
കാഞ്ഞങ്ങാട് : തിരുവോണം ബംബറിന് പിന്നാലെ കേരള ഭാഗ്യക്കുറിയുടെ പൂജാ ബംബർ ടിക്കറ്റ് വില്പനയിലും റെക്കോഡ്. അച്ചടിച്ച 45 ലക്ഷം ടിക്കറ്റുകളും വിറ്റു. 12 കോടി രൂപ ഒന്നാംസമ്മാനമുള്ള ബംബർ ടിക്കറ്റിന്റെ നറുക്കെടുപ്പ് ശനിയാഴ്ചയാണ്. കഴിഞ്ഞവർഷം 40 ലക്ഷം ടിക്കറ്റുകളിൽ 39,10,660 ടിക്കറ്റുകളാണ് വിറ്റിരുന്നത്.
2023-ലും 2024-ലും 45 ലക്ഷം ടിക്കറ്റുകൾ അച്ചടിച്ചിരുന്നു. എന്നാൽ ആറുലക്ഷത്തോളം ടിക്കറ്റുകൾ രണ്ടുവർഷവും ബാക്കിയായിരുന്നു. ഇതേ തുടർന്നാണ് കഴിഞ്ഞവർഷം അച്ചടി കുറച്ച് 40 ലക്ഷം ടിക്കറ്റുകളാക്കിയത്. ഈ വർഷം എല്ലാ ബംബർ ടിക്കറ്റുകളുടെയും വില്പന റെക്കോഡായിരുന്നു. പ്രതിദിന ലോട്ടറിടിക്കറ്റുകൾ 10 ലക്ഷം വരെ ബാക്കിയായിരുന്ന എപ്രിൽ, മേയ്, ജൂൺ മാസങ്ങളിൽ പോലും ബംബർ ടിക്കറ്റുകൾ വൻതോതിൽ വിറ്റഴിക്കപ്പെട്ടിരുന്നു.
12 കോടി രൂപ ഒന്നാംസമ്മാനവും ടിക്കറ്റ് വില 300 രൂപയുമായിരുന്ന വിഷു ബംബർ 45 ലക്ഷം ടിക്കറ്റുകൾ അച്ചടിച്ചത് മുഴുവനും വിറ്റിരുന്നു. കഴിഞ്ഞവർഷമത് 42.87 ലക്ഷമായിരുന്നു. തൊട്ടുപിന്നാലെ പുറത്തിറങ്ങിയ മൺസൂർ ബംബർ ടിക്കറ്റ് 40 ലക്ഷമായിരുന്നു വിറ്റത്. 10 കോടി രൂപ ഒന്നാം സമ്മാനമായി നൽകിയ ടിക്കറ്റിന്റെ വില 250 രൂപയായിരുന്നു. കഴിഞ്ഞവർഷം 34 ലക്ഷം ടിക്കറ്റുകൾ വിറ്റിടത്താണ് ആറുലക്ഷം ടിക്കറ്റിന്റെ വർധനയുണ്ടായത്.
അതിനുശേഷം പുറത്തിറങ്ങിയ തിരുവോണം ബംബറിലും ചരിത്രവില്പന നടന്നു. ഇതാദ്യമായി 30 കോടിരൂപ ഒന്നാം സമ്മാനം നൽകുന്നതായിരുന്നു ഇത്തവണത്തെ തിരുവോണം ബംബർ. 500 രൂപ വിലയുള്ള ടിക്കറ്റ് 90 ലക്ഷമായിരുന്നു അച്ചടിച്ചത്. മുഴുവനും വിറ്റ് കമ്മിഷനും സമ്മാനവും കഴിച്ചുള്ള ലാഭം മാത്രം 241.20 കോടി രൂപ ഖജനാവിലെത്തി. 25 കോടി രൂപ ഒന്നാംസമ്മാനമായ ക്രിസ്മസ് ബംബറും വിപണിയിലെത്തി.
Content Highlights: Pooja bumper lottery sees unprecedented sales with all 45 lakh tickets sold, offering a first prize of 12 crore rupees.
Published: 28 Nov 2026, 07:16 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented