
ജയറാമിന്റെ വീട്ടിൽ നിന്നുള്ള ദൃശ്യം, ജയറാം | Photo: Screengrab/ Mathrubhumi News, മാതൃഭൂമി
ശബരിമല: ശബരിമലയിലെ സ്വർണ്ണപ്പാളികളുടെ പൂജയുമായി ബന്ധപ്പെട്ട് നടൻ ജയറാമിന്റെ വിശദീകരണത്തിൽ ആശയക്കുഴപ്പം. സ്മാർട്ട് ക്രിയേഷൻസിലെത്തി നടൻ ജയറാം നടത്തിയ പൂജ കട്ടിളപ്പാളിയുടേത് ആണ്. എന്നാൽ ജയറാമിന്റെ വീട്ടിൽ നടന്ന പൂജ ദ്വാരപാലക പാളികളുടേതാണ്. വിവിധ മാസങ്ങളിലാണ് രണ്ട് പൂജകളും നടന്നത്. എന്നാൽ, എല്ലാം നടന്നത് ഒറ്റ ദിവസമായിരുന്നുവെന്നാണ് ജയറാം നേരത്തെ വിശദീകരിച്ചത്.
സ്വർണ്ണവാതിൽ, ശബരിമല ശ്രീകോവിലിന്റെ കട്ടിളപ്പാളി, ദ്വാരപാലക പാളികൾ എന്നിവയുമായി ബന്ധപ്പെട്ട് സ്വർണ്ണക്കൊള്ള നടന്നുവെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. 2019 ലാണ് ഇതൊക്കെ സംഭവിക്കുന്നത്. 2019 മാർച്ച് മാസത്തിലാണ് പുതിയ വാതിൽ സമർപ്പിക്കുന്നത്. ജൂൺ മാസത്തിൽ കട്ടിളപ്പാളി നിർമ്മിക്കുന്നു. സെപ്റ്റംബറിൽ ദ്വാരപാലക പാളികൾ സമർപ്പിക്കുന്നു. ഇതേ സമയത്ത് നടൻ ജയറാമിന്റെ വീട്ടിൽ സ്വർണ്ണപ്പാളികൾ എത്തിച്ച് പൂജിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. സ്മാർട്ട് ക്രിയേഷൻസിൽ നടക്കുന്ന പൂജയിലും ജയറാം പങ്കെടുത്തിരുന്നു. ഇതിന്റെ ദൃശ്യങ്ങളും പറുത്തുവന്നിരുന്നു.
ഉണ്ണികൃഷ്ണൻ പോറ്റിയുടെ നിർദേശപ്രകാരമാണ് സ്മാർട്ട് ക്രിയേഷൻസിലെ പൂജയിൽ പങ്കെടുത്തത്. പിന്നീട് ശബരിമലയിലേക്ക് കൊണ്ട് പോകുംവഴി വീട്ടിലെത്തിച്ച് പൂജ നടത്തുകയുമായിരുന്നുവെന്നാണ് ജയറാം പറഞ്ഞത്. കൃത്യമായി ഏത് സമയത്താണെന്ന് ഓർക്കുന്നില്ലെന്നും രണ്ട് ദിവസങ്ങളിലായാണ് പൂജ നടന്നതെന്നുമാണ് ജയറാം പറയുന്നത്. എന്നാൽ ജയറാം പറഞ്ഞതിൽ പൊരുത്തക്കേടുണ്ടെന്നാണ് വിവരം. രണ്ടു തവണ ജയറാം ഉണ്ണികൃഷ്ണൻ പോറ്റിയെ ബന്ധപ്പെട്ട് ശബരിമലയിലെ പാളികളുമായി ബന്ധപ്പെട്ട പൂജയിൽ പങ്കെടുത്തുവെന്നാണ് വ്യക്തമാകുന്നത്. രണ്ട് മാസങ്ങളിലായാണ് ഇതെന്നും റിപ്പോർട്ട്.
സ്മാർട്ട് ക്രിയേഷൻസിലെ പൂജയ്ക്ക് ശേഷം പാളികൾ വീട്ടിലേക്ക് കൊണ്ടുവരാൻ ആവശ്യപ്പെട്ടുവെന്നാണ് ജയറാം വ്യക്തമാക്കിയത്. എന്നാൽ ജയറാം പങ്കെടുക്കുമ്പോൾ സ്മാർട്ട് ക്രിയേഷൻസിൽ ഉണ്ടായിരുന്നത് ശബരിമലയിലെ കട്ടിളപ്പാളിയാണ്. 2019 ജൂൺ മാസത്തിലാണ് സ്മാർട്ട് ക്രിയേഷൻസ് ഫാക്ടറിയിൽ പൂജ നടന്നത്. ഈ സമയത്ത് ദ്വാരപാലക പാളികൾ ശബരിമലയിൽ നിന്ന് എടുത്തിരുന്നില്ല. ജയറാമിന്റെ വീട്ടിൽ കട്ടിളപ്പാളി എത്തിച്ച് പൂജിച്ച ചിത്രങ്ങളും ഇതുവരെ പുറത്തുവന്നിട്ടില്ല. ദ്വാരപാലകപാളികൾ ജയറാമിന്റെ വീട്ടിൽവെച്ച് പൂജിക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സെപ്റ്റംബറിലാണ് ദ്വാരപാലക പാളികൾ ജയറാമിന്റെ വീട്ടിൽ പൂജിച്ചത്.
നടൻ ജയറാമിന്റെ വീട്ടിൽ സ്വർണ്ണപ്പാളി കൊണ്ടുപോയിട്ടില്ല എന്നാണ് ഉണ്ണികൃഷ്ണൻ പോറ്റി പറഞ്ഞത്. ജയറാം പരിപാടിയിൽ പങ്കെടുത്തിരുന്നു. പാളികൾ ചീത്തയാകാതിരിക്കാൻ പലകയിൽ അടിച്ചാണ് കൊണ്ടുവന്നത്. ജയറാമിന്റെ വീട്ടിൽ വെച്ചാണ് പലകയിൽ അടിച്ചതെന്നായിരുന്നു ഉണ്ണികൃഷ്ണൻ പോറ്റി തുടക്കത്തിൽ പറഞ്ഞത്.
Content Highlights: Sabarimala Gold Panel Controversy: Actor Jayaram's Clarification Under Scrutiny
Published: 25 Jan 2026, 12:17 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented