ആലപ്പുഴ: ‘കോറിഡോർ ബ്ലോക്ക്’ എന്ന സാങ്കേതിക തടസ്സത്തിന്റെ പേരിൽ ആലപ്പുഴ വഴിയുള്ള തീരദേശപാതയിൽ കൂടുതൽ ട്രെയിനുകൾ അനുവദിക്കുന്നില്ലെന്നു പരാതി. എറണാകുളം-ആലപ്പുഴ മെമു ‌ട്രെയിൻ (66300) കൊല്ലം വരെ നീട്ടാത്തതും ഉത്സവകാലത്തുപോലും ആലപ്പുഴ വഴി കൂടുതൽ വണ്ടികൾ അനുവദിക്കാത്തതും ഇതിന്റെ പേരിലാണെന്നാണ് യാത്രക്കാരുെട പരാതി. റെയിൽപ്പാളം നന്നാക്കാനും നിരീക്ഷണത്തിനും മാറ്റിവെക്കുന്ന സമയമാണ് ‘കോറിഡോർ ബ്ലോക്ക്’ എന്നറിയപ്പെടുന്നത്.

To advertise here,

രാവിലെ 6.30-ന് ഗുരുവായൂർ-തിരുവനന്തപുരം ഇന്റർസിറ്റി ആലപ്പുഴ വഴി പോയാൽ മണിക്കൂറുകൾക്കു ശേഷമേ തിരുവനന്തപുരം ഭാഗത്തേക്കു വണ്ടിയുള്ളൂ. എറണാകുളം, ആലപ്പുഴ, കൊല്ലം ജില്ലകളിലെ രാവിലെയുള്ള ആയിരക്കണക്കിനു യാത്രക്കാരുടെ ഏറെക്കാലത്തെ ആവശ്യമായിരുന്നു എറണാകുളം-ആലപ്പുഴ മെമു കൊല്ലം വരെ നീട്ടണമെന്നത്.

അമ്പലപ്പുഴയ്ക്കും കായംകുളത്തിനുമിടയിൽ തിരുവനന്തപുരം ഭാഗത്തേക്കുള്ള പാതയിൽ രാവിലെ ഏഴു മുതൽ 10 വരെയുള്ള കോറിഡോർ ബ്ലോക്കാണ് എറണാകുളം മെമു കൊല്ലത്തേക്കു നീട്ടുന്നതിന് പ്രധാന തടസ്സമായി റെയിൽവേ പറയുന്നത്.

ഇരട്ടപ്പാതയായ അമ്പലപ്പുഴ-കായംകുളം റൂട്ടിൽ പകൽ ആറു മണിക്കൂറാണ് കോറിഡോർ ബ്ലോക്കുള്ളത്. രാത്രി 10.30 മുതൽ പുലർച്ചെ രണ്ടു വരെ എറണാകുളം-അമ്പലപ്പുഴ, കൊല്ലം-കായംകുളം ഭാഗത്തുള്ള കോറിഡോർ ബ്ലോക്കിന്റെ ദുരിതവും ഇരട്ടപ്പാതയായ അമ്പലപ്പുഴ-കായംകുളം പാതയിലെ യാത്രക്കാർ സഹിക്കണം. ദിവസം കുറഞ്ഞത് 12 മണിക്കൂർ അമ്പലപ്പുഴ-കായംകുളം ഭാഗത്ത് റെയിൽവേയുടെ സാങ്കേതിക തടസ്സങ്ങൾ കാരണം ട്രെയിൻ ഓടാത്ത സ്ഥിതിയാണ്.

രാവിലെ 7.50-ന് എറണാകുളത്തുനിന്നു പുറപ്പെടുന്ന മെമു 9.25-ന് ആലപ്പുഴയിലെത്തും. വൈകുന്നേരം വരെ ഈ റേക്ക് ആലപ്പുഴയിൽ സർവീസില്ലാതെ കിടക്കുകയാണ്. ഈ സമയം വിനിയോഗിച്ച് ട്രെയിൻ കൊല്ലം വരെ നീട്ടണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

കോറിഡോർ ബ്ലോക്ക് പരിഹരിക്കുന്നതിന് വലിയ ബുദ്ധിമുട്ടില്ലെന്ന് പാസഞ്ചർ അസോസിയേഷൻ ഭാരവാഹികൾ പറയുന്നു. രാവിലെ 10 മണിയോടെ അമ്പലപ്പുഴയിലെ കോറിഡോർ ബ്ലോക്ക് അവസാനിക്കുന്നതിനാൽ ട്രെയിൻ രാവിലെ 9.45-ഓടെ ആലപ്പുഴയിൽനിന്നു പുറപ്പെട്ട് 10 മണിക്കു ശേഷം അമ്പലപ്പുഴ പിന്നിട്ടാൽ മതിയാകും. സർവീസ് കൊല്ലത്തേക്കു നീട്ടുന്നതിന് ഈ സമയക്രമം തടസ്സമല്ല. കോറിഡോർ ബ്ലോക്കിന്റെ സമയക്രമം പുനഃക്രമീകരിച്ചാൽ പ്രശ്നമെല്ലാം പരിഹരിക്കാൻ സാധിക്കുമെന്നും അവർ പറയുന്നു.