തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായകമായ ശാസ്ത്രീയ പരിശോധനകൾ നടത്താൻ ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ച് അനുമതി നൽകി. സന്നിധാനത്തെ സ്വർണ്ണപ്പാളികളിൽ വരുത്തിയ മാറ്റങ്ങൾ സംബന്ധിച്ച് വ്യക്തത വരുത്തുന്നതിനായി ഭാഭാ അറ്റോമിക് റിസർച്ച് സെന്ററിന് (BARC) കീഴിലുള്ള നാഷണൽ ലാബിലാകും പരിശോധന നടക്കുക. ഇതിനായി ഈ മാസം 12-ന് ശബരിമലയിൽനിന്ന് 12 സാമ്പിളുകൾ ശേഖരിക്കാൻ കോടതി നിർദേശിച്ചു.
1998-ൽ സ്ഥാപിച്ച യഥാർഥ പാളികളാണോ നിലവിലുള്ളത്, അതോ അവ മാറ്റിയ ശേഷം പഴയ ചെമ്പിൽ വീണ്ടും സ്വർണംപൂശി വെച്ചതാണോ എന്ന കാര്യത്തിലാണ് ശാസ്ത്രീയമായ സ്ഥിരീകരണം വേണ്ടത്. നേരത്തെ വിക്രം സാരാഭായ് സ്പേസ് സെന്ററിൽ (VSSC) നടത്തിയ പരിശോധനാ ഫലങ്ങളിൽ ശാസ്ത്രജ്ഞരുടെ മൊഴിയും റിപ്പോർട്ടും തമ്മിൽ വൈരുധ്യമുണ്ടായ സാഹചര്യത്തിലാണ് രാജ്യത്തെ ഏറ്റവും മികച്ച ലാബായ ബാർക്കിന്റെ (BARC) സഹായം തേടാൻ കോടതി തീരുമാനിച്ചത്.
അന്വേഷണത്തിന്റെ ഭാഗമായി പ്രതികളുടെ 2019 മുതലുള്ള ഫോൺ കോൾ രേഖകൾ ശേഖരിക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) കോടതി അനുമതി നൽകി. കേസിലെ പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ രണ്ട് ഫോണുകളിൽനിന്ന് ലഭിച്ച വിവരങ്ങൾ മറ്റ് പ്രതികളുടെ ഫോൺ രേഖകളുമായി ഒത്തുനോക്കും. ഇതിനുപുറമെ, പ്രതികളുടെ കൈയക്ഷര പരിശോധനയ്ക്കും കോടതി അനുമതി നൽകിയിട്ടുണ്ട്. കട്ടിളപ്പാളി, ദ്വാരപാലക പാളികൾ എന്നിവയുമായി ബന്ധപ്പെട്ട കേസുകളിൽ ഉൾപ്പെട്ട നാലുപേരുടെ പങ്കാളിത്തം സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്താൻ എസ്ഐടിക്ക് നിർദേശം ലഭിച്ചു. 2025-ലെ സ്വർണംപൂശൽ നടപടികളുടെ ശാസ്ത്രീയ വശങ്ങളും അന്വേഷണ പരിധിയിൽ വരും.
ഏകദേശം രണ്ടര മണിക്കൂർ നീണ്ട അടച്ചിട്ട മുറിയിലെ നടപടികൾക്ക് ശേഷമാണ് ഹൈക്കോടതി നിർണായക ഉത്തരവുകൾ പുറപ്പെടുവിച്ചത്. കൊടിമര പ്രതിഷ്ഠയുമായി ബന്ധപ്പെട്ട ക്രമക്കേടുകളെക്കുറിച്ചും എസ്ഐടി അന്വേഷണം നടത്തുന്നുണ്ടെങ്കിലും സ്വർണപ്പാളികളുടെ കാര്യത്തിൽ വ്യക്തത വന്നതിന് ശേഷമാകും ഇതിലേക്ക് ആഴത്തിലുള്ള അന്വേഷണം നീങ്ങുക. ബാർക്കിലെ പരിശോധനാ ഫലംകൂടി ലഭ്യമാകുന്നതോടെ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ കുറ്റമറ്റ കുറ്റപത്രം സമർപ്പിക്കാനാണ് എസ്.ഐ.ടി ലക്ഷ്യമിടുന്നത്. ഇതിന് കാലതാമസം നേരിടുമെങ്കിലും മാർച്ച് മാസത്തോടെ കുറ്റപത്രം സമർപ്പിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേസ് ഈ മാസം 19-ന് കോടതി വീണ്ടും പരിഗണിക്കും.
Content Highlights: Latest updates on the Sabarimala gold smuggling case. New probe initiated to clarify facts, with sample collection scheduled for the 19th.
Published: 09 Feb 2026, 12:59 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented