കോട്ടയം: കേരളത്തെ പ്രളയവിമുക്തമാക്കാൻ ലക്ഷ്യമിട്ട 'റൂം ഫോർ റിവർ' പദ്ധതിക്ക് മുങ്ങിമരണം. 2019-ൽ പ്രഖ്യാപിച്ച പദ്ധതി ഫയലുകളിൽ മുങ്ങിപ്പോയെന്ന് മുൻസർക്കാർതന്നെ സമ്മതിച്ചിരുന്നു. പൈലറ്റ് പദ്ധതിയായി കുട്ടനാട്ടിലാണ് നടപ്പാക്കാൻ ഉദ്ദേശിച്ചിരുന്നത്. തുടർപ്രവർത്തനങ്ങൾ ചില മാർഗനിർദേശക റിപ്പോർട്ടുകൾക്കപ്പുറം പോയില്ല.

To advertise here,

നെതർലൻഡസ് സന്ദർശിച്ച അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനും സംഘവും അവിടെ വെള്ളപ്പൊക്കം ഒഴിവാക്കാൻ സ്വീകരിച്ച മാതൃക മികച്ചതെന്നു വിലയിരുത്തിയിരുന്നു. ഇത് ഇവിടെ നടപ്പാക്കൻ ഡച്ച് സംഘം കുട്ടനാട്ടിലെത്തി പലതവണ പഠനം നടത്തി. റീബിൽഡ് കേരള ഇനീഷ്യേറ്റീവിൽ 4.5 കോടിയും പദ്ധതിക്ക് അനുവദിച്ചു. ചെന്നൈ ഐ.ഐ.ടി.ക്ക് പഠനത്തിന് 1.38 കോടി അനുവദിക്കാൻ തീരുമാനിച്ചു. ആദ്യഗഡുവായി 81 ലക്ഷം കൈമാറി. ഐ.ഐ.ടി. റിപ്പോർട്ട് കിട്ടിയോ എന്നും പിന്നീട് സർക്കാർ വ്യക്തമാക്കിയില്ല.

ഹൈഡ്രോഡൈനാമിക് പഠനം നടത്തി അധികജലത്തെ എങ്ങനെ ക്രമീകരിക്കാം എന്നതായിരുന്നു പഠിക്കേണ്ടിയിരുന്നത്. ബണ്ടുകൾ ശക്തിപ്പെടുത്തുക, ഉയരവ്യത്യാസം തീരുമാനിക്കുക എന്നിവയായിരുന്നു ഇതിലൊന്ന്. പമ്പ, അച്ചൻകോവിൽ എന്നിവിടങ്ങളിൽ പ്രളയനിയന്ത്രണ സംവിധാനം എങ്ങനെ ഒരുക്കാം, ഇവിടത്തെ അധികജലം കുട്ടനാട്ടിലേക്ക് കടക്കാതെ ബൈപ്പാസ് കനാൽ വഴി തോട്ടപ്പള്ളിയിലേക്ക് എത്തിക്കുക, എ.സി. കനാൽ വഴി മണിമലയാറ്റിലെ അധികജലം പള്ളാത്തുരുത്തിക്ക് എത്തിക്കുക, ചെറിയ കനാലുകൾ പണിയുക, തോട്ടപ്പള്ളി പൊഴിമുഖത്ത് മണലടിയുന്നത് തടയാൻ ഹൈഡ്രോളിക് ഡിസൈൻ തയ്യാറാക്കുക എന്നിവയായിരുന്നു മറ്റു ലക്ഷ്യങ്ങൾ.

കെ.ഐ.ഡബ്ല്യു.ആർ.എം. (കേരള ഇന്റഗ്രറ്റഡ് വാട്ടർ റിസോഴ്‌സ് മാനേജ്‌മെന്റ്) ആക്ഷൻ പ്ലാൻ ഫോർ കുട്ടനാട് ബേസിൻ എന്ന റിപ്പോർട്ട് തയ്യാറാക്കി. പുഴ, തോട് കൈയേറ്റം നീക്കുക, വെള്ളത്തെ അതീജീവിച്ചു പോകാൻ ശീലിക്കുക, പ്രാദേശിക നീരൊഴുക്ക് സുഗമമാക്കുക, അണക്കെട്ടുകളുടെ പ്രവർത്തനത്തിന് പ്രോട്ടക്കോൾ സജ്ജമാക്കുക, കാലാവസ്ഥാ ഡേറ്റ ലഭ്യക്കുന്ന സ്ഥാപനങ്ങൾ തമ്മിൽ ബന്ധിപ്പിക്കുക, കുട്ടനാട് ജലസ്രോതസ്സുകളുടെ ശരിയായ മാപ്പിങ് തുടങ്ങിയ ലക്ഷ്യങ്ങളും പദ്ധതി മുന്നോട്ടുവെച്ചിരുന്നു.