പിറവം: ക്രിസ്‌മസ് പുതുവത്സര ബമ്പർ നറുക്കെടുപ്പിൽ ഇരുപതുകോടിയുടെ ഒന്നാംസമ്മാനം ലഭിച്ച ടിക്കറ്റ് തന്റേതാണെന്നും അത് അബദ്ധത്തിൽ നഷ്ടപ്പെട്ടതാണെന്നും കാണിച്ച് സമ്മാനത്തുക അവകാശപ്പെട്ട് പിറവം പാഴൂർ സ്വദേശി റിട്ട. എ.എസ്‌.ഐ. കെ.കെ. സജിമോൻ സമർപ്പിച്ച ഹർജിയിൽ യഥാർഥ ടിക്കറ്റ് ഹാജരാക്കുവാൻ ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് നിർദേശിച്ചു.

To advertise here,

നേരത്തേ ഇക്കഴിഞ്ഞ 20-ന് സജിമോന്റെ ഹർജി പരിഗണിച്ച കോടതി, ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റിന്റെ ഇരുവശത്തിന്റെയും ഫോട്ടോയും, ടിക്കറ്റ് ഹാജരാക്കിയ വ്യക്തിയുടെ വിവരങ്ങളും മുദ്രവച്ച കവറിൽ സമർപ്പിക്കുവാൻ നിർദേശിച്ചിരുന്നു. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് കേസ് പരിഗണിച്ച കോടതി ലോട്ടറി ഡയറക്ടർ മുദ്രവച്ച കവറിൽ സമർച്ചിച്ച രേഖകൾ പരിശോധിച്ചു. തുടർന്നാണ് ഒറിജിനൽ ടിക്കറ്റ് ഹാജരാക്കുവാൻ നിർദേശിച്ചത്. കേസ് മാർച്ച് അഞ്ചിലേക്ക് മാറ്റി.

കഴിഞ്ഞ ഡിസംബർ ഒന്നിന് മുണ്ടക്കയത്ത് ഭാര്യയുടെ ബന്ധു വീട്ടിൽ പോയപ്പോൾ കാഞ്ഞിരപ്പളളിയിൽ നിന്നാണ് താൻ ടിക്കറ്റെടുത്തതെന്നും. ടിക്കറ്റിന്റെ പുറത്ത് തന്റെ പേരും വിലാസവുമെഴുതി ഒപ്പു വച്ചിരുന്നുവെന്നും സജിമോൻ ബോധിപ്പിച്ചു. ജനവരി 24 നാണ് ബംമ്പർ നറുക്കെടുത്തത്. എന്നാൽ തന്റെ ട്രാവലറിൽ ശബരിമലയ്ക്ക് പോയ വിശാഖപട്ടണംസ്വദേശികൾ മടക്കയാത്രയ്ക്കിടെ മറന്നുവച്ച നെയ്യ് പാത്രം താൻ കൂറിയർ ചെയ്തു കൊടുത്തപ്പോൾ അതിനടിയിൽ സൂക്ഷിച്ചിരുന്ന ടിക്കറ്റും നഷ്ടപ്പെട്ടുവെന്നാണ് സജിമോൻ പറയുന്നത്.

നറുക്കെടുപ്പ് കഴിഞ്ഞ് ഫലം പ്രഖ്യാപിച്ചിട്ടും ഒന്നാം സമ്മാനത്തിന് ആരും അവകാശമുന്നയിച്ചില്ല. ഏറെ വൈകിയാണ് ഒരാൾ ടിക്കറ്റ് ലോട്ടറി ഡയറക്ട്രേറ്റിൽ ഹാജരാക്കിയത്.

നറുക്കെടുപ്പ് ദിവസം തലയ്ക്ക് പരിക്കേറ്റ് ഓർമ്മ പോയ തനിക്ക് ദിവസങ്ങൾക്ക് ശേഷമാണ് കാര്യങ്ങൾ ഓർമ്മിച്ചെടുക്കാനായതെന്നും സജിമോൻ മൊഴി നൽകി. സജിമോന്റെ പരാതിയിൽ പിറവം പോലീസ് കൂറിയർ സ്ഥാപനത്തിൽ പരിശോധന നടത്തിയെങ്കിലും ടിക്കറ്റിനെ സംബന്ധിച്ച് വിവരമൊന്നും ലഭിച്ചില്ല. തുടർന്നാണ് സജിമോൻ ഹൈക്കോടതിയെ സമീപിച്ചത്‌.