
കരുളായി: മലപ്പുറം കരുളായി ഉള്‍വനത്തിലെ ഗുഹാവാസികളായ ചോലനായ്ക്കര്‍ക്കുള്ള സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം മുടങ്ങി. അടുത്ത രണ്ടാഴ്ചത്തേക്കുള്ള അരിയൊഴികെയുള്ള പലവ്യഞ്ജനങ്ങള്‍ ബുധനാഴ്ച നല്‍കേണ്ടതായിരുന്നു. എന്നാല്‍ സാധനങ്ങളില്ലാത്തതിനാല്‍ വിതരണം നടന്നില്ല. വിവിധ അളകളിലായി കഴിയുന്ന 70 കുടുംബങ്ങള്‍ക്കുള്ള കിറ്റ് വിതരണമാണു നിലച്ചത്. ഇതോടെ ഐ.ടി.ഡി.പിയുടെ ഭക്ഷ്യക്കിറ്റ് മാത്രം ആശ്രയിച്ചു കഴിയുന്ന ഗുഹാവാസികള്‍ കടുത്ത പ്രയാസത്തിലായി.
ഓരോ വര്‍ഷവും നടപ്പാക്കുന്ന പദ്ധതിയിലൂടെയാണ് ഇവര്‍ക്കുള്ള ഭക്ഷ്യക്കിറ്റ് നല്‍കുന്നത്. പുതിയ പദ്ധതി തയ്യാറാക്കിയപ്പോഴേക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍വന്നു. പെരുമാറ്റച്ചട്ടം നിലനില്‍ക്കെ പുതിയ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കാന്‍ കഴിയാത്തതിനാലാണ് ഭക്ഷ്യക്കിറ്റിന്റെ വിതരണം മുടങ്ങാനിടയായത്. മുന്‍പ് അഞ്ചുവര്‍ഷത്തേക്കാണ് പി.വി.ടി.ജി. പദ്ധതി നടപ്പാക്കിയിരുന്നതെങ്കില്‍ ഇപ്പോള്‍ എല്ലാ സാമ്പത്തികവര്‍ഷ ആരംഭത്തിനും മുന്നോടിയായി ഊരുകൂട്ടം ചേര്‍ന്ന് പദ്ധതിക്ക് അംഗീകാരം വാങ്ങേണ്ടതുണ്ട്.
എന്നാല്‍ ഇതുസംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന് കത്ത് നല്‍കിയിട്ടുണ്ടെന്നും, അനുമതി ലഭിച്ചാല്‍ പദ്ധതിയുടെ അംഗീകാരം വാങ്ങി കിറ്റ് വിതരണം പുനഃസ്ഥാപിക്കുമെന്നും ഐ.ടി.ഡി.പി. അധികൃതര്‍ പറഞ്ഞു.
പഞ്ചസാര, തേയില, വന്‍പയര്‍, പരിപ്പ്, ചെറുപയര്‍, അവില്‍, ഉപ്പ്, മുളകുപ്പൊടി, മല്ലിപ്പൊടി, വെളിച്ചെണ്ണ, സവാള, ഉരുളക്കിഴങ്ങ്, ഉണക്കമീന്‍ തുടങ്ങിയവയാണ് കിറ്റിലുണ്ടായിരുന്നത്. മാസത്തിലെ ആദ്യ ബുധനാഴ്ചയും മൂന്നാമത്തെ ബുധനാഴ്ചയുമാണ് ചോലനായ്ക്കരുടെ ആസ്ഥാനമായ മാഞ്ചീരിയിലെത്തി കിറ്റ് വിതരണം നടത്താറുള്ളത്. പത്തുവര്‍ഷത്തോളമായി ഇത്തരത്തില്‍ സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം തുടങ്ങിയിട്ട്. 25 കിലോമീറ്ററിലധികം അകലെ ഉള്‍ക്കാട്ടിലാണ് ഇവര്‍ താമസിക്കുന്നത്. അവിടെനിന്ന് അവശ്യവസ്തുക്കള്‍ വാങ്ങാന്‍ നാട്ടില്‍ വരുകയെന്നത് പ്രയാസകരമാണ്. വാഹന വാടകതന്നെ രണ്ടായിരത്തിലധികമാകും.

മടങ്ങുന്ന ചോലനായ്ക്കര്‍ (ഫയല്‍ ചിത്രം)
വനവിഭവങ്ങളുടെ ലഭ്യത കുറവുള്ള ഈ സമയത്ത് മിക്കവര്‍ക്കും വരുമാനമില്ലാതിരിക്കുകയാണ്. ഈ അവസ്ഥയില്‍ അവശ്യവസ്തുക്കള്‍ വിലനല്‍കി വാങ്ങല്‍ പ്രയാസകരമാണ്. കൂടാതെ പ്രായമായവര്‍ക്കും ഈ ഭക്ഷ്യക്കിറ്റല്ലാതെ മറ്റു മാര്‍ഗ്ഗങ്ങളില്ല. നേരത്തെ പട്ടികവര്‍ഗ സൊസൈറ്റിയാണ് ഇവര്‍ക്ക് നിത്യോപയോഗ സാധനങ്ങള്‍ നല്‍കിയിരുന്നതും ഇവരില്‍നിന്ന് വനവിഭവങ്ങള്‍ വാങ്ങിയിരുന്നതും. പിന്നീടിത് മാഞ്ചീരി വനസംരക്ഷണ സമിതി മുഖേനയാക്കി. അതിനുശേഷമാണ് ഐ.ടി.ഡി.പി. മുഖേന ഇവര്‍ക്ക് സൗജന്യ ഭക്ഷ്യക്കിറ്റ് നല്‍കിത്തുടങ്ങിയത്.
എന്നാല്‍ അധികൃതരുടെ അനാസ്ഥയാണ് ഭക്ഷ്യസാധനങ്ങള്‍ മുടങ്ങാന്‍ കാരണമെന്ന് ആദിവാസികള്‍ പറയുന്നു. തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് അധികൃതര്‍ നേരത്തേ ഊരുകൂട്ടം വിളിച്ചുചേര്‍ത്ത് പദ്ധതി അംഗീകാരത്തിനു സമര്‍പ്പിച്ചിരുന്നെങ്കില്‍ ഈ ബുദ്ധിമുട്ട് അനുഭവിക്കേണ്ടിവരില്ലായിരുന്നെന്നും ഇവര്‍ പറയുന്നു. അതേസമയം റേഷന്‍കട വഴി വിതരണംചെയ്യുന്ന അരിയും ഗോതമ്പും ഇവര്‍ക്കു ലഭിക്കുന്നുണ്ട്.
കമ്യൂണിറ്റി കിച്ചണും അടച്ചു
കരുളായി: ചോലനായ്ക്കര്‍ക്ക് പോഷകാഹാരം നല്‍കുന്നതിനായി കരുളായി ഉള്‍വനത്തിലെ മാഞ്ചീരിയില്‍ പ്രവര്‍ത്തിച്ചിരുന്ന കമ്യൂണിറ്റി കിച്ചണിന്റെ പ്രവര്‍ത്തനവും നിര്‍ത്തി. ചോലനായ്ക്കര്‍ ബുധനാഴ്ചകളില്‍ സംഗമിക്കുന്ന പ്രദേശത്താണ് ഐ.ടി.ഡി.പി.യുടെ കമ്യൂണിറ്റി കിച്ചണ്‍ പ്രവര്‍ത്തിച്ചിരുന്നത്. ഫണ്ടില്ലാത്തതിനെ തുടര്‍ന്നാണ് സൗജന്യ ഭക്ഷ്യക്കിറ്റിന് പിന്നാലെ കമ്യൂണിറ്റി കിച്ചണും പൂട്ടിയത്.
2014-'15 സാമ്പത്തികവര്‍ഷത്തിലാണ് ഐ.ടി.ഡി.പി.യുടെ സഹായത്തോടെ മഹിളാ സമഖ്യ സൊസൈറ്റി കമ്യൂണിറ്റി കിച്ചണ്‍ തുറന്നത്. ചോലനായ്ക്കരില്‍ വലിയതോതിലുള്ള പോഷകാഹാരക്കുറവുണ്ടെന്ന ആരോഗ്യവകുപ്പിന്റെ സര്‍വേയുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. പോഷകാഹാരക്കുറവ് നികത്താനുള്ള ഭക്ഷ്യസാധനങ്ങള്‍ നല്‍കിയാല്‍ ഇവര്‍ പാകംചെയ്തു കഴിക്കുന്നില്ലെന്നു കണ്ടെത്തിയിരുന്നു. ഇതിനു പരിഹാരമായിട്ടാണ് കിച്ചണ്‍ തുടങ്ങിയത്.
ഇതുപ്രകാരം ചോറിനോടൊപ്പം പയര്‍ വര്‍ഗങ്ങള്‍ അടങ്ങിയ തോരന്‍, എല്ലാ പച്ചക്കറികളും ചേര്‍ത്ത സാമ്പാര്‍, മുട്ട, മത്സ്യം, മാംസം, നേന്ത്രപ്പഴം എന്നിവയാണു നല്‍കിയിരുന്നത്. വനവിഭവങ്ങള്‍ വില്‍ക്കാനും റേഷന്‍സാധനങ്ങള്‍ വാങ്ങാനുമെത്തുന്നവര്‍ക്കുള്ള ഭക്ഷണം അവിടെനിന്നുതന്നെ നല്‍കും. കൂടാതെ വീട്ടുകാര്‍ക്കുള്ളവ പാഴ്സലാക്കി കൊടുത്തുവിടുകയുമാണു ചെയ്തിരുന്നത്.
2017 വര്‍ഷത്തോടെ ഇതിന്റെ നടത്തിപ്പ് ചുമതലകൂടി ഐ.ടി.ഡി.പി. ഏറ്റെടുക്കുകയായിരുന്നു. പത്തുവര്‍ഷമായി നടത്തിപ്പോന്ന ഈ പദ്ധതിയും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ പേരില്‍ മുടങ്ങിയിരിക്കുകയാണ്.
Content Highlights: community kitchen closed due to election cholanaikkan tribe in hunger kerala
Published: 04 Apr 2024, 09:56 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented