തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പീഡനപരാതിയിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി ഉത്തരവ് പുറത്ത്. 22 പേജുള്ള ഉത്തരവാണ് കോടതി പുറപ്പെടുവിച്ചത്. രാഹുലിന്റെ അഭിഭാഷകൻ ഉന്നയിച്ച ആരോപണങ്ങളും പ്രോസിക്യൂഷൻ വാദങ്ങളും ഉത്തരവിൽ പറയുന്നു.

To advertise here,

പ്രതി ഉന്നത സ്വാധീനമുള്ള വ്യക്തിയാണെന്ന പ്രോസിക്യൂഷൻ വാദം കോടതിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. എംഎൽഎ എന്ന പദവി ഉപയോഗിച്ച് കേസിൽ സ്വാധീനം ചെലുത്തുകയും സാക്ഷികളെയും പരാതിക്കാരെയും ഭീഷണിപ്പെടുത്തുകയും തെളിവ് നശിപ്പിക്കുകയും ചെയ്യാനുള്ള സാധ്യതയുണ്ടെന്ന് കോടതി വ്യക്തമാക്കി,. ഈ ഒറ്റ കാരണത്താലാണ് രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം നിഷേധിച്ചത്.

പദവി ദുരുപയോഗം ചെയ്തുകൊണ്ട് കേസിലെ സാക്ഷികളെയും പരാതിക്കാരെയും ഭീഷണിപ്പെടുത്താനും സ്വാധീനിക്കാനും പ്രതിക്ക് കഴിയുമെന്ന്  കോടതി നിരീക്ഷിച്ചു. സമീപ ദിവസങ്ങളിലെ സംഭവവികാസങ്ങൾ പ്രോസിക്യൂഷൻ കോടതിയെ ധരിപ്പിച്ചു, ഇത് ജാമ്യം നിഷേധിക്കുന്നതിന് ഒരു കാരണമായി. പ്രോസിക്യൂഷൻ ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. എന്നാൽ, ഈ ഘട്ടത്തിൽ തെളിവുകൾ സംബന്ധിച്ചുള്ള ഒരു വിലയിരുത്തലിലേക്ക് പോകാൻ കഴിയില്ലെന്നും, അത് അന്വേഷണം പൂർത്തിയാക്കി വിചാരണ ഘട്ടത്തിൽ മാത്രമേ നടത്താൻ കഴിയുമെന്നും കോടതി നിരീക്ഷിച്ചു.

ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് രജിസ്റ്റർ ചെയ്ത രണ്ടാമത്തെ എഫ്ഐആർ കൂടി പരിഗണിച്ച് ജാമ്യം നിഷേധിക്കണമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. പുതിയ പരാതി വന്നതോടെ പ്രതി സ്ഥിരം കുറ്റവാളിയാണ് എന്ന് പ്രോസിക്യൂഷൻ അഭിപ്രായപ്പെട്ടു. എന്നാൽ, രണ്ടാമത് ഒരു കേസ് വന്നു എന്നതുകൊണ്ട് രാഹുൽ മാങ്കൂട്ടത്തിൽ സ്ഥിരം കുറ്റവാളിയാണ് എന്ന് പറയാൻ കഴിയില്ലെന്നാണ് കോടതി നിരീക്ഷിച്ചത്.

കെപിസിസി പ്രസിഡന്റ് വഴി സംസ്ഥാന പോലീസ് മേധാവിക്ക് ലഭിച്ച പരാതിയാണ് രണ്ടാമത്തെ എഫ്ഐആറിന് ആധാരമായത്. ഇത് അടിസ്ഥാനമാക്കി ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും പ്രത്യേക എസ്ഐടി രൂപീകരിക്കുകയും ചെയ്തു. എസ്ഐടി ഇന്ന് യോഗം ചേർന്ന ശേഷം, കെപിസിസി പ്രസിഡന്റിന് വന്ന മെയിൽ ഐഡിയിലേക്ക് പോലീസ് നോട്ടീസ് അയച്ചു. പരാതിക്കാരിയോട് നേരിട്ട് വന്ന് പോലീസിന് മുൻപിൽ മൊഴി നൽകാൻ അഭ്യർത്ഥിച്ചിരിക്കുകയാണ്. മൊഴി നൽകുന്നത് വരെ ഈ കേസിൽ രാഹുൽ മാങ്കൂട്ടത്തിൻ്റെ അറസ്റ്റ് ഉണ്ടാകില്ല. എന്നാൽ, മൊഴി നൽകുന്നതോടുകൂടി അറസ്റ്റ് അടക്കമുള്ള നടപടികളുമായി മുന്നോട്ട് പോകാൻ അന്വേഷണ സംഘത്തിന് കഴിയും.

പരാതിക്കാരി വിവാഹിതയായിരുന്നു. പരാതിക്കാരിയുമായി ഹർജിക്കാരന് പരസ്പര ധാരണ പ്രകാരമുള്ള ബന്ധമാണ് ഉണ്ടായിരുന്നത്. ഭാരതീയ ന്യായസംഹിതയുടെ സെക്ഷൻ 64 പ്രകാരമുള്ള കുറ്റകൃത്യം ചുമത്താനുള്ള കാരണങ്ങൾ ഈ കേസിൽ ഇല്ല. പെൺകുട്ടി ഗർഭനിരോധന ഗുളിക കഴിച്ചത് സ്വന്തം ഇഷ്ടപ്രകാരമാണ്, അതിൽ ഹർജിക്കാരന് യാതൊരു സ്വാധീനവുമില്ല. പരാതിക്ക് രാഷ്ട്രീയ സ്വാധീനമുണ്ടെന്നും പെൺകുട്ടി ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ സമ്മർദ്ദം കാരണമാണ് പരാതി നൽകിയതെന്നും രാഹുൽ മാങ്കൂട്ടത്തിലിന്റെ അഭിഭാഷകൻ വാദിച്ചു.