
കണ്ണൂർ: പൂർണ മേൽവിലാസത്തിൽ തട്ടിപ്പ് 'സമ്മാനക്കത്തുകൾ' തപാലായി വീട്ടിലെത്തും. കരുതിയിരിക്കുക, കത്തിനുള്ളിലെ ക്യുആർ കോഡ് സ്കാൻ ചെയ്താൽ അക്കൗണ്ട് കാലിയാകും. ഡൽഹിയിൽനിന്നാണ് തട്ടിപ്പ് കത്തിന്റെ വരവ്. വിവിധ പോസ്റ്റ് ഓഫീസുകളിൽ ഇത്തരത്തിൽ 30 കത്തുകൾ എത്തിയിട്ടുണ്ട്. ഗ്രാമത്തിലെ ചെറിയ ലാൻഡ് മാർക്ക് പോലും വിലാസത്തിൽ ഉണ്ടാകും. കത്ത് മലയാളത്തിലും ഇംഗ്ലീഷിലുമുണ്ട്. അഞ്ചു രൂപയുടെ പോസ്റ്റ് കവറിലാണ് വീട്ടിലെത്തുന്നത്. അഞ്ചുവർഷം മുൻപ് കോവിഡ് സമയത്ത് തപാലിലൂടെ ഇത്തരം തട്ടിപ്പുകൾ നടന്നിരുന്നു.
ഡൽഹിയിലെ ഒരു സ്വകാര്യ കമ്പനിയുടെ 20-ാം വാർഷികത്തോട് അനുബന്ധിച്ചുള്ള നറുക്കെടുപ്പ് 'വിജയി'കൾക്ക് എന്ന നിലയിലാണ് കത്ത് വന്നത്. അവർ നടത്തിയ മൊബൈൽനമ്പർ നറുക്കെടുപ്പിലെ 'വിജയിക്ക്' 2.85 ലക്ഷം രൂപ സമ്മാനം ഉണ്ടെന്നും അത് കത്തിന്റെ മേൽവിലാസക്കാരനാണെന്നും അറിയിച്ചുകൊണ്ടാണ് കത്ത് വരുന്നത്. ഒപ്പം നാല് ഗ്രാമിന്റെ ഒരു സ്വർണമോതിരം സമ്മാനമായി ലഭിക്കുമെന്ന് വിശദീകരിക്കുന്നു.
കത്തിനൊപ്പമുള്ള സ്ക്രാച്ച് കാർഡ് ചുരണ്ടിയാൽ വേറെയും സമ്മാനം കിട്ടുമെന്നും അറിയിപ്പുണ്ട്. മോതിരം തപാലിൽ വരും, പണം കിട്ടാൻ ബാങ്ക് അക്കൗണ്ടും വിവരം നൽകിയാൽ മാത്രം മതി. അതിനാണ് ക്യുആർ കോഡ് സ്കാൻ ചെയ്യേണ്ടത്. എന്നാൽ സ്കാൻ ചെയ്താൽ പണി കിട്ടും. ബാങ്ക് അക്കൗണ്ട് വിവരം അടക്കം ചോർത്തപ്പെടും.
പൂർണ മേൽവിലാസം ചോർത്തിയെടുത്ത് ഓൺലൈൻ വ്യാപാര കമ്പനികളുടെ പേരിലും തട്ടിപ്പ് കത്തുകൾ വന്നിരുന്നു. അന്ന് സ്പീഡ് പോസ്റ്റ് വഴി എത്തിയ കത്ത് നിരവധിപേരുടെ ബാങ്ക് അക്കൗണ്ടും വിവരങ്ങളും ചോർത്തിയിരുന്നു. ഉപഭോക്താവിന്റെ പൂർണ വിലാസം അടങ്ങിയ ഡേറ്റ ചോരുന്നതിന്റെ തെളിവാണ് തട്ടിപ്പുസംഘത്തിന് ലഭിക്കുന്ന ഇത്തരം പൂർണമേൽവിലാസം.
Content Highlights: QR Code Lottery Scam Alert: Fraudulent Prize Letters Targeting Kannur Residents
Published: 21 Sept 2025, 08:15 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented