കണ്ണൂർ: 'യുദ്ധങ്ങൾ അവസാനിക്കും, നേതാക്കൾ ഹസ്തദാനം ചെയ്യും. ആ വൃദ്ധ തന്റെ രക്തസാക്ഷിയായ മകനെ കാത്തിരിക്കും. ആ പെൺകുട്ടി തന്റെ പ്രിയപ്പെട്ട ഭർത്താവിനായി കാത്തിരിക്കും. ആ കുട്ടികൾ അവരുടെ പിതാവിനെ നോക്കിയിരിക്കും...' - പലസ്തീനിയൻ കവി മുഹമ്മദ് ദർവേഷിന്റെ വളരെ പ്രശസ്തമായ ഒരു കവിതയിലെ വരികൾ ഉദ്ധരിച്ചുകൊണ്ടാണ് കോടതി ധനരാജ് വധക്കേസിലെ പ്രതികൾക്ക് ശിക്ഷ വിധിച്ചത്.

To advertise here,

ലോകത്ത് എന്തൊക്കെ സംഭവിച്ചാലും ആത്യന്തികമായി നഷ്ടം സംഭവിക്കുന്നത് ആർക്കാണെന്ന് സൂചിപ്പിക്കുന്ന വളരെ വൈകാരികമായ വരികളാണ് തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ഉപയോഗിച്ചത്. ഇത്തരം രാഷ്ട്രീയ കൊലപാതകങ്ങൾ നടന്ന് കുറച്ചുകഴിയുമ്പോൾ രാഷ്ട്രീയ നേതാക്കൾ കൈകൊടുത്ത് പിരിയും. പക്ഷേ കൊല്ലപ്പെട്ട പാർട്ടി പ്രവർത്തകന്റെ കുടുംബത്തിന് അത് എന്നെന്നേക്കുമായി തീരാനോവാണ് അവശേഷിപ്പിക്കുക.

ഇത്തരത്തിൽ അർത്ഥവത്തായ നിരീക്ഷണങ്ങൾക്കൊടുവിലാണ് കോടതി കുറ്റം ചെയ്തതായി തെളിഞ്ഞ മൂന്ന് പ്രതികൾക്കും ജീവപര്യന്തം തടവും അഞ്ചുലക്ഷം രൂപ പിഴയും വിധിച്ചത്. 19 പ്രതികളിൽ 16-ഓളം പ്രതികളെ വിട്ടയച്ചുവെങ്കിലും പ്രധാന പ്രതികൾക്ക് കോടതി വിധിച്ച ശിക്ഷയിൽ പ്രോസിക്യൂഷൻ തൃപ്തി പ്രകടിപ്പിച്ചു. 2016 ജൂലായ് 11-ന് രാത്രിയിലാണ് രാമന്തളി കുന്നരുകാരന്താട്ടെ സിപിഎം പ്രവർത്തകനും ഡി.വൈ.എഫ്.ഐ. നേതാവുമായിരുന്ന സി.വി. ധനരാജ് കൊല്ലപ്പെട്ടത്.

ഒന്നാംപ്രതി ടി.പി. ബിജു, രണ്ടാംപ്രതി എം. വിപിൻ, ഇയാളുടെ സഹോദരനും കേസിലെ മൂന്നാംപ്രതിയുമായ എം. വൈശാഖ് എന്നിവർക്കാണ് ശിക്ഷ വിധിച്ചത്. പ്രതികൾ ദയ അർഹിക്കുന്നില്ലെന്നും പിഴത്തുക ധനരാജിന്റെ കുടുംബത്തിന് കൈമാറണമെന്നും കോടതി ചൂണ്ടിക്കാട്ടി. വിവിധ വകുപ്പുകളിലായി പ്രതികൾക്ക് 5.4 വർഷത്തെ പ്രത്യേക തടവും വിധിച്ചിട്ടുണ്ട്. ഇത് പൂർത്തീകരിച്ച ശേഷമാണ് ജീവപര്യന്ത്യം തടവ് ആരംഭിക്കുക.

വീട്ടിൽ അതിക്രമിച്ച് കടന്നതിന് മൂന്ന് മാസം, അമ്മയെ ആക്രമിച്ചതിന് ഒരു വർഷം. ഭാര്യ, അമ്മ എന്നിവരെ തടഞ്ഞ് നിർത്തി ഭീഷണിപ്പെടുത്തിയതിന് ഒരു മാസം. ആയുധം കൊണ്ട് ആക്രമിച്ചതിന് നാല് വർഷം. കൊലപാതകത്തിന് ജീവപര്യന്തം എന്നിങ്ങനെയാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.

പിഴ അടയ്ക്കാത്ത പക്ഷം അഞ്ചുവർഷം അധികം ശിക്ഷകൂടി അനുഭവിക്കേണ്ടിവരും. എല്ലാ ശിക്ഷയും പ്രേത്യേകം അനുഭവിക്കണം. മൂന്ന് പ്രതികളും കൂടി 15 ലക്ഷം രൂപയാണ് പിഴയായി അടയ്‌ക്കേണ്ടവരിക. ഈ തുക ധനരാജിന്റെ കുടുംബത്തിന് നൽകണം. ഇതിനായി ലീഗൽ സെൽ അതോറിട്ടിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പ്രതികളെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റും.