
നെടുമങ്ങാട് : ഇന്ത്യ സ്വതന്ത്രമാകുന്നതിനും ഏഴുവർഷം മുൻപ് പേപ്പാറ വന്യജീവി സങ്കേതത്തിലെ ആദിവാസി ഊരിൽ റേഡിയോ സംഗീതം കേൾപ്പിച്ച മല്ലൻ കാണി അന്തരിച്ചു. കോട്ടൂർ എറുമ്പിയാട് ഉന്നതിയിലെ ഏറ്റവും പ്രായംചെന്ന ഊര് മൂപ്പനായിരുന്നു മല്ലൻ കാണി. മരിക്കുമ്പോൾ റേഷൻകാർഡിലെ പ്രായം 106. ആരോഗ്യപ്പച്ചയെ ലോകത്തിന് പരിചയപ്പെടുത്തിയ സംഘത്തിൽ മല്ലൻകാണിയുണ്ടായിരുന്നു. കാട്ടറിവുകൾ പുതുതലമുറയ്ക്ക് െെകമാറിയാണ് മല്ലൻകാണി യാത്രയാവുന്നത്.
ശനിയാഴ്ച ഉച്ചയ്ക്കാണ് മല്ലൻ കാണി അന്തരിച്ചത്. അഗസ്ത്യകൂടത്തിന്റെ താഴ്‌വരയിൽ ആദ്യമായി റേഡിയോ കേട്ടത് മല്ലൻ കാണിയുടെ ഈറ്റക്കുടിലിൽ നിന്നായിരുന്നു. അങ്ങനെയാണ് ഊരകം മല്ലൻ കാണിക്ക് പുതിയൊരു പേരിട്ടത്. റേഡിയോ മല്ലൻ കാണി. അത് പിന്നീട് ഈ മനുഷ്യന്റെ മേൽവിലാസമായി. 1940-ൽ ആണ് മല്ലൻ കാണിക്ക് അമേരിക്കൻ കമ്പനിയായ മർഫിയുടെ റേഡിയോ ലഭിച്ചത്. കാടു കാണാനായി പലവട്ടംവന്ന ബ്രിട്ടീഷ് സായിപ്പ് ആണ് ഇദ്ദേഹത്തിന് മർഫി റേഡിയോ സമ്മാനിച്ചത്. കാടു കാണാനെത്തുമ്പോൾ ഇവർക്ക് വഴികാട്ടിയായിരുന്നു മല്ലൻ കാണി. ഈ ചങ്ങാത്തത്തിനൊടുവിലാണ് ഒരിക്കൽ കൈയ്യിലുണ്ടായിരുന്ന ചെറിയ റേഡിയോ മല്ലൻ കാണിക്ക് സ്‌നേഹത്തിന്റെ അടയാളമായി സായിപ്പ് നൽകിയത്. സിലോണിൽനിന്നുള്ള സംപ്രേഷണമാണ് റേഡിയോയിൽ കൂടുതലും ലഭിച്ചിരുന്നത്. മല്ലൻ കാണിക്ക് റേഡിയോ സ്വന്തമായതോടെ സമീപത്തെ പല ഊരുകളിൽനിന്നായി നിരവധി ആദിവാസികൾ മല്ലന്റെ കൂരയിലെത്തി. എല്ലാ വൈകുന്നേരങ്ങളും മല്ലന്റെ വീട്ടുമുറ്റം നിറയെ ആൾക്കൂട്ടമായിരുന്നു- റേഡിയോ കേൾക്കാനുള്ള കൂട്ടം.
സ്വാതന്ത്ര്യസമരവും രാജ്യത്ത് നടക്കുന്ന സംഭവങ്ങളുമെല്ലാം റേഡിയോയിലൂടെ ഇവർ അറിഞ്ഞു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതും ഗാന്ധിജി വെടിയേറ്റ് മരിച്ചതും ജവഹർലാൽനെഹ്‌റു പ്രധാനമന്ത്രി ആയതുമെല്ലാം ഊരിലെ ആദിവാസികൾ അറിഞ്ഞത് മല്ലൻ കാണിയുടെ റേഡിയോയിലൂടെയാണ്. 2019-ൽ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് അന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായിരുന്ന ടിക്കാറാം മീണ കോട്ടൂരിലെത്തി റേഡിയോ മല്ലൻ കാണിയെ ആദരിച്ചിരുന്നു. അന്ന് ചെമ്മങ്കാല ഊരിലായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. കാട്ടിൽ നിന്ന് മണിക്കൂറുകൾ നടന്ന് വേദിയിലെത്തിയ മല്ലൻ കാണിയുടെ കൈയ്യിൽ അമ്പും വില്ലും ഉണ്ടായിരുന്നു. ആദിവാസി ഊരുകൾ തിരുവിതാംകൂർ രാജകുടുംബത്തിനുള്ള ഒാണക്കാഴ്ച സമർപ്പിക്കുന്ന സംഘത്തിലും മല്ലൻ കാണിയുണ്ടായിരുന്നു. എല്ലാ ഓണക്കാലത്തും കാട്ടുതേൻ ഉൾപ്പെടെയുള്ള വനവിഭവങ്ങളുമായി കോട്ടൂരിൽ നിന്നും ആദിവാസികൾ തിരുവിതാംകൂർ കൊട്ടാരത്തിലെത്തി ഓണക്കാഴ്ച സമർപ്പിക്കുന്നുണ്ട്.
Content Highlights: radio mallan kani passes away
Published: 14 Jul 2025, 07:31 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented