തിരുവനന്തപുരം: ബിജെപി നേതാവും വാഴോട്ടുകോണം കൗൺസിലറുമായ ആർ.സുഗതനെ അറസ്റ്റ്‌ചെയ്ത സംഭവത്തിൽ ആഭ്യന്തരമന്ത്രിയെ തള്ളി വട്ടിയൂർകാവ് കൗൺസിലറും മുൻ ഡിജിപിയുമായ ആർ.ശ്രീലേഖ. വട്ടിയൂർകാവ് എസ്എച്ച്ഒ വിപിനെ തിരഞ്ഞെടുപ്പിന് മുൻപ് സിപിഎം സർക്കാർ പ്രത്യേകമായി ചെങ്ങന്നൂരിൽനിന്ന് കൊണ്ട് വന്ന് വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷനിൽ നിയമിച്ചത് അവിടെ മൂന്നാം വട്ടവും വി.കെ.പ്രശാന്തിനെ ജയിപ്പിക്കുക എന്ന ഒരേയൊരു ഉദ്ദേശ്യത്തിനാണ്. അത് ആഭ്യന്തര മന്ത്രിക്ക് അറിയില്ല, പക്ഷെ ആരോഗ്യ മന്ത്രിക്ക് അറിയാമെന്ന് ശ്രീലേഖ ഫെയ്സ്ബുക്കിൽ കുറിച്ചു.
സുഗതൻ ഗുണ്ടയല്ല, ഒരു ജനപ്രതിനിധിയാണെന്നും നാട്ടുകാർക്ക് പ്രിയപ്പെട്ടവനാണെന്നും ശ്രീലേഖന പറഞ്ഞു. സമൂഹത്തിലെ പുഴുക്കുത്തുകൾക്കെതിരെയല്ലാതെ ഒരാൾക്കും എതിരെ സുഗതൻ പ്രതികരിച്ചിട്ടില്ല. ഇതൊന്നും ഇപ്പോഴും സിപിഎം വിധേയത്വം വിട്ടു മാറാത്ത ഒരു പോലീസുകാരും സർക്കാരിനെ അറിയിക്കാൻ പോകുന്നില്ല. ഇത്തരം പട്ടിഷോ നടത്തി ജനസേവകരെ പീഡിപ്പിക്കുന്ന പോലീസിനെ അഭിനന്ദിക്കുന്ന ആഭ്യന്തര മന്ത്രി കോൺഗ്രസ് അല്ല, ഇണ്ടി മുന്നണിയുടെ ഭാഗം മാത്രമാണെന്ന് ജനം ധരിച്ചാൽ അതിൽ അതിശയപ്പെടേണ്ടതില്ലെന്നും അവർ കുറിച്ചു.
ശ്രീലേഖ ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പ്
വാഴോട്ടുകോണം കൗൺസിലർ ആർ.സുഗതൻ എങ്ങനെ ഗുണ്ടയായി? കഴിഞ്ഞ 10 വർഷത്തെ സിപിഎം ദുർഭരണത്തിൽ കേരളത്തിൽ ആകെ സ്റ്റേറ്റ് സ്പോൺസേഡ് ഗുണ്ടാ വിളയാട്ടമായിരുന്നല്ലോ? അതിനെതിരെ ധൈര്യപൂർവ്വം ചെറുത്തുനിന്ന ഒരു യുവാവാണ് സുഗതൻ. വട്ടിയൂർക്കാവിൽ ഉണ്ടായിരുന്ന സകലമാന അനധികൃത പ്രവൃത്തികളെയും ചോദ്യം ചെയ്യുകയും, നാട്ടുകാർക്ക് വേണ്ടി പൊരുതി നിൽക്കുകയും ചെയ്തതുകൊണ്ടാണ് സുഗതനെതിരെ ഇത്രയധികം കേസുകൾ പോലീസ് എടുത്തത്. എല്ലാം സിപിഎം നേതാക്കളുടെ ആജ്ഞ പ്രകാരം. ഇതെല്ലാം അറിയാവുന്ന ജനമാണ് സുഗതനെ തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിപ്പിച്ചത്. അത് സിപിഎമ്മുകാർക്ക് വലിയ തിരിച്ചടിയായി. 25 വാർഡ് ഉള്ള വട്ടിയൂർക്കാവ് മണ്ഡലത്തിൽ 11 എണ്ണം ബിജെപിയും 9 എണ്ണം കോൺഗ്രസും കൊണ്ടുപോയത് അവിടെയുള്ള സിപിഎം ഗുണ്ടകളുടെ അഴിഞ്ഞാട്ടം കാരണമായിരുന്നു.
നിയമസഭ തിരഞ്ഞെടുപ്പിൽ ഞാൻ സ്ഥാനാർഥി ആണെന്നറിഞ്ഞപ്പോൾ തുടങ്ങി പോലീസ് എനിക്കെതിരെയും എടുത്തല്ലോ 2 കള്ള കേസുകൾ?
കേരളത്തിൽ ഭരണം മാറി, പക്ഷെ മറ്റൊന്നും മാറിയിട്ടില്ല. ഇപ്പോഴും പോലീസും ജില്ലാ അധികാരികളും മറ്റുള്ള ഉദ്യോഗസ്ഥരും ഒക്കെ സിപിഎം പറയുന്നതൊക്കെ അനുസരിക്കുന്ന അടിമകളും വിധേയരുമാണ്.
ജൂൺ 9 രാതി 9 മണിക്ക് സിപിഎം നേതാക്കൾ തിരക്കഥയെഴുതി സംവിധാനം ചെയ്ത ഒരു നാടകമാണ് സുഗതന്റെ വീട്ടിനു മുൻപിൽ അരങ്ങേറിയത്. കാപ്പ പ്രതിയെ ഒരു ലോക മാഫിയ തലവനെയോ, തീവ്രവാദിയെയോ പിടിക്കുന്നതുപോലൊന്നും പോലീസ് ഇതേവരെ ചെയ്തിട്ടില്ല.
വെറും നാലുപേർ മാത്രമുള്ള വീട്ടിൽ ഒരു platoon സായുധ പോലീസുമായി 2 വാഹനത്തിന്‍റെ അകമ്പടിയോടെ ചെന്ന് വീട്ടുകാരെ, പ്രത്യേകിച്ച് 2 കുഞ്ഞുങ്ങളെ തോക്ക് ചൂണ്ടി ഭയപ്പെടുത്തി, അവിടെയുള്ള സ്ത്രീയുടെ മീതെ ശാരീരിക ആക്രമണം നടത്തി, അതൊന്നും പോരാതെ, അക്രമാസക്തമായ വലിയ ആൾക്കൂട്ടത്തെ പിരിച്ചുവിടാനെന്ന പോലെ ആകാശത്തേക്ക് വെടിയുതിർത്ത് മഫ്റ്റി വേഷത്തിൽ ചീപ്പ് ഹീറോയിസം കാണിച്ച എസ്.എച്ച്.ഒ വിപിൻ ഒരു കമ്മ്യൂണിസ്റ്റ് പോലീസ് ആണെന്ന് ആർക്കാണ് അറിഞ്ഞു കൂടാത്തത്? അയാളെ തിരഞ്ഞെടുപ്പിന് മുൻപ് സിപിഎം സർക്കാർ പ്രത്യേകമായി ചെങ്ങന്നൂരിൽ നിന്ന് കൊണ്ട് വന്ന് വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷനിൽ നിയമിച്ചത് അവിടെ മൂന്നാം വട്ടവും അഡ്വ. വി.കെ.പ്രശാന്തിനെ ജയിപ്പിക്കുക എന്ന ഒരേയൊരു ഉദ്ദേശത്തിനാണ്. അത് ആഭ്യന്തര മന്ത്രിക്ക് അറിയില്ല, പക്ഷെ ആരോഗ്യ മന്ത്രിക്ക് അറിയാം.
സുഗതൻ ഗുണ്ടയല്ല, ഒരു ജനപ്രതിനിധിയാണ്. നാട്ടുകാർക്ക് പ്രിയപ്പെട്ടവനാണ്. സമൂഹത്തിലെ പുഴുക്കുത്തുകൾക്കെതിരെയല്ലാതെ ഒരാൾക്കും എതിരെ സുഗതൻ പ്രതികരിച്ചിട്ടില്ല. സഹായിച്ചിട്ടേ ഉള്ളൂ. ഇതൊന്നും ഇപ്പോഴും സിപിഎം വിധേയത്വം വിട്ടു മാറാത്ത ഒരു പോലീസുകാരും സർക്കാരിനെ അറിയിക്കാൻ പോകുന്നില്ല. അതുകൊണ്ടാണ് എനിക്ക് പറയേണ്ടി വന്നത്. ഇത്തരം പട്ടിഷോ നടത്തി ജനസേവകരെ പീഡിപ്പിക്കുന്ന പോലീസിനെ അഭിനന്ദിക്കുന്ന ആഭ്യന്തര മന്ത്രി കോൺഗ്രസ് അല്ല, ‘ഇണ്ടി മുന്നണി’യുടെ ഭാഗം മാത്രമാണെന്ന് ജനം ധരിച്ചാൽ അതിൽ അതിശയപ്പെടേണ്ടതില്ല.
Content Highlights: Former DGP and Vattiyoorkavu councillor R. Sreelekha heavily criticized the Kerala Police and the Home Minister over the dramatic arrest of BJP councillor R. Sugathan, labeling the operation as a politically motivated script directed by local CPM leadership.
Published: 12 Jun 2026, 12:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented