പത്തനംതിട്ട: റാന്നിയിൽ മന്ത്രി വീണാ ജോർജിന് നേരെ കരിങ്കൊടി പ്രതിഷേധം. ആശാ പ്രവർത്തകരുടെ പ്രശ്നങ്ങൾ പരിഹരിക്കാത്തത് ചൂണ്ടികാട്ടിയാണ് യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ മന്ത്രിയെ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചത്. 

To advertise here,

പ്രതിഷേധക്കാരെ കണ്ടതോടെ മന്ത്രി വാഹനത്തിൽ നിന്ന് പുറത്തിറങ്ങി. പോലീസ് പ്രവർത്തകരെ തടയുകയും മന്ത്രിക്ക് സുരക്ഷ ഒരുക്കാൻ ശ്രമിക്കുകയും ചെയ്തെങ്കിലും മന്ത്രി തടയുകയും പ്രതിഷേധക്കാർ പറയുന്നത് കേൾക്കാൻ തയാറാകുകയുമായിരുന്നു.  പിന്നാലെ പ്രവർത്തകർ പ്രതിഷേധ മുദ്രാവാക്യങ്ങൾ മുഴക്കുകയും പതിനഞ്ചു ദിവസമായിട്ടും ആശാ പ്രവർത്തകരുടെ പ്രശ്നങ്ങൾ പരിഹരിക്കാത്തത് ചോദ്യം ചെയ്യുകയും ചെയ്തു. ഇത് മന്ത്രിയും യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരും തമ്മിൽ വാഗ്വാദത്തിന് ഇടയാക്കി.

ആരോ​ഗ്യമന്ത്രിയുടെയും മുഖ്യമന്ത്രിയുടെ ഈ​ഗോ മാറ്റിവെച്ച് സമരപന്തൽ സന്ദർശിക്കണമെന്ന് പ്രവർത്തകർ പറഞ്ഞു. നിങ്ങൾ ആയിരം രൂപയല്ലേ കൊടുത്തതെന്നും ഏറ്റവും കൂടുതൽ പണം കൊടുത്തത് ഈ സർക്കാരല്ലേയെന്നും മന്ത്രി പ്രവർത്തകരോടും ചോദിച്ചു. പത്തുമിനിറ്റോളം യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരും മന്ത്രിയുമായി വാ​ഗ്വാദം നീണ്ടു. പിന്നീട് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.