കണ്ണൂർ: ചെറുപുഴ മീൻതുള്ളി തുരുത്തിൽ രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ റപ്പലിങ് ഇൻസ്ട്രക്ടറുടെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം കല്ലിയൂർ കിഴക്കേ തെറ്റിവിള രാജേഷ് ഭവനിൽ ആർ. രാജേഷിന്റെ (36) മൃതദേഹമാണ് പുഴയ്ക്ക് നടുവിലെ തുരുത്തിൽനിന്ന് ലഭിച്ചത്.
ചെറുപുഴ പഞ്ചായത്തിലെ മീൻതുള്ളി തുരുത്തിൽ ഒറ്റപ്പെട്ടുപോയ ആളെ രക്ഷിച്ചുകൊണ്ടുവരുന്നതിനിടയിലാണ് രാജേഷ് ഒഴുക്കിൽപ്പെട്ടത്. ഓഗസ്റ്റ് ഒന്നിന് ശനിയാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം. കർണാടക വനത്തിനും കാര്യങ്കോട് പുഴയ്ക്കും ഇടയിലുള്ള മീൻതുള്ളി തുരുത്തിൽ ഒറ്റപ്പെട്ടുപോയ ബെന്നി എന്നയാളെ രക്ഷിച്ചുകൊണ്ടുവരുന്നതിനിടയിലാണ് അപകടമുണ്ടായത്. പുഴയ്ക്ക് ഇക്കരെ എത്താറായപ്പോൾ കയറിൽനിന്ന് പിടിവിട്ട് ഒഴുക്കിൽപ്പെടുകയായിരുന്നു.
തുരുത്തിൽ ഒരാൾ ഒറ്റപ്പെട്ടതായി അറിഞ്ഞതോടെയാണ് മീൻതുള്ളി വാട്ടർ ഫാൾസിലെ റപ്പല്ലിങ് ഇൻസ്ട്രക്ടറായ രാജേഷും സുഹൃത്തുക്കളായ ഷിബിനും ജിതിനും ചേർന്ന് കരകവിഞ്ഞൊഴുകുന്ന പുഴ നീന്തി തുരുത്തിൽ എത്തിയത്. ലൈഫ് ജാക്കറ്റ്, റോപ്പ് എന്നിവയടക്കമുള്ളവ ധരിച്ചിരുന്നു. എന്നാൽ, രാജേഷ് സ്വന്തം ലൈഫ് ജാക്കറ്റ് ഊരി തുരുത്തിൽനിന്ന് രക്ഷിച്ചുകൊണ്ടുവരികയായിരുന്ന ബെന്നിയെ ധരിപ്പിച്ചു.
തുടർന്ന് കയറിൽ പിടിച്ച് പുഴ കുറുകെ കടക്കുകയായിരുന്നു. കേരളത്തിന്റെ ഭാഗത്ത് എത്താറായപ്പോൾ രാജേഷ് കയറിൽനിന്ന് പിടിവിട്ടു. നീന്താൻ ശ്രമിച്ചെങ്കിലും മുങ്ങിപ്പോയി. അഡ്വഞ്ചർ ടൂറിസം സംരംഭകർക്ക് ക്ലാസ് എടുക്കുന്ന രാജേഷ് നീന്തലിലും വിദഗ്ധനായിരുന്നു. വെള്ളത്തിൽ തണുത്ത് ശരീരം കോച്ചിപ്പിടിച്ചതാവാം നീന്താനാവാതെ പോയതിനു കാരണമെന്നാണ് സംശയിക്കുന്നത്.
Content Highlights: Rappelling instructor R. Rajesh (36) lost his life while saving a stranded person., The incident occurred at Meenthulli Thuruthu in Cherupuzha during a rescue mission., Rajesh sacrificed his life jacket to save the victim, Benny, during the operation., Despite being an expert swimmer, cold water conditions likely led to muscle cramps and drowning.
Published: 04 Aug 2026, 04:23 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented