വടകര: ആർ.എം.പി.ഐ. പ്രവർത്തകനും കെ.കെ. രമ എം.എൽ.എ.യുടെ മുൻ പേഴ്‌സണൽ സ്റ്റാഫ് അംഗവുമായ ആർ. റിജുവിന് വിഷു ആഘോഷത്തിനിടെ പടക്കം പൊട്ടിക്കുമ്പോൾ പരിക്കേറ്റതുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യമങ്ങളിൽ വിവാദം. ബോംബ് നിർമാണത്തിനിടെ റിജുവിന്റെ കൈപ്പത്തി അറ്റുവെന്ന് ഒരുവിഭാഗം സാമൂഹികമാധ്യമങ്ങളിൽ നടത്തിയ പ്രചാരണമാണ് വിവാദത്തിന് വഴിയൊരുക്കിയത്. ഇതോടെ ഫെയ്‌സ്ബുക്ക് ലൈവിൽവന്ന് റിജുതന്നെ കാര്യങ്ങൾ വിശദീകരിച്ചു.

To advertise here,

ചൊവ്വാഴ്ച വൈകീട്ടാണ് വടകര സഹകരണ ആശുപത്രിക്ക് സമീപത്തെ വീട്ടിൽ കുടുംബാംഗങ്ങളുമൊന്നിച്ച് വിഷു ആഘോഷിക്കുമ്പോൾ റിജുവിന് അപകടം സംഭവിച്ചത്. വലതുകൈയിലെ വിരലിലാണ് പരിക്ക്.

തുടർന്ന് സഹകരണ ആശുപത്രിയിൽ ചികിത്സ തേടി. ബുധനാഴ്ച വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. ബുധനാഴ്ചയാണ് റിജുവിന് ബോംബ് നിർമാണത്തിനിടെ പരിക്കേറ്റെന്ന പ്രചാരണം സാമൂഹികമാധ്യമങ്ങളിൽ തുടങ്ങിയത്. ഇതോടെ ഇതിനെതിരേ ആർ.എം.പി.ഐ. രംഗത്തെത്തി.

ആർ.എം.പി.ഐ.യെയും രമയെയും അപകീർത്തിപ്പെടുത്താൻ സി.പി.എമ്മിന്റെ നേതൃത്വത്തിൽ ആസൂത്രിതമായിനടന്ന പ്രചാരണമാണിതെന്ന് ആർ.എം.പി.ഐ. ജില്ലാകമ്മിറ്റി ആരോപിച്ചു. സി.പി.എം. വടകരയിൽ നടത്തിക്കൊണ്ടിരിക്കുന്ന നിരന്തരമായ കുപ്രചാരണങ്ങളുടെ തുടർച്ചയാണിത്.

നാട്ടിൽ കലാപത്തിന് ആഹ്വാനംചെയ്യുന്ന രൂപത്തിൽ പ്രചാരണങ്ങൾ നടത്തുന്നതിനെതിരേ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് ജില്ലാസെക്രട്ടറി കുളങ്ങര ചന്ദ്രൻ ആവശ്യപ്പെട്ടു. വ്യാജപ്രചാരണത്തിൽ റിജു നിയമനടപടിക്കൊരുങ്ങുന്നുണ്ട്.