തിരുവനന്തപുരം: ശബരിമലയ്ക്കുവേണ്ടി തയ്യാറാക്കിയ പദ്ധതികൾ ഭക്തർക്കുമുന്നിൽ അവതരിപ്പിക്കാനുള്ള വേദിയാവും പമ്പയിലെ ആഗോള അയ്യപ്പ സംഗമമെന്ന് മന്ത്രി വി.എൻ. വാസവൻ. വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന അയ്യപ്പഭക്തർക്ക് അവരുടെ ആശയങ്ങൾ അവതരിപ്പിച്ച് പൊതുനയം രൂപവത്കരിക്കാൻ സംഗമവേദി മാറുമെന്ന് മന്ത്രി പറഞ്ഞു. അയ്യപ്പഭക്തർക്ക് സുരക്ഷിത ദർശനത്തിനുള്ള സൗകര്യങ്ങൾ നേരിട്ട് ബോധ്യപ്പെടാൻ ദേവസ്വം ബോർഡ് അവസരം ഒരുക്കുകയാണ്.

To advertise here,

ഇന്ത്യയിൽത്തന്നെ ഇതാദ്യമാണ് ഒരു തീർഥാടനകേന്ദ്രത്തിന്റെ വികസനചർച്ചകളിൽ ഭക്തർക്ക് നേരിട്ടു പങ്കാളികളാവാൻ അവസരം. പവിത്രത കാത്തുകൊണ്ട് സമ്പൂർണ ഹരിത തീർഥാടനകേന്ദ്രമാക്കി ശബരിമലയെ മാറ്റാൻ സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും നടത്തുന്ന പ്രവർത്തനങ്ങൾക്ക് അയ്യപ്പഭക്തരുടെ പിന്തുണ ഉറപ്പാക്കുക, ശബരിമലയെ ലോക നിലവാരത്തിലെത്തിക്കാൻ അടിസ്ഥാന സൗകര്യങ്ങൾക്ക് നിക്ഷേപസാധ്യത കണ്ടത്തുക, വിവിധ രാജ്യങ്ങളിലെ അയ്യപ്പഭക്തരെ ഉൾപ്പെടുത്തി ഡേറ്റാബേസ് തയ്യാറാക്കുക, ലോകത്ത് എവിടെ നിന്നുള്ള അയ്യപ്പഭക്തർക്കും സുഗമദർശനം നടത്തി മടങ്ങാൻ നൂതന സംവിധാനങ്ങൾ സംയോജിപ്പിച്ചുള്ള ഒരൊറ്റ പ്ലാറ്റ്‌ഫോമുണ്ടാക്കുക, ഹെൽപ്‌ഡെസ്കുകൾ ആരംഭിക്കുക, തീർഥാടന-ടൂറിസം സാധ്യതകൾ വികസിപ്പിക്കുക തുടങ്ങി വിപുലമായ ലക്ഷ്യത്തോടെയാണ് അയ്യപ്പസംഗമം.

കാൽ നൂറ്റാണ്ട് മുന്നിൽക്കണ്ടുള്ള പദ്ധതികളാണ് തയ്യാറാക്കിയിട്ടുള്ളത്. 2016-17 മുതൽ സംസ്ഥാന സർക്കാർ ശബരിമലയ്ക്ക് നൽകിയത് 220.78 കോടി രൂപയാണ്. ശബരിമല മാസ്റ്റർ പ്ലാൻ പദ്ധതിക്ക് 83.95 കോടി, സാനിട്ടേഷൻ സൊസൈറ്റിക്ക് 20.42 കോടി, ശബരിമല ഇടത്താവളം പദ്ധതികൾക്കായി 116.41 കോടി എന്നിങ്ങനെയാണ് തുക അനുവദിച്ചത്. ഇതിനുപുറമെയാണ് കിഫ്ബി ഫണ്ട് ഉപയോഗിച്ച് നടത്തിയ വികസന പ്രവർത്തനങ്ങൾ. കൂടാതെ സന്നിധാനത്തിന്റെ വികസനത്തിനു മൂന്നുഘട്ടങ്ങളിലായി 778.17 കോടി രൂപയാണ് ലേഔട്ട് പ്ലാൻ പ്രകാരം ചെലവ് കണക്കാക്കിയിരിക്കുന്നത്. പമ്പയുടെ വികസനത്തിന് ആകെ 207.48 കോടി രൂപയുടേതും -മന്ത്രി പറഞ്ഞു.