കൊച്ചി: വെണ്ടുരുത്തി റെയില്‍വേ പാലത്തിനു താഴെ പില്ലറില്‍ കായലിലേക്ക് വീഴാവുന്ന തരത്തില്‍ മയങ്ങിക്കിടന്നയാളെ അഗ്‌നിരക്ഷാസേനയും പോലീസും ചേര്‍ന്ന് രക്ഷപ്പെടുത്തി. കന്യാകുമാരി സ്വദേശി പി.എഫ്. ഷാജി (59) യെയാണ് വല ഉപയോഗിച്ച് ഉയര്‍ത്തിയെടുത്തത്. പിന്നീട് ഇയാളെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

To advertise here,

ചൊവ്വാഴ്ച രാവിലെ 10.50-നാണ് റെയില്‍വേ പാലത്തിലെ ആറാംനമ്പര്‍ പില്ലറിനു താഴെ ഒരാള്‍ അവശനിലയില്‍ കിടക്കുന്ന വിവരം പോലീസ് കണ്‍ട്രോള്‍ റൂമില്‍ എത്തിയത്. ഉടന്‍ പോലീസ് ഉദ്യോഗസ്ഥര്‍ അവിടെ എത്തി. എന്നാല്‍, റെയില്‍പ്പാലത്തിന്റെ തൂണിലെ ഇടുങ്ങിയ സ്ഥലത്ത് അബോധാവസ്ഥയില്‍ കിടക്കുകയായിരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായിരുന്നു. തുടര്‍ന്ന് അഗ്‌നിരക്ഷാ സേനയെ വിവരമറിയിച്ചു.

മട്ടാഞ്ചേരി, ക്ലബ് റോഡ് എന്നിവിടങ്ങളില്‍നിന്ന് അഗ്‌നി രക്ഷാസേന എത്തി, വടംകെട്ടി റെയില്‍വേ പാലത്തിന്റെ താഴെയിറങ്ങി. വലയില്‍ ഇരുത്തി റോപ്പിലൂടെ വലിച്ച് അര മണിക്കൂറിനകം ഇദ്ദേഹത്തെ പാലത്തിനുമുകളില്‍ എത്തിക്കുകയായിരുന്നു. ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചു. ബന്ധുക്കള്‍ ആരുമില്ലെന്നാണ് ഷാജി പോലീസിനോട് പറഞ്ഞത്. തിങ്കളാഴ്ച രാത്രിയാണ് ഇയാള്‍ പില്ലറില്‍ കയറിയതെന്ന് സംശയിക്കുന്നു.

കിടക്കുന്നയിടത്ത് നിന്നുതിരിഞ്ഞാല്‍ പോലും കായലില്‍ വീഴാന്‍ സാധ്യതയുണ്ടായിരുന്നുവെന്ന് അധികൃതര്‍ പറയുന്നു.