തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കൊടിമര പ്രതിഷ്ഠയുമായി ബന്ധപ്പെട്ട ക്രമക്കേടുകളിൽ വിജിലൻസ് ത്വരിത പരിശോധന നടത്താൻ ഹൈക്കോടതി ഉത്തരവിട്ടു. പ്രത്യേക അന്വേഷണസംഘം സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ നടപടി.
2017-ൽ നടന്ന കൊടിമര പ്രതിഷ്ഠയ്ക്കായി ഫീനിക്സ് ഗ്രൂപ്പ് 3.2 കോടി രൂപ സ്പോൺസർ ചെയ്തിരുന്നുവെന്നും അതിൽ ബാക്കിവന്ന 16 ലക്ഷം രൂപ ദേവസ്വം ബോർഡിന് കൈമാറിയിരുന്നുവെന്നും അവകാശവാദമുണ്ട്. ഒരു പ്രമുഖ സിനിമാതാരവും ഒരു ജ്വല്ലറിയും കൊടിമര നിർമാണത്തിനായി സ്വർണം നൽകിയതായി വിവരമുണ്ടെങ്കിലും ഇതിന് ദേവസ്വം ബോർഡ് ഔദ്യോഗികമായി രസീതുകൾ നൽകിയിട്ടില്ലെന്നത് ഗുരുതരമായ സംശയങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.
ദേവസ്വത്തിലേക്ക് ലഭിക്കുന്ന ഇത്തരം സംഭാവനകൾക്ക് 3A പ്രകാരമുള്ള രസീത് നൽകണമെന്നിരിക്കെ, രേഖകളില്ലാത്ത ഈ സ്വർണം എവിടെ പോയി എന്നതിനെക്കുറിച്ചും അഴിമതി നടന്നിട്ടുണ്ടോ എന്നതിനെക്കുറിച്ചും ഇനി വിജിലൻസ് അന്വേഷിക്കും.
ഈ അന്വേഷണം 2017-ലെ ദേവസ്വം ബോർഡിന്റെ തീരുമാനങ്ങളിലേക്കും നടപടികളിലേക്കും നീങ്ങാൻ സാധ്യതയുണ്ട്. പ്രയാർ ഗോപാലകൃഷ്ണൻ അധ്യക്ഷനായ അന്നത്തെ ദേവസ്വം ബോർഡിലെ അംഗങ്ങളുടെ പങ്കാളിത്തവും അന്വേഷണ പരിധിയിൽ വരും. കൊടിമര നിർമാണത്തിനായി പുറത്തുനിന്ന് ലഭിച്ച സഹായങ്ങൾ ദേവസ്വം രേഖകളിൽ ഉണ്ടോ എന്ന് വിജിലൻസ് പരിശോധിക്കും. ത്വരിത പരിശോധനയ്ക്ക് ശേഷം ക്രമക്കേടുകൾ കണ്ടെത്തിയാൽ എഫ്‌ഐആർ രജിസ്റ്റർചെയ്ത് വിശദമായ അന്വേഷണത്തിലേക്ക് നീങ്ങാനാണ് കോടതി നിർദ്ദേശം.
അതേസമയം, ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് കൂടുതൽ ശാസ്ത്രീയ പരിശോധനകൾക്കും ഹൈക്കോടതി അനുമതി നൽകിയിട്ടുണ്ട്. സ്വർണപ്പാളികളിലെ സ്വർണ്ണത്തിന്റെ അളവ് കൃത്യമായി തിട്ടപ്പെടുത്തുന്നതിനായി ഭാഭ ആറ്റോമിക് റിസർച്ച് സെന്ററിന് കീഴിലുള്ള ലാബിൽ സാമ്പിളുകൾ പരിശോധിക്കും.
നേരത്തെ വിഎസ്എസ്സിയിൽ നടത്തിയ പരിശോധനയിൽ സ്വർണപ്പാളികൾ മാറ്റിയിട്ടില്ലെന്ന നിഗമനത്തിലായിരുന്നെങ്കിലും ദ്വാരപാലക ശില്പങ്ങളിൽനിന്ന് സ്വർണം വേർതിരിച്ചപ്പോൾ ഉണ്ടായ തൂക്കത്തിലെ കുറവ് (ഏകദേശം നാല് കിലോ) എസ്ഐടിയെ കുഴപ്പിക്കുന്നുണ്ട്. ഇതിൽ നഷ്ടപ്പെട്ടത് സ്വർണമാണോ അതോ ചെമ്പാണോ എന്ന് ബിഎആർസിയിലെ പരിശോധനയിലൂടെ വ്യക്തമാകും.
കൂടാതെ, കേസിൽ ഉൾപ്പെട്ടവരുടെ 2019 മുതലുള്ള ഫോൺ രേഖകൾ പരിശോധിക്കാനും സർവീസ് പ്രൊവൈഡർമാർക്ക് കോടതി നിർദേശം നൽകിയിട്ടുണ്ട്. കട്ടളപ്പാളി, ദ്വാരപാലക ശില്പങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട കേസുകളിൽ നാല് പേരുടെ പങ്കാളിത്തത്തെക്കുറിച്ച് കൂടുതൽ പരിശോധനകൾ നടക്കുന്നുണ്ട്. കേസ് ഈ മാസം 19-ന് വീണ്ടും പരിഗണിക്കും.
Content Highlights: Kerala HC orders swift Vigilance probe into Sabarimala gold flagpole irregularities. Unaccounted gold donations raise corruption concerns.
Published: 09 Feb 2026, 02:53 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented