മലപ്പുറം: പി.വി. അൻവറിന്റെ നിലമ്പൂരിലെ യോ​ഗത്തിനെത്തിയ ജനാവലി ജമാഅത്തെ ഇസ്ലാമിയുടേയും എസ്ഡിപിഐയുടേയും കോൺ​ഗ്രസിന്റേയും കൂട്ടുമുന്നണിയുമായി ബന്ധപ്പെട്ട ആളുകളാണെന്ന എം.വി.​ഗോവിന്ദന്റെ പരാമർശത്തിന് മറുപടിയുമായി പി.വി.അൻവർ. തന്റെ യോ​ഗത്തിൽ പങ്കെടുത്തവർ ജനാധിപത്യ വിശ്വാസികളാണെന്നും എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കുമെല്ലാം ഇത്രയും ശക്തിയുണ്ടെന്ന് സിപിഎം അം​ഗീകരിച്ചോയെന്ന് അൻവർ ചോദിച്ചു.

To advertise here,

സിപിഎമ്മിന്റെ ലോക്സഭാ തിരഞ്ഞെടുപ്പ് പരാജയകാരണം മുസ്ലീം പ്രീണനമാണെന്ന വാദം വിഡ്ഢിത്തമാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ആയിരക്കണക്കിനാളുകളാണല്ലോ നിലമ്പൂരിലെ പരിപാടിക്ക് വന്നത്. മലപ്പുറത്ത് എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയും അത്ര വലിയ ശക്തികളാണോ? അവരത് പറഞ്ഞുകൊണ്ടേയിരിക്കണം. കണ്ണടച്ച് ഇരുട്ടാക്കിയിട്ടോ ഉറക്കം നടിക്കുന്നതുകൊണ്ടോ ഈ വിഷയത്തിൽനിന്ന് മുഖ്യമന്ത്രിക്കോ എഡിജിപിക്കോ രക്ഷപ്പെടാൻ കഴിയില്ല. കേരളത്തിൽ ജനങ്ങൾ അത് കൃത്യമായി മനസിലാക്കുന്നുണ്ട്. നിലമ്പൂരിലെ തന്റെ യോ​ഗത്തിൽ പങ്കെടുത്തവരെ വർ​ഗീയവാദികളാക്കുന്ന ഫാസിസ്റ്റ് നിലപാടിലാണ് സിപിഎം നേതൃത്വമെങ്കിൽ അത് അവർക്ക് വലിയ നഷ്ടമുണ്ടാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പാലോളി മുഹമ്മദ് കുട്ടിയേക്കുറിച്ച് കേരളത്തിലെ എല്ലാവർക്കും അറിയാം. സംശുദ്ധജീവിതത്തിന്റെ ഇന്ന് കേരളത്തിൽ ജീവിച്ചിരിക്കുന്ന കമ്മ്യൂണിസ്റ്റുകാരിൽ ഒരാളാണ് അദ്ദേഹം. പാലോളിയെക്കൊണ്ട് സിപിഎം പറഞ്ഞ് പറയിപ്പിക്കുകയാണ്. അദ്ദേഹത്തെ കണ്ട് കാര്യങ്ങൾ വിശദീകരിക്കുമെന്നും ആരുപറഞ്ഞാലും മുഖ്യമന്ത്രി മാറില്ലെന്നും അൻവർ പറഞ്ഞു. 

എങ്ങനെയെങ്കിലും ബിജെപിയും ആർഎസ്എസുമായി ഒരു തിരഞ്ഞെടുപ്പ് ധാരണയുണ്ടാക്കണമെന്നാണ് മുഖ്യമന്ത്രിയടക്കമുള്ള സിപിഎമ്മിലെ ചില നേതാക്കളുടെ ആവശ്യം. മുസ്ലീം പ്രീണനമെന്നത് ഈ ധാരണയുണ്ടാക്കാനുള്ള ഒരു കാരണം കണ്ടെത്തുക മാത്രമാണ്. തിരഞ്ഞെടുപ്പിലെ തോൽവിക്കുള്ള യഥാർഥ കാരണം പോലീസിങ്ങും പഞ്ചായത്തിലെ നികുതി വർധനവുമെല്ലാമാണെന്നും സിപിഎമ്മിനുള്ള മറുപടിയായി അൻവർ പറഞ്ഞു. 

സ്വര്‍ണക്കടത്ത് സംഘത്തെ കുറിച്ചും അന്‍വര്‍ പ്രതികരിച്ചു. 1500 റിയാലോ രണ്ടായിരം റിയാലോ വാങ്ങി വിദേശത്ത് ജോലി ചെയ്യുന്ന ഒരാൾക്ക് കിലോ കണക്കിന് സ്വർണവുമായി ഇങ്ങോട്ട് വരാൻപറ്റുമോ എന്ന് അൻവർ ചോദിച്ചു. അപ്പോൾ ഇതിനുപിന്നിൽ ഒരു വലിയ സംഘം പ്രവർത്തിക്കുന്നില്ലേയെന്നും അദ്ദേഹം ചോദിച്ചു. ഇതൊക്കെ മനസിലാക്കാൻ അത്രവലിയ സാമാന്യബുദ്ധി മതി. എന്താണ് കേന്ദ്ര ഏജൻസികളൊന്നും വരാത്തത്? വന്ന് അന്വേഷിക്കാനുള്ള ബാധ്യത അവർക്കുമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

"ഇപ്പോഴത്തെ ഉന്നം അൻവറാണ്. അതിന്റെ കൂടെ മലപ്പുറവും. മലപ്പുറത്താണല്ലോ അൻവറും. മലപ്പുറത്തിന്റെ പുത്രനാണ് അൻവറെന്നാണ് മുഖ്യമന്ത്രി പറഞ്ഞുവരുന്നത്. ഞാൻ മലപ്പുറത്തിന്റെയല്ല, ഭാരതത്തിന്റെ പുത്രനാണ്. രാജ്യത്തിന്റെ ദേശീയതയിൽ അലിഞ്ഞുചേർന്ന ചരിത്രമുള്ള കുടുംബത്തിൽനിന്നാണ് ഞാൻ വരുന്നത്. ഞാനൊരു ഭാരതീയനാണെന്നതിൽ ഒരു തർക്കവുമില്ല. തേച്ചുമായ്ച്ചുകളയാൻ ശ്രമിച്ചാൽ നടക്കാൻപോകുന്ന കാര്യവുമല്ല. 

നമ്മൾ കൊടുക്കുന്ന ഹർജി നോക്കിയിട്ട് ഹൈക്കോടതിക്ക് അതിൽ തീരുമാനമെടുക്കാം. ഹൈക്കോടതി തീരുമാനിക്കുന്നതനുസരിച്ച് കാര്യങ്ങൾ നീങ്ങും. പ്രത്യേക അന്വേഷണസംഘത്തിന്റെ അന്വേഷണം ഇപ്പോൾ നടക്കുന്നതുകൊണ്ട് അതുകഴിയട്ടെ എന്ന് ഒരുപക്ഷേ കോടതി പറയും. ഇക്കാര്യം നിയമവിദ​ഗ്ധരുമായി ആലോചിക്കുന്നുണ്ട്. മുസ്ലീം പ്രീണനമാണ് ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ പരാജയത്തിന് കാരണമെന്ന വിലയിരുത്തൽ വിഡ്ഢിത്തമാണ്. റിയലിസ്റ്റിക്കായ കാര്യം കൃത്യമായി നോക്കാതെയാണ് ഈ വിഷയത്തിൽ ഇടപെടുന്നത്. കണ്ണടച്ച് ഇരുട്ടാക്കുന്നുവെന്നേ ഇക്കാര്യത്തിൽ പറയാനുള്ളൂ." അൻവർ കൂട്ടിച്ചേർത്തു.