
കൊച്ചി: നടി അൻസിബ ഹസന്റെ പരാതിയിൽ കടവന്ത്ര പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ മുൻകൂർ ജാമ്യം തേടി നടൻ ടിനി ടോം. എറണാകുളം സെഷൻസ് കോടതിയിൽ ഹർജി ഫയൽ ചെയ്തു.
നേരത്തെ അൻസിബയുടെ പരാതിയിൽ നടൻ ടിനി ടോമിനെതിരെ കടവന്ത്ര പോലീസ് കേസ് എടുത്തിരുന്നു. കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കേസ്. ആറോളം വകുപ്പുകളാണ് ടിനിക്കെതിരെ ചുമത്തിയത്. സ്ത്രീത്വത്തെ അപമാനിച്ചു എന്നതുൾപ്പെടെയുള്ള വകുപ്പുകൾ എഫ്‌ഐആറിലുണ്ട്.
ഇതേത്തുടർന്നാണ് ടിനി ടോം സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യഹർജി ഫയൽ ചെയ്തിരിക്കുന്നത്. ഹർജിയിൽ കോടതി പോലീസ് റിപ്പോർട്ട് തേടി. പോലീസിന്റെ റിപ്പോർട്ട് ലഭിച്ച ശേഷം കോടതി ഹർജി പരിഗണിക്കും.
തന്നെ ജിഹാദി എന്ന് വിളിച്ച് അധിക്ഷേപിച്ചു, താൻ ചിലരെ മതപരിവർത്തനം നടത്താൻ ശ്രമിച്ചു എന്ന തരത്തിൽ ടിനി ടോം പറഞ്ഞു എന്നീ ആരോപണങ്ങളാണ് അൻസിബയുടെ പരാതിയിൽ ഉള്ളത്. സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രവർത്തനങ്ങളാണ് ടിനി ടോമിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് പരാതിയിൽ പറയുന്നു.
അൻസിബയുടെ പരാതിയിൽ പോലീസ് എടുത്ത കേസിൽ ജാമ്യമില്ലാവകുപ്പുകൾ ഉൾപ്പെടെ ചുമത്തിയിട്ടുണ്ട്. കേസ് രജിസ്റ്റർ ചെയ്ത കടവന്ത്ര പോലീസ് അന്വേഷണം തുടരുന്ന ഘട്ടത്തിലാണ് ടിനിയുടെ മുൻകൂർ ജാമ്യാപേക്ഷ.
നേരത്തെ, അൻസിബയുടെ പരാതിയിൽ കേസെടുക്കാൻ കഴിയില്ലെന്നായിരുന്നു പോലീസിന്റെ നിലപാട്. പ്രാഥമിക പരിശോധനയുടെ ഭാഗമായി അൻസിബ, ടിനി ടോം, നീന കുറുപ്പ് എന്നിവരുടെ മൊഴി രേഖപ്പെടുത്തിയ ശേഷമായിരുന്നു പോലീസിന്റെ നിഗമനം. പിന്നാലെ അൻസിബ കോടതിയെ സമീപിച്ചു. പോലീസ് റിപ്പോർട്ട് അപൂർണമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതിയിൽ കേസെടുക്കാൻ കോടതി നിർദേശിച്ചത്. തുടർന്നാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.
Content Highlights: Actor Tini Tom has approached the Ernakulam Sessions Court seeking anticipatory bail following a case registered against him by the Kadavanthra police. The police action was initiated based on a court directive after actress Ansiba Hassan filed a complaint alleging that Tini Tom insulted her womanhood
Published: 08 Jul 2026, 03:47 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented