കൊച്ചി: ജനവാസകേന്ദ്രങ്ങളിൽ ബഫർസോൺ വേണ്ടെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാടെന്നും വനാതിർത്തിയോട് ചേർന്നുവരുന്ന പ്രദേശങ്ങളിലെ കർഷകർ പരിസ്ഥിതിയെ സംരക്ഷിക്കുന്നവരാണെന്നും മന്ത്രി റോഷി അ‌ഗസ്റ്റിൻ. ബഫർസോണിൽ നിന്നും ജനവാസകേന്ദ്രങ്ങളെ ഒഴിവാക്കണമെന്ന ആവശ്യം സുപ്രീംകോടതി വിധിയ്ക്ക് മുമ്പേതന്നെ കേന്ദ്രത്തിന് സമർപ്പിച്ചിരുന്നതായും മാതൃഭൂമി ഡോട്ട് കോമിന് അ‌നുവദിച്ച പ്രത്യേക അ‌ഭിമുഖത്തിൽ റോഷി അ‌ഗസ്റ്റിൻ പറഞ്ഞു.

To advertise here,

'ജനവാസമേഖലകൾ ബഫർസോണിൽ നിന്ന് ഒഴിവാക്കണമെന്ന സംസഥാന സർക്കാരിന്റെ റിപ്പോർട്ടുകൾ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ  പരിഗണനയിലിരിക്കെയാണ് സുപ്രീംകോടതിയുടെ പരാമർശം വന്നത്. എന്നാൽ, ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ഇപ്പോൾ നൽകിയിരിക്കുന്ന റിപ്പോർട്ടിൽ ഉറച്ചുനിൽക്കാനും അ‌ത് നടപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കാനുമാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം. ഒപ്പം നിയമപരമായ കാര്യങ്ങളും പഠിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കും. മുഖ്യമന്ത്രി തന്നെ വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. തുടർനടപടികൾക്കായി വനംവകുപ്പ് മന്ത്രിയെയും മുഖ്യവനപാലകനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ദൂരപരിധിയിൽ ജനതാൽപര്യം പരിഗണിക്കണമെന്ന് കോടതി തന്നെ പറഞ്ഞിട്ടുണ്ട്. അ‌ത് ആശാവഹമാണ്' മന്ത്രി വ്യക്തമാക്കി.

സംരക്ഷിത വനമേഖലയ്ക്ക് ചുറ്റും ഒരു കിലോമീറ്റർ ബഫർസോൺ വേണമെന്ന 2019ലെ മന്ത്രിസഭാ തീരുമാനം ഇപ്പോൾ പ്രസക്തമല്ലെന്നും അ‌ദ്ദേഹം പറഞ്ഞു. '2020ൽ സർക്കാർ വേറെ റിപ്പോർട്ട് നൽകിയിട്ടുണ്ട്. 2018ലെയും 2019ലെയും കാലവർഷക്കെടുതിയും ഇവിടുത്തെ അ‌ന്തരീക്ഷവുമെല്ലാം എല്ലാവർക്കുമറിയാം. അ‌തുമായി ബന്ധപ്പെട്ട് ചില തീരുമാനങ്ങളുണ്ടായിട്ടുണ്ട്. എന്നാൽ, അ‌തിനുശേഷം നമ്മൾ കൊടുത്തിരിക്കുന്ന അ‌ഫിഡവിറ്റാണ് ഏറ്റവും പ്രധാനപ്പെട്ടത്. അ‌തിൽ ജനവാസകേന്ദ്രങ്ങൾ ബഫർസോണിൽ നിന്നും ഒഴിവാക്കണമെന്നതാണ് സർക്കാർ നിലപാട്.'

'ദേശീയ ശരാശരിയേക്കാൾ വനങ്ങൾ സംരക്ഷിക്കപ്പെടുന്ന പ്രദേശമാണ് കേരളം,' മന്ത്രി തുടരുന്നു. 'അ‌തിൽ ഏറ്റവും കൂടുതൽ വനം നിലനിർത്തുകയും സംരക്ഷിക്കുകയും ചെയ്യുന്ന സ്ഥലമാണ് ഇടുക്കി. ഇവിടെ അ‌ധിവസിക്കുന്ന ജനങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തുക എന്നതല്ലേ ചെയ്യേണ്ടത്. ഏലം ഉൾപ്പെടെയുള്ള കൃഷികൾക്ക് തണൽ നൽകുന്നതിനായി മരങ്ങൾ ആവശ്യമാണ്. അ‌ങ്ങനെ കൃഷിയോടനുബന്ധമായിത്തന്നെ മരങ്ങൾ വെച്ചുപിടിക്കുന്ന സമൂഹമാണിത്. കാലാനുസൃതമായി വനം സംരക്ഷിക്കുന്നതിന്റെ ചുമതല കൂടി കർഷകർ ഏറ്റെടുക്കുന്നുണ്ട്. അ‌വരുടെ ജീവിതസാഹചര്യങ്ങളെ പരിഗണിക്കാതിരിക്കുന്നത് ശരിയല്ല. അ‌വർ ഇല്ലാതായാൽ ഇതുകൂടി നഷ്ടമാകും. ആവശ്യമെങ്കിൽ നിയമനിർമാണം നടത്താനും കേന്ദ്രസർക്കാർ തയ്യാറാകണം.' റോഷി അ‌ഗസ്റ്റിൻ ആവശ്യപ്പെട്ടു.