചാരുന്നു. കുടിവെള്ള പ്രശ്‌നമുണ്ടായപ്പോൾ വാട്ടർ അതോറിറ്റിയെയും തെരുവുവിളക്കുകൾ കത്താതിരുന്നപ്പോൾ കെ.എസ്.ഇ.ബി.യെയും മേയർ കുറ്റപ്പെടുത്തി. നഗരത്തിന്റെ അടിസ്ഥാന പ്രശ്‌നങ്ങളിൽ കോർപ്പറേഷൻ ശാശ്വതപരിഹാരം കാണുന്നില്ലെന്നും റീൽസ് പ്രചാരണം മാത്രമാണ് നടത്തുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നഗരത്തിൽ ഒരുമണിക്കൂർ പെയ്ത മഴയിൽ ലഭിച്ചത് 91.2 മില്ലീമീറ്റർ മഴയാണ്. കനത്ത മഴയിൽ തിരുവനന്തപുരം ജനറൽ ആശുപത്രിയും മുങ്ങി. നഗരത്തിലെ വെള്ളക്കെട്ട് നേരിടുന്നതിൽ കോർപ്പറേഷൻ ഭരണസമിതി സമ്പൂർണ പരാജയമാണെന്ന് സി.പി.ഐ. ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ പറഞ്ഞു. ബി.ജെ.പി.യുടെ ഭരണത്തിൽ നഗരം മാലിന്യക്കൂമ്പാരമായെന്ന് മുൻ മന്ത്രി എം.ബി.രാജേഷ് പഞ്ഞു. വെള്ളക്കെട്ടിൽ കോർപ്പറേഷനെ കുറ്റപ്പെടുത്താൻ ഇല്ലെന്ന് മന്ത്രി സി.പി.ജോൺ പറഞ്ഞു. അപ്രതീക്ഷിതമായ മഴയാണ് പ്രതിസന്ധിക്ക് കാരണമെന്നും ഒരുദിവസം കൊണ്ട് പെയ്യുന്ന മഴ ഒരുമണിക്കൂറിൽ പെയ്തതാണ് പ്രശ്നമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അപ്രതീക്ഷിതമായ മഴ വെള്ളക്കെട്ടിന്‌ കാരണം-മേയർ

അപ്രതീക്ഷിതമായി മഴ കനത്തതാണ് വെള്ളക്കെട്ടിനു പ്രധാന കാരണമെന്ന് മേയർ വി.വി.രാജേഷ് പറഞ്ഞു. ശുചീകരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ജീവനക്കാരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ പരിശോധിക്കും. വെള്ളക്കെട്ട് ഉണ്ടായ പ്രദേശങ്ങൾ മേയർ സന്ദർശിച്ച പശ്ചാത്തലത്തിലാണിത്. ഉയർന്ന പ്രദേശങ്ങളിൽനിന്നും വെള്ളം വരുമ്പോൾ ഒഴുകിപ്പോകാൻ സംവിധാനമില്ല. വെള്ളത്തിന് തടസ്സമില്ലാതെ ഒഴുകിപ്പോകാൻ പാകത്തിൽ വലുപ്പമുള്ള ഓടകൾ ഇല്ല. ചെറിയ സ്ഥലങ്ങളിൽ ഗ്രില്ലാണ് ഉപയോഗിച്ചിട്ടുള്ളത്. എന്നാൽ, ചെറിയ പേപ്പർ അടിഞ്ഞാലും വെള്ളത്തിന്റെ ഒഴുക്ക്‌ തടസ്സപ്പെടും. നഗരശുചീകരണം സമയബന്ധിതമായി നടത്തുന്നുണ്ടെന്നും സ്മാർട് സിറ്റി, കേരള റോഡ് ഫണ്ട് ബോർഡ്, പൊതുമരാമത്ത് തുടങ്ങിയ വകുപ്പുകളുടെകീഴിൽ വരുന്ന ഓടകളും തോടുകൾ വൃത്തിയാക്കാത്തതാണ് മാലിന്യം അടയുന്നത്. 40 വർഷമായി നഗരത്തിൽ വികസനത്തിന്റെപേരിൽ യാതൊന്നും ചെയ്യാത്ത സി.പി.എമ്മാണ് കോർപ്പറേഷൻ ഭരണസമിതിയെ കുറ്റപ്പെടുത്തുന്നത്. കോർപ്പറേഷൻ ജീവനക്കാർ ശുചീകരണപ്രവർ‌ത്തനങ്ങൾ നടത്തിവരുന്നു.

നഗരത്തിലെ കുടിവെള്ള, വെള്ളക്കെട്ട് പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഡിസംബർ 15-ന് മുഖ്യമന്ത്രി യോഗം വിളിച്ചിട്ടുണ്ടെന്നും മേയർ കൂട്ടിച്ചേർത്തു.

പോലീസ് ഉദ്യോഗസ്ഥർക്ക് അഭിനന്ദനം

തമ്പാനൂരിലെ വെള്ളക്കെട്ടിൽ അടിയന്തരമായി ഇടപെടൽ നടത്തിയ തമ്പാനൂർ സി.ഐ. വി.എസ്.വിപിന്റെ നേതൃത്വത്തിലുള്ള തമ്പാനൂർ പോലീസ് സ്‌റ്റേഷൻ, ട്രാഫിക് യൂണിറ്റ്, എ.ആർ.ക്യാമ്പ് ഉദ്യോഗസ്ഥരെ സിറ്റി പോലീസ് കമ്മിഷണർ ഡോ. അരുൾ ആർ.ബി.കൃഷ്ണ അഭിനന്ദിച്ചു.