കൊച്ചി: ശബരിമലയിൽ മേൽശാന്തിമാരുടെ സഹായികളെ നിയമിക്കുന്നതിനായി പാനൽ തയ്യാറാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. മേൽശാന്തി, കഴകം, ഉൾകഴകം എന്നിവരുടെ സഹായികളെ നിയമിക്കാനായാണ് പാനൽ തയ്യാറാക്കേണ്ടത്. സഹായികളെ മേൽശാന്തിമാർ യഥേഷ്ടം നിയമിക്കുന്നത് അവസാനിപ്പിക്കണമെന്നും കോടതി പറഞ്ഞു.

To advertise here,

മറ്റു ക്ഷേത്രങ്ങളിലെ ശാന്തിമാരെ സഹായികളായി നിയമിക്കുന്നതും പരിശോധിക്കണം. പാനലിൽ ഉൾപ്പെടുത്തുന്നത് സത്യസന്ധരെയായിരിക്കണം. ഇതിനായി ദേവസ്വം വിജിലൻസിന്റെയും സ്പെഷ്യൽ ബ്രാഞ്ചിന്റെയും റിപ്പോർട്ടും തേടണമെന്ന് ദേവസ്വം ബെഞ്ച് ഉത്തരവിട്ടു. സ്പെഷ്യൽ കമ്മിഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോടതി സ്വമേധയാ എടുത്ത ഹർജി തീർപ്പാക്കിയാണ് ഉത്തരവ്. ശബരിമലയിൽ സഹായിയായി എത്തിയ ഉണ്ണികൃഷ്ണൻ പോറ്റിയാണ് സ്വർണക്കൊള്ളയ്ക്കടക്കം വഴിതുറന്നത് എന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു റിപ്പോർട്ട്.

സഹായികളിൽ ക്രിമിനൽ പശ്ചാത്തലമുള്ളവരും

നിലവിൽ സഹായികളെ മേൽശാന്തിയടക്കമുള്ളവർ യഥേഷ്ടം നിയമിക്കുകയായിരുന്നു. നേരത്തെ ക്രിമിനൽ പശ്ചാത്തലമുള്ളവരും സഹായികളായി നിയമിക്കപ്പെട്ടിരുന്നുവെന്നും ശബരിമലപോലുള്ള സ്ഥലത്ത് കുറഞ്ഞ പ്രതിഫലത്തിന് ഒരു പരിശോധനയും ഇല്ലാതെ സഹായികളെ നിയമിക്കുന്നത് അപകടമാണെന്നും കോടതി പറഞ്ഞു. മേൽശാന്തിക്ക് സഹായികളായി 35 പേരെയാണ് നിയമിക്കാനാകുന്നത്.മാളികപ്പുറം മേൽശാന്തിക്കും ഉൾകുഴകത്തിനും സഹായികളായി 10 പേരെയും കഴകത്തിന് സഹായികളായി ആറുപേരെയും അനുവദിക്കും.

ശബരിമല മേൽശാന്തിയുടെ സഹായികളായ 24 പേർക്കും മാളികപ്പുറം മേൽശാന്തിയുടെ സഹായികളായ 10 പേർക്കും 450 രൂപവീതം പ്രതിദിനം ദേവസ്വം ബോർഡ് പ്രതിഫലം നൽകും. ഉൾകഴകത്തിന്റെ സഹായികളായ 10 പേർക്ക് പ്രതിദിനം 250 രൂപയും നൽകും. കൂടുതൽപ്പേരെ നിയമിച്ചാൽ മേൽശാന്തിമാർ പ്രതിഫലം നൽകണം. കോടതിയുടെ ഇടപെടൽ ഉണ്ടായതോടെ സഹായികളായി നിയമിക്കുന്നവർക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും തിരിച്ചറിയൽ കാർഡും വേണമെന്ന് നിർബന്ധമാക്കി. സഹായികളുടെ പൂർണ ഉത്തരവാദിത്വം അതത് മേൽശാന്തിമാർക്കായിരിക്കും.