തിരുവനന്തപുരം: കേരള, ആരോഗ്യ സർവകലാശാലകളിലെ താത്കാലിക വി.സി.മാരുടെ നിയമനത്തിന് സർക്കാർ രേഖാമൂലം പേര് നിർദേശിച്ചതിലും അത് ചോർന്നതിലും ലോക്ഭവന് അതൃപ്തി. സർക്കാരുമായി ഏറ്റുമുട്ടൽ വേണ്ടെന്ന പൊതുനിലപാടാണ് ഗവർണർ ഓം പ്രകാശ് മാഥൂറിന്റേത്.

To advertise here,

എന്നാൽ, വി.സി. നിയമനത്തിൽ സർക്കാർ ഇടപടൽ സുപ്രീംകോടതി വിലക്കിയതിനാൽ പേരുകൾ എഴുതി തരേണ്ടിയിരുന്നില്ലെന്ന അഭിപ്രായമാണ് ഗവർണർക്ക്. ഇക്കാര്യം അനൗദ്യോഗികമായി ലോക്ഭവൻ സർക്കാരിനെ അറിയിക്കുകയും ചെയ്തു.

സർക്കാരിന് താത്പര്യമുള്ള പേര് ലോക്ഭവനെ ധരിപ്പിച്ചാൽ മതിയായിരുന്നുവെന്നാണ് ഗവർണറുടെ അഭിപ്രായം. മെറിറ്റുള്ള പേരാണെങ്കിൽ അംഗീകരിക്കാം. അതേസമയം, താത്കാലിക വി.സി. നിയമനമായതിനാൽ പേര് നിർദേശിക്കുന്നതിൽ തെറ്റില്ലെന്ന നിലപാടിലാണ് സർക്കാർ.എം.ജി. സർവകലാശാലയിൽ ഒഴിവ് വന്നപ്പോൾ അന്നത്തെ ഗവർണറുടെ താത്പര്യം മനസ്സിലാക്കി സർക്കാർ പേര് നിർദേശിച്ചിരുന്നില്ല. നിയമനംലഭിച്ചത് ബി.ജെ.പി. അനുകൂല സംഘടനയുടെ അനുഭാവിയാണെന്നത് ചർച്ചയാകുകയും പേര് നിർദേശിക്കാഞ്ഞതിന് സർക്കാർ വിമർശനം കേൾക്കുകയുംചെയ്തു. ഈ സാഹചര്യത്തിലാണ് കേരള, ആരോഗ്യ സർവകലാശാലാ വി.സി. സ്ഥാനങ്ങളിലേക്ക് സർക്കാർ പേരുകൾ നിർദേശിച്ചത്.

വരുന്ന നിയമസഭാ സമ്മേളനത്തിൽ സർവകലാശാലാ നിയമത്തിൽ ഭേദഗതി കൊണ്ടുവന്നശേഷം സ്ഥിരം വി.സി. നിയമനത്തിലേക്ക് കടക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. താത്കാലിക വി.സി.യുടെ ചുമതല മറ്റേതെങ്കിലും സ്ഥിരം വി.സി.മാർക്ക് നൽകാനോ മുതിർന്ന പ്രൊഫസർമാരെ ആ സ്ഥാനത്തേക്ക് നിയമിക്കാനോ കഴിയുമെങ്കിലും സ്ഥിരം വി.സി.മാരുള്ളത് മൂന്ന് സർവകലാശാലകളിൽമാത്രമാണ്. അതിൽത്തന്നെ കെ.ടി.യു. വി.സി. സിസാ തോമസ് സംസ്‌കൃത സർവകലാശാലാ വി.സി.യുടെ ചുമതല വഹിക്കുന്നുമുണ്ട്. കാലിക്കറ്റ്, ഡിജിറ്റൽ സർവകലാശാലകളിലാണ് മറ്റ് രണ്ടു സ്ഥിരം വി.സി.മാർ. മുതിർന്ന പ്രൊഫസർമാരിൽനിന്ന് സ്ഥിരം വി.സി.യെ നിയമിക്കാനാണ് സാധ്യത. നിലവിൽ സർക്കാർ നിർദേശിച്ചവരിൽ മുതിർന്ന പ്രൊഫസർമാർ ഉൾപ്പെടുന്നുണ്ട്. രാഷ്ട്രീയ ചായ്വോടെ ലോക്ഭവൻ പുതിയ പേരുകളിലേക്ക് പോയാൽ ഗവർണർ-സർക്കാർ ഏറ്റുമുട്ടലിനായിരിക്കും വഴിവെക്കുക.

കേരളയിലേക്ക് ഡോ. വസന്ത ഗോപാലകൃഷ്ണൻ, ഡോ. എബ്രഹാം ജോസഫ്, ഇ. സുലൈമാൻ എന്നിവരെയും ആരോഗ്യ സർവകലാശാലയിലേക്ക് ഡോ. പത്മകുമാർ, ഡോ. ശിവപ്രസാദ്, ഡോ. മാത്യു ഐപ്പ്, ഡോ. സി.വി. ഷാജി എന്നിവരെയുമാണ് സർക്കാർ നിർദേശിച്ചത്.