തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതിയില്‍ ഇടം ലഭിക്കാത്തതില്‍ അതൃപ്തി പരസ്യമാക്കിയ സിപിഎം നേതാവ് എ. പദ്മകുമാറിനെ തിരുത്തി സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം. എന്തുകൊണ്ടാണ് അദ്ദേഹം അങ്ങനെ പറഞ്ഞതെന്ന് അറിയില്ലെന്നും ഈ വിഷയം 12-ാം തിയതി നടക്കുന്ന ജില്ലാകമ്മിറ്റി പരിശോധിക്കുമെന്നും എ. പദ്മകുമാര്‍ നടത്തിയ പ്രസ്താവനയില്‍ വിയോജിപ്പ് പ്രകടിപ്പിച്ചുകൊണ്ട് രാജു എബ്രഹാം പറഞ്ഞു. 

To advertise here,

മന്ത്രിമാര്‍ അവരുടെ പാര്‍ട്ടിയുടെ സംസ്ഥാനസമിതി മെമ്പര്‍മാരല്ലെങ്കില്‍ അവരെ അതിലേക്ക് ക്ഷണിക്കുകയെന്നത് ഒരു കീഴ്‌വഴക്കമാണ്. സി. രവീന്ദ്രനാഥ് മന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹം സംസ്ഥാനസമിതിയുടെ ക്ഷണിതാവായിരുന്നു. ജില്ലാ കമ്മറ്റി അംഗം എന്നനിലയിലാണ് വീണാ ജോര്‍ജ് പാര്‍ട്ടിയില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടാണ് സംസ്ഥാനസമിതിയിലെ ക്ഷണിതാവായി വീണാ ജോര്‍ജിനെ തീരുമാനിച്ചിട്ടുള്ളതെന്നും രാജു എബ്രഹാം പറഞ്ഞു. 

മന്ത്രിയെന്ന നിലയില്‍ സ്തുത്യര്‍ഹമായ സേവനമാണ് വീണാ ജോര്‍ജ് നല്‍കിക്കൊണ്ടിരിക്കുന്നത്. മറ്റ് മന്ത്രിമാരെല്ലാം സംസ്ഥാനസമിതി അംഗങ്ങളാണ്. അതുകൊണ്ട് അവരെ പ്രത്യേകം ക്ഷണിക്കേണ്ട ആവശ്യമില്ല. മന്ത്രിയെന്ന നിലയില്‍ വീണാ ജോര്‍ജിന്റെ പ്രവര്‍ത്തനം വളരെ മികച്ചതാണ്. ആ ജോലി വളരെ സത്യസന്ധതയോടെ, ആത്മാര്‍ഥതയോടെ നിര്‍വഹിച്ചുകൊണ്ടിരിക്കുകയാണ്. അത് എല്ലാവരും അംഗീകരിക്കുന്ന കാര്യമാണ്. സമയം കിട്ടുമ്പോഴൊക്കെ അറിയിക്കുന്ന പാര്‍ട്ടി പരിപാടികളില്‍ വീണാ ജോര്‍ജ് പങ്കെടുക്കാറുണ്ട്. വിജയിക്കാന്‍ ബുദ്ധിമുട്ടുള്ള ആറന്മുള മണ്ഡലത്തില്‍ രണ്ട് തവണ മിന്നുന്ന വിജയം നേടി. പത്തനംതിട്ട ജില്ലയില്‍ ഏറ്റവും കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍, കേരളത്തിന്റെ ആരോഗ്യരംഗത്തെ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ എന്നിവ വീണാ ജോര്‍ജ് വിജയകരമായി കൊണ്ടുപോവുകയാണ്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

പ്രായപരിധിക്ക് മുമ്പേ സ്ഥാനമാനങ്ങള്‍ ത്യജിക്കുമെന്ന പദ്മകുമാറിന്റെ അഭിപ്രായം എന്തുകൊണ്ടാണെന്ന് തനിക്കറിയില്ലെന്ന് പറഞ്ഞ രാജു എബ്രഹാം, എ. പദ്മകുമാറുമായി സംസാരിച്ചിരുന്നെന്നും രാവിലെ വിശദമായി സംസാരിക്കാം എന്നാണ് പദ്മകുമാര്‍ പറഞ്ഞതെന്നും വ്യക്തമാക്കി. 

പത്മകുമാര്‍ പത്തനംതിട്ടയില്‍ പാര്‍ട്ടിക്ക് വലിയ സംഭാവന നല്‍കിയിട്ടുള്ള ആളാണ്. ഇപ്പോഴും ഞങ്ങളെല്ലാം ഒരു ടീമായാണ് പ്രവര്‍ത്തിക്കുന്നത്. വളരെ മാതൃകാപരമായ പ്രവര്‍ത്തനമാണ് അദ്ദേഹം നടത്തുന്നത്. അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ പറയേണ്ടത് അദ്ദേഹത്തിന്റെ ഘടകമായ ജില്ലാകമ്മിറ്റിയിലാണ്. അതുകൊണ്ടാണ് എന്ത് സാഹചര്യത്തിലാണ് അദ്ദേഹം അങ്ങനെ പറഞ്ഞതെന്ന കാര്യം പരിശോധിക്കും എന്ന് ഞാന്‍ പറഞ്ഞത്. പാര്‍ട്ടിക്കൊരു ഭരണഘടനയുണ്ട്. പാര്‍ട്ടിഘടകം തന്നെയാണ് പാര്‍ട്ടി പ്രവര്‍ത്തകരെ സംബന്ധിച്ച് ഏറ്റവും പ്രധാനമായ കാര്യം, രാജു എബ്രഹാം പറഞ്ഞു. 

പാര്‍ട്ടിയിൽ പ്രവര്‍ത്തിക്കാത്തവര്‍ക്ക് സ്ഥാനക്കയറ്റം നല്‍കി എന്നുള്ള പദ്മകുമാറിന്റെ പ്രസ്താവനയേക്കുറിച്ച് ചോദിച്ചപ്പോള്‍ പത്മകുമാര്‍ അങ്ങനെ പറഞ്ഞിട്ടുണ്ട് എന്ന് താന്‍ കരുതുന്നില്ലെന്നും അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് വസ്തുതാപരമായിരിയല്ലെന്നും രാജു എബ്രഹാം പറഞ്ഞു. പദ്മകുമാര്‍ ഇപ്പോള്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗമാണ്. എന്തുകൊണ്ടാണ് അദ്ദേഹം ബ്രാഞ്ച് തലത്തില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞതെന്ന് അറിയില്ല. അതെല്ലാം പരിശോധനയില്‍ വ്യക്തമാകേണ്ട കാര്യങ്ങളാണ് എന്നും രാജു എബ്രഹാം മാധ്യമങ്ങളോട് പറഞ്ഞു.