ന്യൂഡൽഹി: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ ജ്വല്ലറി ഉടമ ഗോവർധൻ സമർപ്പിച്ച ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. ജസ്റ്റിസ് ദീപാങ്കർ ദത്ത, ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. കേസിൽ അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിൽ ഇടപെടാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം നിഷേധിച്ചത്.

To advertise here,

ഗോവർധൻ അയ്യപ്പ ഭക്തനാണെന്നും 80 ലക്ഷത്തിലധികം രൂപ ശബരിമല ക്ഷേത്രത്തിൽ സംഭാവന നൽകിയിട്ടുണ്ടെന്നും അദ്ദേഹത്തിനുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകനായ മുകുൾ റോത്തഗി സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടി. ഗോവർധനെതിരെ ആരോപിക്കുന്നത് 475 ഗ്രാമിന്‍റെ സ്വർണമോഷണമാണ് . 2019-ൽ ഈ സ്വർണത്തിന് വിപണി വില വെറും 14 ലക്ഷം മാത്രമായിരുന്നു. ലക്ഷങ്ങൾ സംഭാവന നൽകുന്ന, ഇരുപത് വർഷത്തിലധികമായി അയ്യപ്പ ഭക്തനായ ഒരാൾ അയ്യപ്പന്‍റെ സ്വർണം മോഷ്ടിക്കുമെന്ന് കരുതാനാകില്ലെന്നും മുകുൾ റോത്തഗി വാദിച്ചു.

എന്നാൽ സംഭാവനയും സ്വർണക്കൊള്ളയും വ്യത്യസ്തമാണെന്നും സംഭാവന നൽകുന്ന ഒരാൾ കൊള്ള നടത്തില്ലെന്ന് പറയാനാകില്ലെന്നും ബെഞ്ച് വ്യക്തമാക്കി. തുടർന്നാണ് സുപ്രീം കോടതി ജാമ്യ ഹർജി തള്ളിയത്. രണ്ട് മാസത്തിന് ശേഷം ജാമ്യത്തിനായി വീണ്ടും കോടതിയെ സമീപിക്കാൻ അനുമതി തേടിയെങ്കിലും അക്കാര്യത്തതിൽ വ്യക്തമായ ഒരു ഉത്തരവ് നൽകാൻ സുപ്രീം കോടതി വിസമ്മതിച്ചു. 

ശബരിമലയിൽനിന്ന് കവർന്ന സ്വർണം വാങ്ങിയെന്ന കുറ്റമാണ് ഗോവർധനെതിരെ ചുമത്തിയിരിക്കുന്നത്. തനിക്കെതിരെയുള്ള ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നും സ്വർണക്കൊള്ളയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നുമാണ് ഗോവർധന്റെ വാദം. ബോധപൂർവം തട്ടിപ്പിന് കൂട്ടുനിന്നിട്ടില്ലെന്നും ശബരിമലയിലെ ആവശ്യത്തിനെന്ന് പറഞ്ഞാണ് ഉണ്ണികൃഷ്ണൻ പോറ്റി പലപ്പോഴും പണം നൽകിയതെന്നും സുഹൃത്തെന്ന നിലയിലാണ് സ്വർണം വാങ്ങിയതെന്നുമാണ് ഗോവർധന്റെ മൊഴി. എന്നാൽ, ശബരിമലയിലെ സ്വർണമാണെന്നും അത് ദേവസ്വം സ്വത്താണെന്നും വ്യക്തമായി അറിഞ്ഞുകൊണ്ടാണ് ഗോവർധൻ തട്ടിപ്പിന് കൂട്ടുനിന്നതെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ

ഈ കേസിന്റെ അന്വേഷണത്തിൽ ഗോവർധനെ സാക്ഷിയാക്കാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്. അന്വേഷണം സജീവമായി നടക്കുന്നതിനാൽ ഇപ്പോൾ ജാമ്യം അനുവദിക്കാനാവില്ലെന്നാണ് കോടതിയുടെ നിലപാട്.