തിരുവനന്തപുരം: കോൺഗ്രസിലെ മുതിർന്ന നേതാക്കൾക്കുനേരെ ഒളിയമ്പുമായി പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. ജനം എത്ര തോൽപ്പിച്ചാലും മാറിനിൽക്കാത്തവർക്ക് കെ.ബാബു മാതൃകയാണെന്ന് രാഹുൽ വ്യക്തമാക്കി. പാർട്ടിയുടെ മുഖമായ പ്രധാന നേതാക്കൾ ഒഴികെ മറ്റു പലർക്കും ഇത്തവണ മാറിനില്ക്കണമെന്ന് ചിന്തിക്കാൻ ബാബുവിന്റെ പിന്മാറ്റം ആവേശം നൽകട്ടെയെന്ന് രാഹുൽ പറഞ്ഞു. ഫെയ്‌സ്ബുക്കിലൂടെയാണ് രാഹുലിന്റെ പ്രതികരണം. ലൈംഗിക പീഡന ആരോപണങ്ങളെ തുടർന്ന് രാഹുലിനെ കോൺഗ്രസ് പുറത്താക്കിയിരുന്നു. തൃപ്പൂണിത്തുറ എംഎൽഎയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.ബാബു, ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കുന്നില്ലെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. കെ.ബാബുവിനെ അഭിനന്ദിച്ചുകൊണ്ടുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷൻകൂടിയായ രാഹുലിന്റെ ഒളിയമ്പ്.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം…
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ പാർട്ടി പരാജയപ്പെട്ട വിഷമത്തിൽ നില്ക്കുമ്പോഴും വ്യകതിപരമായി സന്തോഷം നല്കിയ വിജയങ്ങളിൽ ഒന്നായിരുന്നു തൃപ്പൂണിത്തറയിൽ ബാബു ചേട്ടന്റെ വിജയം.
സംസ്ഥാനത്ത് ആകെ LDF ജയിച്ച തിരഞ്ഞെടുപ്പിൽ, സിപിഎം ഏറ്റവും ആഘോഷിക്കുന്ന അവർ സ്റ്റാർ ക്യാൻഡിഡേറ്റ് എന്ന് കരുതുന്ന സീറ്റിംഗ് MLA കൂടിയായ ശ്രീ എം സ്വരാജിനെ ബാബു ചേട്ടൻ തോല്പ്പിച്ചു എന്നുള്ളത് ആയിരുന്നില്ല എന്റെ സന്തോഷത്തിന്റെ കാരണം.
2016 ൽ പരാജയപ്പെട്ട ദിവസം തൊട്ട് 2021 വരെയുള്ള ആ മനുഷ്യന്റെ ജീവിതത്തെ പറ്റി നല്ല ബോധ്യം എനിക്കുണ്ട്. അത് MLA അല്ലാത്തതിന്റെ അധികാര നഷ്ടബോധമല്ല, മറിച്ച് ചെയ്യാത്ത തെറ്റിന്റെ പേരിൽ വേട്ടയാടപ്പെട്ട ഒരു മനുഷ്യന്റെ മാനസികാവസ്ഥയാണ് ആ മനുഷ്യനെ ബാധിച്ചത്. ആൾക്കൂട്ടത്തിൽ ജീവിച്ച ഒരു മനുഷ്യനു ആ ആൾക്കൂട്ടം തന്നെ ഒരു ട്രോമയായ് മാറി. ആരെങ്കിലും ഒന്ന് നോക്കിയാൽ അത് താൻ ചെയ്യാത്ത തെറ്റിൽ തന്നെ ക്രൂശിക്കുകയാണോ ആണോ എന്നുവരെ ആ മനുഷ്യന് തോന്നിയ കാലം.
വീട്ടിൽ ഒതുങ്ങിക്കൂടിയ ആ മനുഷ്യനെ സജീവമാക്കാൻ ഉമ്മൻ ചാണ്ടി സാർ ഒരുപാട് പരിശ്രമിച്ചു. ഒടുവിൽ 2021 ൽ ബാബു ചേട്ടൻ വീണ്ടും മത്സരത്തിന് ഇറങ്ങിയപ്പോൾ ക്രൂരമായി അദ്ദേഹത്തെ വ്യക്തിപരമായി വേട്ടയാടിയിട്ടും, തൃപ്പൂണിത്തുറ പോലെ ഒരു ഇടത്പക്ഷ മണ്ഡലത്തിൽ, ഒരു ഇടത് തരംഗത്തിൽ, അവരന്നു പ്രസംഗിച്ചത് പോലെ അവരുടെ മെസ്സിയെ തോൽപ്പിച്ച് ബാബു ചേട്ടൻ വീണ്ടും നിയമസഭയിലെത്തി.
‘കള്ളൻ ബാബു’ എന്നും ‘കോഴ ബാബു ’ എന്നുമൊക്കെ വിളിച്ച് ആക്ഷേപിച്ചും, കുടുംബത്തെയും കൂട്ടുകാരെയും വരെ പൊതുവിചാരണ നടത്തിയും മാധ്യമങ്ങളിലൂടെ താറടിച്ചും നടന്ന CPM അതിനു ശേഷം 10 വർഷം അധികാരത്തിൽ ഇരുന്നിട്ടും അവർ ഉന്നയിച്ച ഒരൊറ്റ ആരോപണം പോലും തെളിയിക്കാൻ കഴിഞ്ഞില്ല.
അതല്ലെങ്കിലും സത്യം മാത്രമല്ലെ അത്യന്തികമായി ജയിക്കൂ.
ഇന്ന് ബാബു ചേട്ടൻ വീണ്ടും അത്ഭുതമാവുകയാണ്. തനിക്ക് വീണ്ടും മത്സരിക്കാനും ജയിക്കാനും ഉറപ്പായും കഴിയുമെന്നിരിക്കെ ‘ഞാൻ ഇനി പാർലമെന്ററി രംഗത്തേക്ക് ഇല്ല’ എന്ന അദ്ദേഹത്തിന്റെ നിലപാട് അങ്ങേയറ്റം മാതൃകപരമാണ്. ജനം പല കുറി തോൽപ്പിച്ചാൽ പോലും ‘ഞാൻ കൂടി മത്സരിച്ചില്ലെങ്കിൽ ഈ നാട് എങ്ങനെ മുന്നോട്ട് പോകും’ എന്ന് തെറ്റിദ്ധരിക്കുന്ന പലർക്കും ബാബു ചേട്ടൻ മാതൃകയാണ്. മരിക്കുന്നത് ബോർഡ് വെച്ച കാറിൽ ആകണം എന്നു കരുതുന്നവരും ഇത് മാതൃകയാക്കണം.
ചെറുപ്പക്കാരും മധ്യവയസ്കരും അവസരം കിട്ടാത്ത ജനകീയരായ മുതിർന്ന ആളുകളും അടക്കം പുതിയ ആളുകൾ വരട്ടെ എന്നത് ഒരു നല്ല ചിന്തയാണ്. ഏറ്റവും അനിവാര്യരായ, പാർട്ടി ഫേസ് ആയ പ്രധാന നേതാക്കൾ ഒഴികെ മറ്റു പലർക്കും ഇത്തവണ മാറി നില്ക്കണമെന്ന് ചിന്തിക്കാൻ, തൃപ്പുണിത്തറയിൽ ഏറ്റവും വിജയ സാധ്യത ഉള്ള ബാബു ചേട്ടന്റെ പിന്മാറ്റം ആവേശം നല്കട്ടെ....
ബാബു ചേട്ടാ, നിങ്ങൾ അഴിമതിക്കാരനല്ല, തോറ്റുപോയവനുമല്ല എന്ന് കുറ്റബോധത്തോടെ ഇന്ന് ഈ നാട് പറയുന്നുണ്ട്....
നിറയെ സ്നേഹം, അഭിമാനം
Published: 20 Feb 2026, 09:15 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented