തിരുവനന്തപുരം: തിരഞ്ഞെടുപ്പിൽ സർക്കാരിനെയും എൽഡിഎഫിനെയും പ്രതിരോധത്തിലാക്കിയ എല്ലാവിഷയങ്ങളെയും മുക്കിക്കളഞ്ഞ രാഹുൽ മാങ്കൂട്ടത്തിലിന്റെ ലൈംഗിക അതിക്രമക്കേസിൽനിന്ന് രാഷ്ട്രീയമോചനത്തിന് കോൺഗ്രസ് ശ്രമം. ശബരിമലയടക്കമുള്ള വിഷയം വീണ്ടും ചർച്ചയാക്കി സിപിഎമ്മിനെതിരേ ഒന്നിച്ചിറങ്ങാനാണ് തീരുമാനം.

To advertise here,

തിരഞ്ഞെടുപ്പുകഴിയുംവരെ കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്യാതിരിക്കാൻ അന്വേഷണസംഘത്തിന് മുൻപിൽ മുഖ്യമന്ത്രിയുടെ ഓഫീസ് സമ്മർദം ചെലുത്തുന്നുവെന്ന പ്രതിപക്ഷനേതാവിന്റെ ആരോപണം പ്രചാരണത്തിന്റെ ചൂടുകൂട്ടാൻ ലക്ഷ്യമിട്ടുള്ളതാണ്.

രാഹുലിനെ പുറത്താക്കിയതിലെ കോൺഗ്രസിന്റെ ‘ഗതികേട്’ ചൂണ്ടിക്കാട്ടിയുള്ള പ്രതിരോധത്തിലാണ് സിപിഎം ഊന്നുന്നത്. സമാന കേസുകളിൽപ്പെട്ട് ജയിലിൽകിടന്ന എംഎൽഎമാർ ഇപ്പോഴും കോൺഗ്രസിലുണ്ടല്ലോ, അവരെ എന്തുകൊണ്ടാണ് പുറത്താക്കാത്തതെന്ന് മുഖ്യമന്ത്രി ചോദിച്ചതിന്റെ പൊരുൾ അതാണ്.

രാഹുൽ മാങ്കൂട്ടത്തിൽ ഇനി കോൺഗ്രസിന്റെ വിഷയമല്ലെന്നതാണ് നേതാക്കൾ സ്വീകരിക്കുന്ന സമീപനം. രാഹുലിനെ അറസ്റ്റ് ചെയ്തില്ലെങ്കിൽ അത് പോലീസിന്റെ കഴിവുകേടാണ്. മുഖ്യമന്ത്രിക്ക് പരാതി കിട്ടിയ ഉടനെ അറസ്റ്റ് ചെയ്യാതെ, രാഹുലിന് ഒളിവിൽപ്പോകാൻ അവസരം നൽകിയത് തിരഞ്ഞെടുപ്പിൽ വിഷയം സജീവമാക്കി നിർത്താനാണെന്നാണ് കോൺഗ്രസ് നേതാക്കളുടെ വാദം.

ശബരിമല സ്വർണക്കൊള്ളയിൽ പാർട്ടിക്ക് നേരേയുള്ള ചോദ്യം സിപിഎമ്മിനു അസ്വസ്ഥതയുണ്ടാക്കുന്നതാണ്. രാഹുൽ കേസിൽ അത് മുങ്ങിപ്പോയപ്പോൾ ചോദ്യമുനയിൽനിന്ന് നേതാക്കളും രക്ഷപ്പെട്ടു. എന്നാൽ, രാഹുൽവിവാദത്തിന് നേരിയ ശമനമുണ്ടാകുമ്പോൾ ശബരിമല ഉയർന്നുവരുന്നുവെന്നത് സിപിഎമ്മിന് അവഗണിക്കാൻ കഴിയില്ല. നേതാക്കളുടെ വാക്കുകളിലും അത് പ്രകടമാണ്.

ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായവർക്കെതിരേ നടപടിയെടുക്കുന്നത് പാർട്ടി തീരുമാനിക്കുമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഒടുവിലത്തെ പ്രതികരണം. പത്മകുമാർ ഇപ്പോൾ കുറ്റാരോപിതൻ മാത്രമാണെന്നും വിധി വരുന്നതുവരെ കാത്തിരിക്കണമെന്നുമായിരുന്നു നേരത്തേ അദ്ദേഹം പറഞ്ഞത്. ശബരിമലയിൽ ആരു തെറ്റുചെയ്താലും സംരക്ഷിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രിയും വിശദീകരിക്കുന്നു.

കോൺഗ്രസ് ഭാവിനിക്ഷേപമായി അവതരിപ്പിച്ചു-മുഖ്യമന്ത്രി

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുമായി ബന്ധപ്പെട്ട പരാതികളിലൂടെ പുറത്തുവന്നത് ബീഭത്സമായ കാര്യങ്ങളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

പൊതുപ്രവർത്തകന് ചേരാത്ത ലൈംഗികവൈകൃതക്കാരന്റെ ചെയ്തികളാണ് രാഹുലിന്റേത്. ഇതുസംബന്ധിച്ച പരാതികൾ നേരത്തേത്തന്നെ കിട്ടിയിട്ടും ഭാവിയിലെ നിക്ഷേപം എന്നു വിശേഷിപ്പിച്ച് കോൺഗ്രസ് രാഹുലിനെ അവതരിപ്പിക്കുകയായിരുന്നുവെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

രാഹുലിന്റെ അറസ്റ്റ് നീട്ടിക്കൊണ്ടുപോകുന്നുവെന്ന പ്രതിപക്ഷ ആരോപണത്തിനു മറുപടിയായി കോൺഗ്രസിന്റെ അറിവോടെയല്ലേ സംരക്ഷിച്ചിരിക്കുന്നത്, എവിടെയാണെന്ന് പറഞ്ഞാൽ പോലീസ് പിടിച്ചോളുമെന്നായിരുന്നു മറുപടി.

നടപടി മാതൃകാപരമാണെന്ന കോൺഗ്രസ് വാദം ചൂണ്ടിക്കാണിച്ചപ്പോൾ, എംഎൽഎമാരായ എൽദോസ് കുന്നപ്പിള്ളി, എം. വിൻസെന്റ് എന്നിവരെ പാർട്ടിയിൽനിന്ന് പുറത്താക്കിയിട്ടൊന്നുമില്ലല്ലോ എന്ന ചോദ്യമാണ് മുഖ്യമന്ത്രി ഉയർത്തിയത്. എറണാകുളം പ്രസ് ക്ലബ്ബിൽ മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുൻകൂർ ജാമ്യം: ഹർജി ഇന്ന് പരിഗണിക്കും

ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ മുൻകൂർ ജാമ്യംതേടി ഹൈക്കോടതിയെ സമീപിച്ചു. തെറ്റൊന്നും ചെയ്തിട്ടില്ലെന്നും അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണെന്നും അറസ്റ്റുചെയ്താൽ ജാമ്യത്തിൽ വിടണമെന്നുമാണ് ഹർജിയിൽ ആവശ്യപ്പെടുന്നത്.

മാധ്യമപ്രവർത്തകയുമായി അടുപ്പത്തിലായിരുന്നു. സ്വകാര്യസംഭാഷണത്തിന്റെ വോയ്‌സ് ക്ലിപ്പുകൾ സാമൂഹികമാധ്യമങ്ങളിൽ വന്നതോടെ പുറത്തുവിട്ടത് താനാണെന്നു സംശയിച്ച് പരാതിക്കാരി അകന്നെന്നും ഹർജിയിൽ പറയുന്നു. ഹർജി ശനിയാഴ്ച പരിഗണിക്കും.

വിവാഹിതയായിരുന്നെന്നും അകന്നുകഴിയുകയാണെന്നും അറിയാമായിരുന്നു. അതിനാൽ വോയ്‌സ് ക്ലിപ്പുകൾ ചോർന്നതുമായി ബന്ധപ്പെട്ട പരാതി ഇപ്പോൾ ഉന്നയിക്കേണ്ടതില്ലെന്നായിരുന്നു രണ്ടുപേരും തീരുമാനിച്ചത്. എന്നാൽ, താൻ രാഷ്ട്രീയപ്രവർത്തകനായതിനാൽ മാധ്യമങ്ങൾ വ്യാപകപ്രചാരണം നൽകി. എതിർപക്ഷത്തുള്ളവർ നിലവിലെ രാഷ്ട്രീയസാഹചര്യം ഉപയോഗിച്ചു. ഇതോടെയാണ് പരാതിക്കാരി തന്നെ തള്ളിപ്പറയുന്നത്. സംഭാഷണത്തിന്റെ വിവരങ്ങൾ തന്റെ പക്കലുണ്ടെന്നും പോലീസ് പിന്നാലെയുള്ളതിനാൽ ഇത് ഹാജരാക്കാനാകുന്നില്ലെന്നും ഹർജിയിൽ പറയുന്നു.

വൈകിയുള്ള പരാതിയിൽ പ്രാഥമിക അന്വേഷണം നടത്തണമെന്ന് സുപ്രീംകോടതിതന്നെ പറഞ്ഞിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥനുമുൻപിൽ ഹാജരാകാൻ അവസരം ലഭിച്ചാൽ കാര്യങ്ങൾ വിശദീകരിക്കാൻ തയ്യാറാണെന്നും പറയുന്നു.

ഒളിവിൽത്തന്നെ

ലൈംഗികപീഡനക്കേസിലെ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഒളിവിൽ തുടരുന്നു. സിറ്റി പോലീസിന്റെ അന്വേഷണസംഘം ബെംഗളൂരുവിൽ തുടരുന്നുണ്ട്. മൂന്നു പോലീസ് സംഘങ്ങളിൽ രണ്ടെണ്ണം കേരള അതിർത്തിയിലേക്ക് മാറി തിരച്ചിൽ നടത്തുന്നുണ്ട്.

അന്വേഷണം തുടരുകയാണെന്നും രാഹുലിനെ രക്ഷപ്പെടാൻ സഹായിച്ച ഡ്രൈവറെയും സഹായിയെയും കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്ത് വിട്ടയച്ചതായും സിറ്റി പോലീസ് കമ്മിഷണർ തോംസൻ ജോസ് പറഞ്ഞു.

സ്റ്റേഷൻജാമ്യം ലഭിക്കാവുന്ന കുറ്റമാണ് ഇരുവരുടെയും പേരിൽ ചുമത്തിയിട്ടുള്ളത്.

രാഹുലിന്റെ ഫോൺ ഉള്ളിടത്തല്ല രാഹുൽ ഉള്ളതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഒളിവിൽ തുടരാൻ കർണാടകയിൽ കാര്യമായ സഹായംലഭിക്കുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ചില പ്രാദേശിക കോൺഗ്രസ് നേതാക്കളും സുഹൃത്തുക്കളും സഹായിക്കുന്നുണ്ട്.

എവിടെയാണെന്ന് മുഖ്യമന്ത്രിക്കറിയാം-അടൂർ പ്രകാശ്

രാഹുൽ മാങ്കൂട്ടത്തിൽ എവിടെയാണെന്ന് മുഖ്യമന്ത്രിക്കും പോലീസിനുമറിയാമെന്നും തിരഞ്ഞെടുപ്പുദിവസംവരെ വിഷയം ചർച്ചയാക്കിനിർത്താൻ അറസ്റ്റ് വൈകിപ്പിക്കുകയാണെന്നും യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എംപി. കൊല്ലം പ്രസ് ക്ലബ് സംഘടിപ്പിച്ച ‘ദേശപ്പോര്’ സംവാദപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരാതി ലഭിച്ചിരുന്നില്ല. ഇല്ലാത്ത പരാതിയുടെപേരിൽ ക്രൂശിക്കാൻ പാടില്ലെന്നതിനാലാണ് മുൻപ് നടപടി സ്വീകരിക്കാതിരുന്നത്. രാഹുൽ തെറ്റുചെയ്തെന്ന് ബോധ്യപ്പെട്ടതിനാലാണ് നടപടിയെടുത്തത്‌. കോൺഗ്രസ് സംസ്കാരസാഹിതി സംസ്ഥാന ജനറൽ സെക്രട്ടറി എം.എ. ഷഹനാസിന്റെ പരാതിയെപ്പറ്റിയുള്ള ചോദ്യത്തിൽ ആ വ്യക്തിയെ അറിയില്ലെന്നായിരുന്നു അടൂർ പ്രകാശിന്റെ മറുപടി.

രണ്ടാമത്തെ പീഡനക്കേസ് എഐജി പൂങ്കുഴലി അന്വേഷിക്കും

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പ്രതിയായ രണ്ടാമത്തെ ലൈംഗിക പീഡനക്കേസ് പോലീസ് ആസ്ഥാനത്തെ എഐജി ജി. പൂങ്കുഴലി അന്വേഷിക്കും. അന്വേഷണസംഘത്തെ വനിതാ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി വിപൂലീകരിക്കുമെന്ന് ജി. പൂങ്കുഴലി പറഞ്ഞു. മൊഴിനൽകാൻ അതിജീവിത തയ്യാറായ സാഹചര്യത്തിലാണ് അന്വേഷണച്ചുമതല വനിതാ ഉദ്യോഗസ്ഥയ്ക്ക് കൈമാറിയതെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. ആദ്യ കേസിലെ അതിജീവിതയ്ക്കെതിരേയുള്ള സൈബർ അതിക്രമങ്ങളെത്തുടർന്ന് രണ്ടാമത്തെ കേസിൽ രഹസ്യ സ്വഭാവം സൂക്ഷിക്കാൻ കർശനനിർദേശം നൽകിയിട്ടുണ്ട്. ചൊവ്വാഴ്ച കോൺഗ്രസ് നേതൃത്വത്തിനുലഭിച്ച ഇ-മെയിൽ പരാതി ഡിജിപിക്ക് കൈമാറുകയായിരുന്നു. 2023-ൽ സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട് വിവാഹ വാഗ്ദാനം നൽകി ക്രൂരമായി ബലാത്സംഗം ചെയ്തെന്നാണ് പെൺകുട്ടിയുടെ പരാതി