കൊച്ചി: ശബരിമലയില്‍ ശ്രീകോവിലിന്റെ വാതിലില്‍ സ്വര്‍ണം പൂശിയതിലും അന്വേഷണം വേണമെന്ന് ഹൈക്കോടതി. ശബരിമല സ്വര്‍ണപ്പാളി കേസില്‍ പ്രത്യേക അന്വേഷണസംഘത്തിന്റെ (എസ്‌ഐടി) രണ്ടാംഘട്ട അന്വേഷണ റിപ്പോര്‍ട്ട് പരിഗണിച്ചശേഷമാണ് ഹൈക്കോടതി ഈ നിര്‍ദേശം നല്‍കിയത്. നേരത്തേ വിജയ് മല്യ തനിത്തങ്കം പൂശിയ വാതില്‍പ്പാളികള്‍ അഴിച്ചെടുത്ത് സ്വര്‍ണം പൂശാന്‍ കൊടുത്തുവിട്ടതില്‍ അന്വേഷണം വേണമെന്നാണ് ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ശബരിമലയില്‍ പരമസ്വാതന്ത്ര്യം നല്‍കിയെന്നും ഇതിന് പിന്നിലാരാണെന്നും അവരെ കണ്ടെത്തണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
2018 മുതലുള്ള ദേവസ്വം ബോര്‍ഡ് ഭരണസമിതികളെ പ്രതിക്കൂട്ടിലാക്കിയാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. 2018 മുതലുള്ള ഇടപാടുകളും ശബരിമലയിലെ അമൂല്യവസ്തുക്കള്‍ പുറത്തേക്ക് കടത്തിയോ എന്നത് പരിശോധിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ദേവസ്വംബോര്‍ഡിന്റെ വീഴ്ചകളും ഹൈക്കോടതി എണ്ണിയെണ്ണി ചൂണ്ടിക്കാട്ടി. വാതില്‍പ്പാളി നാടുനീളെ നടന്ന് പ്രദര്‍ശിപ്പിച്ചതിലും ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് പരമാധികാരിയായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു. എങ്ങനെ ഇതിനുള്ള അവസരംകിട്ടി. ദേവസ്വം ബോര്‍ഡിന് മരാമത്ത് വിഭാഗമുണ്ട്. അവര്‍ നേരിട്ട് ചെയ്യേണ്ട കാര്യങ്ങള്‍ പോറ്റിയെ ഏല്‍പ്പിക്കുന്നു. ഇത് എങ്ങനെ സംഭവിക്കുന്നുവെന്ന് കോടതി ചോദിച്ചു. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെയും കൂട്ടാളികളുടെയും തട്ടിപ്പിന് ദേവസ്വം ബോര്‍ഡ് സാഹചര്യമൊരുക്കിയോ? ഉദ്യോഗസ്ഥര്‍ പോറ്റിയുടെ ആതിഥ്യം സ്വീകരിച്ചോ എന്നും കോടതി ചോദിച്ചു. വാതിലുകള്‍ക്ക് എന്തുസംഭവിച്ചെന്ന് കണ്ടെത്തണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
1998-ല്‍ വിജയ് മല്യ 24 കാരറ്റ് സ്വര്‍ണം പൂശിയ വാതില്‍പ്പാളിയാണ് അഴിച്ചെടുത്തിരുന്നത്. തുടര്‍ന്ന് പുതിയ വാതിലുകള്‍ സ്ഥാപിച്ചു. ഈ വാതില്‍പ്പാളിയുടെ സ്വര്‍ണം പൂശല്‍ പൂര്‍ത്തിയായത് 2019 മാര്‍ച്ച് മൂന്നിനാണ്. എന്നാല്‍, മാര്‍ച്ച് 11-നാണ് അത് സന്നിധാനത്ത് എത്തിയത്. ഇളമ്പള്ളി ക്ഷേത്രത്തിലടക്കം വാതില്‍ പ്രദര്‍ശിപ്പിച്ച് പൂജ നടത്തി. സിനിമാതാരവും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അടക്കമുള്ളവര്‍ ഇതില്‍ പങ്കെടുത്തിരുന്നു. ഇതാണ് ഹൈക്കോടതി ചോദ്യംചെയ്തത്.
2019-ല്‍ പോറ്റി ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെയും അംഗങ്ങളെയും സ്വര്‍ണം പൂശല്‍ കാണാന്‍ ചെന്നൈയിലേക്ക് ക്ഷണിച്ചിരുന്നു. എല്ലാസൗകര്യങ്ങളും താന്‍ ഒരുക്കാമെന്നും പോറ്റി കത്തില്‍ പറഞ്ഞിരുന്നു.
ബുധനാഴ്ച രാവിലെ അടച്ചിട്ട കോടതിമുറിയിലാണ് എസ്‌ഐടിയുടെ രണ്ടാംഘട്ട അന്വേഷണ റിപ്പോര്‍ട്ട് പരിഗണിച്ചത്. എസ്‌ഐടി സംഘത്തിലെ അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി എസ്. ശശിധരന്‍ കോടതിയില്‍ നേരിട്ട് ഹാജരായി. അദ്ദേഹത്തോട് കോടതി നേരിട്ട് സംശയങ്ങള്‍ ചോദിച്ചു.
ആദ്യഘട്ടത്തിലെ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചപ്പോള്‍ ഇനി പുറത്തുവരേണ്ടത് ഗൂഢാലോചനയാണെന്ന് കോടതി പറഞ്ഞിരുന്നു. പത്തുദിവസത്തിനിടെ അന്വേഷണത്തില്‍ എന്ത് പുരോഗതിയുണ്ടായെന്നും കോടതി വിലയിരുത്തി. എസ്‌ഐടി പിടിച്ചെടുത്ത മിനിറ്റ്‌സ് ബുക്കും കോടതി പരിശോധിച്ചു. മിനിറ്റ്‌സ് രേഖപ്പെടുത്തിയതിലും ക്രമക്കേടുണ്ടെന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്.
ഇതിനിടെ ശബരിമല സ്വര്‍ണപ്പാളി കേസുമായി ബന്ധപ്പെട്ട് ബുധനാഴ്ച ദേവസ്വം വിജിലന്‍സും മറ്റൊരു റിപ്പോര്‍ട്ടും സമര്‍പ്പിച്ചു. സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട കത്തിടപാടുകളെക്കുറിച്ചുള്ള റിപ്പോര്‍ട്ടാണ് ദേവസ്വം വിജിലന്‍സ് പുതുതായി സമര്‍പ്പിച്ചത്. എസ്‌ഐടി അന്വേഷണത്തിനൊപ്പം ദേവസ്വം വിജിലന്‍സും അന്വേഷണം നടത്തുന്നുണ്ട്. ദേവസ്വം വിജിലന്‍സ് സമര്‍പ്പിക്കുന്ന നാലാമത്തെ റിപ്പോര്‍ട്ടാണിത്.
Content Highlights: Kerala High Court orders further investigation into gold plating of Sabarimala Sreekovil door, considering SIT`s second report. Details of conspiracy to be uncovered.
Published: 05 Nov 2025, 12:06 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented