
തിരുവനന്തപുരം: ബിജെപിക്ക് കേരളത്തില്‍ പുതിയമുഖം നല്‍കാനെത്തുന്ന രാജീവ് ചന്ദ്രശേഖര്‍ സംഘടനയെ നയിക്കുന്നതെങ്ങനെയെന്നാകും എല്ലാവരും ഇനി ഉറ്റുനോക്കുക. വ്യവസായപ്രമുഖനില്‍നിന്ന് സമ്പൂര്‍ണ രാഷ്ട്രീയക്കാരനായി മാറേണ്ടിവരുമ്പോള്‍ രാജീവിലൂടെ കേരളപാര്‍ട്ടിക്ക് പ്രൊഫഷണല്‍ ശൈലി കൈവരുമെന്നാണ് ബിജെപി കരുതുന്നത്. പരമ്പരാഗത രീതികളും വഴിമാറും.
എന്നാല്‍, പ്രായോഗികരാഷ്ട്രീയത്തില്‍ പുതുമുഖമായ രാജീവ് ചന്ദ്രശേഖറിന് പാര്‍ട്ടിയെ നയിക്കാന്‍ പുതിയ മെയ്വഴക്കം ശീലിക്കേണ്ടിവരും. പാര്‍ട്ടിക്കുപരി സ്വീകാര്യതയുള്ള, ഫുള്‍ടൈം പാര്‍ട്ടിക്കാരനല്ലാത്ത രാജീവിനെ സര്‍പ്രൈസ് പ്രസിഡന്റ് ആക്കിയതിലൂടെ കേരളത്തില്‍ പുതിയ പരീക്ഷണമാണ് ബിജെപി നടത്തുന്നത്.
കേരള ബിജെപിയില്‍ ഗ്രൂപ്പില്ലെന്നത് നേതാക്കളുടെ ആണയിടല്‍മാത്രം. അടിത്തട്ടിലെ നീക്കങ്ങള്‍ ഗ്രൂപ്പ് അടിസ്ഥാനത്തിലാണെന്ന് അണികള്‍ക്കെന്നതുപോലെ കേന്ദ്രനേതൃത്വത്തിനുമറിയാം. അതുകൊണ്ടുതന്നെ ഗ്രൂപ്പ് മാനേജര്‍മാര്‍ക്കുള്ള മുന്നറിയിപ്പുകൂടിയാണ് രാജീവിന്റെ കടന്നുവരവ്.
നേതൃനിരയിലെ പ്രമുഖരെയെല്ലാം ചേര്‍ത്തുപിടിച്ചും ഒപ്പംനിര്‍ത്തിയും വരുന്ന തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പിന് പാര്‍ട്ടിയെ ഒരുക്കുകയെന്ന വെല്ലുവിളിയാണ് രാജീവിന് മുന്നിലുള്ളത്. അതിനുവേണ്ടി താഴേത്തട്ടിലേക്കിറങ്ങാന്‍, സാധാരണ പ്രവര്‍ത്തകര്‍ക്കൊപ്പം ചേരാന്‍ പുതിയ രാഷ്ട്രീയവഴക്കം ശീലിക്കേണ്ടിവരും. .
രാജീവ് ചന്ദ്രശേഖര്‍ കേരളത്തിനു കൂടുതല്‍ സുപരിചിതനായത് കഴിഞ്ഞ ലോക്സഭാ തിരഞ്ഞടുപ്പില്‍ തിരുവനന്തപുരത്ത് സ്ഥാനാര്‍ഥിയായപ്പോഴാണ്. മുഖ്യഎതിരാളി ശശിതരൂരിന്റെ 2019-ലെ ഭൂരിപക്ഷം(99,989) 2024ല്‍ 16,077-ലേയ്ക്ക് താഴ്ത്തി രണ്ടാംസ്ഥാനത്തെത്തിയത് നേട്ടമായി. രാഷ്ട്രീയത്തിനതീതമായ സ്വീകാര്യത ലഭിച്ചുവെന്നായിരുന്നു രാജീവിന്റെ വിലയിരുത്തല്‍.
ലോക്സഭാ തിരഞ്ഞെടുപ്പിനുശേഷം, രാജീവ് ചന്ദ്രശേഖര്‍ തലസ്ഥാനത്ത് സജീവമാവുകയും താമസസൗകര്യമൊരുക്കുകയും ചെയ്തതോടെ അടുത്ത നിയമസഭയോ ലോക്സഭയോ അദ്ദേഹം ലക്ഷ്യമിടുന്നു എന്ന കണക്കുകൂട്ടലിലായിരുന്നു മിക്കവരും.
ഇന്റലില്‍നിന്ന് ബിപിഎല്‍, പിന്നെ രാഷ്ട്രീയം
1964 മേയ് 31-ന് ഗുജറാത്തിലെ അഹമ്മദാബാദില്‍ ജനനം. വ്യോമസേന എയര്‍ കമ്മഡോര്‍ തൃശ്ശൂര്‍ ദേശമംഗലം സ്വദേശി എം.കെ. ചന്ദ്രശേഖറിന്റെയും ആനന്ദവല്ലി അമ്മയുടെയും മകന്‍. മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്ന് ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം. ഷിക്കാഗോ ഇല്ലിനോയിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍നിന്ന് കംപ്യൂട്ടര്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം. ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്ന് അഡ്വാന്‍സ് മാനേജ്മെന്റ് പ്രോഗ്രാം പൂര്‍ത്തിയാക്കി. 1988- 1991-ല്‍ അമേരിക്കയിലെ ഇന്റല്‍ കമ്പനിയില്‍ ജോലിചെയ്തു.
1991-ല്‍ ബിപിഎല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ടി.പി.ജി. നമ്പ്യാരുടെ മകള്‍ അഞ്ജുവിനെ വിവാഹം ചെയ്തു. ബിപിഎലിന്റെ മൊബൈല്‍ ഫോണ്‍ കമ്പനിയും ജുപ്പീറ്റര്‍ ഫിനാഷ്യല്‍ ഇന്‍വെസ്റ്റ്മെന്റ് കമ്പനിയും തുടങ്ങി. 2006മുതല്‍ 2024വരെ 18 വര്‍ഷം കര്‍ണാടകയില്‍നിന്നുള്ള രാജ്യസഭാംഗമായിരുന്ന രാജീവ് 2021 മുതല്‍ 2024 വരെ രണ്ടാം നരേന്ദ്രമോദി മന്ത്രിസഭയില്‍ സഹമന്ത്രിയായി. തൃശ്ശൂര്‍ ദേശമംഗലം പഞ്ചായത്തിലെ കൊണ്ടയൂരാണ് വീട്. വേദ്, ദേവിക എന്നിവര്‍ മക്കള്‍.
അമരത്ത് രാജീവ് ചന്ദ്രശേഖര്‍
തിരുവനന്തപുരം: രാജീവ് ചന്ദ്രശേഖര്‍ കേരളത്തില്‍ ബിജെപിയെ നയിക്കും. തിങ്കളാഴ്ച സംസ്ഥാനകൗണ്‍സില്‍ യോഗത്തില്‍ രാജീവിനെ പ്രസിഡന്റായി ഔദ്യോഗികമായി പ്രഖ്യാപിക്കും. സാധ്യതാപട്ടികയിലുണ്ടായിരുന്ന നേതാക്കളെയെല്ലാം തള്ളിയാണ് മൂന്നുതവണ രാജ്യസഭാഗവും രണ്ടാം മോദിസര്‍ക്കാരില്‍ സഹമന്ത്രിയുമായിരുന്ന രാജീവ് ചന്ദ്രശേഖറിന് കേരളത്തിലെ പാര്‍ട്ടിയുടെ ചുമതല കൈമാറുന്നത്. പ്രൊഫഷണല്‍ കാഴ്ചപ്പാടുള്ള ടെക്നോക്രാറ്റിനെ നിയോഗിക്കുകവഴി എല്ലാവിഭാഗങ്ങളുടെയും പിന്തുണയുറപ്പാക്കുകയാണ് ലക്ഷ്യം.
കെ. സുരേന്ദ്രന്റെ പിന്‍ഗാമിയായി രാജീവിനെ നിശ്ചയിച്ചത് പൂര്‍ണമായും ദേശീയനേതൃത്വത്തിന്റെ തീരുമാനമാണ്. ഞായറാഴ്ച കോര്‍കമ്മിറ്റിയില്‍ പേരുപ്രഖ്യാപിക്കുന്നതിനുമുന്‍പ് നേതാക്കളോട് അഭിപ്രായംതേടിയെന്നുമാത്രം. ഞായറാഴ്ച തിരുവനന്തപുരത്തുചേര്‍ന്ന കോര്‍കമ്മിറ്റിയില്‍ കേരള പ്രഭാരി പ്രകാശ് ജാവഡേക്കറാണ് നേതൃത്വത്തിന്റെ തീരുമാനമറിയിച്ചത്. രാജീവ് ചന്ദ്രശേഖറിന്റെ പേരുമാത്രമാണ് കോര്‍കമ്മിറ്റിയില്‍ വന്നത്. പത്രികനല്‍കിയതും അദ്ദേഹംമാത്രം. ഇനി പ്രഖ്യാപനംമാത്രമേ വേണ്ടൂ. വി. മുരളീധരനും കെ. സുരേന്ദ്രനുമൊക്കെ ദേശീയതലത്തില്‍ പുതിയപദവികള്‍ പാര്‍ട്ടി നല്‍കിയേക്കും.
Content Highlights: rajeev chandrasekhar bjp state president intel bpl
Published: 24 Mar 2025, 07:34 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented