ശബരിമല: ശ്രീകോവിലിനുള്ളിലെ അയ്യപ്പന്റെയും മാളിപ്പുറത്തമ്മയുടെയും വിഗ്രഹങ്ങളുടെ ഫോട്ടോയും വീഡിയോയും ചിത്രീകരിച്ച് പ്രചരിപ്പിക്കുന്നത് കൂടുന്നതായി രഹസ്യാന്വേഷണ വിഭാഗം. ഇതിന്റെ അടിസ്ഥാനത്തിൽ ദേവസ്വം വിജിലൻസ് സംഘം അന്വേഷണം നടത്തി റിപ്പോർട്ട് നൽകി. വിലക്ക് ലംഘിച്ച് ചിത്രീകരിക്കുന്നവരെ അറസ്റ്റ് ഉൾപ്പെടെയുള്ള കർശന നിയമ നടപടിയിലേക്ക് കടക്കാൻ പോലീസ് തീരുമാനിച്ചിട്ടുണ്ട്.
ദൃശ്യങ്ങൾ പകർത്തുന്നവരുടെ ഫോണുകളും ക്യാമറകളും പോലീസ് പിടിച്ചെടുക്കും. ശബരിമല സന്നിധാനം ശ്രീകോവിലിനുള്ളിലെ അയ്യപ്പവിഗ്രഹം, പതിനെട്ടാംപടി, മേൽത്തിരുമുറ്റം എന്നിവിടങ്ങളിലും മാളികപ്പുറത്തും മൊബൈൽ ഫോണോ ക്യാമറയോ ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്തുന്നത് കേരള ഹൈക്കോടതിയും കർശനമായി വിലക്കിയിട്ടുണ്ട്.
സാമൂഹിക മാധ്യമങ്ങളിൽ റീലുകൾ പോസ്റ്റ് ചെയ്യാനും വ്‌ളോഗുകൾ തയ്യാറാക്കാനുമാണ് മൊബൈൽ ഫോൺ ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്തുന്നത്. കൂടാതെ സാമൂഹിക മാധ്യമ ഗ്രൂപ്പുകളിൽ പ്രചരിപ്പിക്കുന്നതിനും ദൃശ്യങ്ങൾ എടുക്കുന്നുണ്ടെന്നാണ് പോലീസ് കരുതുന്നത്.
ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് മൊബൈൽ ചിത്രീകരണം
ദർശനത്തിനായി തിരുനടയിൽ എത്തുന്നതിന് മുൻപ് മൊബൈൽ ഫോണിലെ വീഡിയോ തുറന്ന് ഷർട്ടിന്റെ മുൻവശത്തെ കീശയിലോ ഇരുമുടി കെട്ടിലോ ഒളിപ്പിച്ച് സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ചാണ് യൂട്യൂബർമാർ ചിത്രീകരണം നടത്തുതെന്നാണ് കണ്ടെത്തിയത്.
ഇത് പിന്നീട് ചിത്രീകരണം അനുവദനീയമായ സ്ഥലങ്ങളിലെ ദൃശ്യങ്ങൾ കൂടി എഡിറ്റ് ചെയ്ത് ചേർക്കും. തുടർന്ന് സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിക്കും. ലൈക്കും, ഷെയറും ലഭിക്കാൻ വേണ്ടിയാണ് യൂട്യൂബർമാർ ഇങ്ങിനെ ചെയ്യുന്നത്.
എന്നാൽ മറ്റുചിലർ നാട്ടിലെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് അയക്കുകയാണ്. സാമൂഹിക വിരുദ്ധരും തീവ്രവിഭാഗത്തിൽപ്പെട്ടവരും ഇത്തരം വീഡിയോകൾ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗം പറയുന്നത്.
യൂട്യൂബർക്കെതിരെ കേസ്
ക്ഷേത്രാചാരങ്ങൾക്കും സുരക്ഷയ്ക്കും ഭീഷണിയാകുന്ന ചിത്രീകരണത്തിനെതിരെ പോലീസും ദേവസ്വം ബോർഡും കർശന നടപടി കർശനമാക്കി. ശബരിമല നട അടച്ച സമയത്തെ വീഡിയോ ചിത്രീകരിച്ച് സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച റാന്നി സ്വദേശിയായ യൂട്യൂബർക്കെതിരെ കേസെടുത്തിരുന്നു.
നടയച്ചശേഷമുള്ള ശബരിമലക്കാഴ്ച എന്ന പേരിൽ ആളൊഴിഞ്ഞ പതിനെട്ടാം പടിയും കൊടിമരത്തിന്റെ ഭാഗങ്ങളും കാണിച്ചാണ് വീഡിയോ ചിത്രീകരിച്ചത്. പിന്നീട് വീഡിയോ നീക്കം ചെയ്തു.
രണ്ട് വർഷം മുൻപ് തമിഴ്‌നാട് സ്വദേശി അയ്യപ്പ വിഗ്രഹം ചിത്രീകരിച്ച് ശബരിമലയിൽ തന്നെ വില്പന നടത്താൻ ശ്രമിച്ച സംഭവമുണ്ടായിരുന്നു.
പ്രധാന നിയന്ത്രണങ്ങൾ
- ശ്രീകോവിലിനുള്ളിലെ പ്രതിഷ്ഠയുടെ ദൃശ്യങ്ങൾ പകർത്തുന്നത് ക്ഷേത്രാചാരങ്ങൾക്ക് വിരുദ്ധം
- സോപാനത്ത് നിന്ന് ചടങ്ങുകൾ പകർത്തരുത്.
- മേൽത്തിരുമുറ്റത്ത് ഫോട്ടോ, വീഡിയോ ചിത്രീകരിക്കാനോ പാടില്ല.
- ശബരിമല പ്രത്യേക സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചിട്ടുള്ളതിനാൽ ഡ്രോണുകൾ ഉൾപ്പെടെയുള്ളവയ്ക്ക് നിരോധനം.
- അംഗീകൃത മാധ്യമപ്രവർത്തകർക്ക് നിശ്ചിത സ്ഥലങ്ങളിൽ നിന്ന് മാത്രമേ ചിത്രീകരണത്തിന് അനുമതിയുള്ളൂ.
Content Highlights: Increased unauthorized photography and videography of sacred idols at Sabarimala have prompted investigations and strict police actions, including arrests and confiscation of devices. Social media influencers are secretly capturing footage for online content, bypassing security measures, which poses a threat to temple traditions and security. Legal actions have been taken against violators, with strict regulations in place prohibiting photography in specific temple areas and the use of drones.
Published: 26 Nov 2026, 08:56 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented