പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയില്‍ അറസ്റ്റിലായ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാറിനെ സിപിഎം ജില്ലാ കമ്മിറ്റിയില്‍നിന്ന് ഒഴിവാക്കുന്ന കാര്യം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ചര്‍ച്ചചെയ്യും. വെള്ളിയാഴ്ച രാവിലെ പത്തുമണിയോടെ സെക്രട്ടേറിയറ്റ് ചേരുന്നു. സെക്രട്ടേറിയറ്റ് തീരുമാനം ജില്ലാകമ്മിറ്റിയെ അറിയിച്ചശേഷം തുടര്‍തീരുമാനം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് നടപ്പിലാക്കും. 32 വര്‍ഷം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റംഗമാണ് എ. പത്മകുമാര്‍.

To advertise here,

വിഷയം സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയ സ്ഥിതിക്ക്, പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗത്വത്തില്‍നിന്നും മറ്റു ചുമതലകളില്‍നിന്നും പത്മകുമാറിനെ താത്കാലികമായി മാറ്റാനാണ് സാധ്യത. തദ്ദേശ തിരഞ്ഞെടുപ്പ് കൂടി അടുത്തുനില്‍ക്കുന്ന സാഹചര്യവും മുന്നിലുണ്ട്.

കേസിലെ എട്ടാംപ്രതിയായ പത്മകുമാറിനെ, വ്യാഴാഴ്ച രാവിലെ തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തി മണിക്കൂറുകളോളം ചോദ്യംചെയ്ത ശേഷമാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റുചെയ്തത്. എന്‍. വാസുവിന് പുറമേ, കേസില്‍ അറസ്റ്റിലാകുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ രണ്ടാമത്തെ മുന്‍ പ്രസിഡന്റാണ് പത്മകുമാര്‍. കേസിലെ ആറാമത്തെ അറസ്റ്റാണിത്. കൊല്ലം വിജിലന്‍സ് കോടതി ജഡ്ജിയുടെ വസതിയില്‍ ഹാജരാക്കിയതിനു പിന്നാലെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. തുടര്‍ന്ന് തിരുവനന്തപുരം സ്‌പെഷ്യല്‍ ജയിലിലേക്ക് കൊണ്ടുപോയി.