
പുതുക്കോട് (പാലക്കാട്): ഗ്രാമപ്പഞ്ചായത്തിൽ വ്യാജ സർട്ടിഫിക്കറ്റ് നൽകി തൊഴിലുറപ്പ് പദ്ധതിയുടെ അക്കൗണ്ടന്റ്-കം-ഐ.ടി. അസിസ്റ്റന്റായി ജോലിചെയ്ത ഡി.വൈ.എഫ്.ഐ. മുൻ യൂണിറ്റ് സെക്രട്ടറിയുടെ പേരിൽ കേസ്.
പുതുക്കോട് കിഴക്കേഗ്രാമം സ്വദേശി കെ.വി. ഗണപതിയുടെ പേരിലാണ് വടക്കഞ്ചേരി പോലീസ് വഞ്ചനക്കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്തത്.
2021 ജൂലായ് മുതൽ 2026 ജൂലായ് വരെയാണ് ഗണപതി പുതുക്കോട് പഞ്ചായത്തിൽ കരാറടിസ്ഥാനത്തിൽ ജോലിചെയ്തത്. കാലിക്കറ്റ് സർവകലാശാലയിൽനിന്നുള്ള ബി.കോം. ബിരുദത്തിന്റെ മാർക്ക് ലിസ്റ്റാണ് യോഗ്യതയായി ഗണപതി സമർപ്പിച്ചത്. എൽ.ഡി.എഫാണ് അന്ന് പഞ്ചായത്ത് ഭരിച്ചിരുന്നത്. ഇത്തവണ യു.ഡി.എഫ്. അധികാരത്തിലെത്തിയപ്പോൾ ഗണപതിയുടെ കരാർ പുതുക്കിയില്ല. തുടർന്ന്, ഗണപതി ഹൈക്കോടതിയെ സമീപിച്ചു. 2026 സെപ്റ്റംബർവരെ ജോലിനൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. സർവകലാശാലയിൽനിന്നുള്ള സർട്ടിഫിക്കറ്റോ പ്രൊവിഷണൽ സർട്ടിഫിക്കറ്റോ ആണ് യോഗ്യതയ്ക്കായി സാധാരണ സ്വീകരിക്കാറുള്ളത്. മാർക്ക് ലിസ്റ്റ് നൽകിയതിൽ സംശയംതോന്നിയ പഞ്ചായത്തധികൃതർ ഗണപതിയുടെ മാർക്ക് ലിസ്റ്റ് പരിശോധനയ്ക്കായി സർവകലാശാലയിലേക്ക് അയച്ചു. മാർക്ക് ലിസ്റ്റ് വ്യാജമാണെന്നും ഗണപതി ബിരുദം പാസായിട്ടില്ലെന്നും സർവകലാശാല അറിയിച്ചതോടെ പുതുക്കോട് പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി വി. ദീപ വടക്കഞ്ചേരി പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. ഇതോടെ ഗണപതി രാജിസമർപ്പിച്ചു. ഗണപതിയെ കണ്ടെത്താനായിട്ടില്ലെന്ന് വടക്കഞ്ചേരി പോലീസ് പറഞ്ഞു.
പുറത്താക്കിയെന്ന് നേതൃത്വം
ഡി.വൈ.എഫ്.ഐ. പുതുക്കോട് അഞ്ചുമുറി യൂണിറ്റ് സെക്രട്ടറിയായിരുന്നു ഗണപതി. പരാതിയുയർന്നപ്പോൾത്തന്നെ സ്ഥാനത്തുനിന്നും സി.പി.എമ്മിൽനിന്നും പുറത്താക്കിയതായി നേതൃത്വം അറിയിച്ചു. ഗണപതിയെ ജോലിക്കെടുത്ത ഇന്റർവ്യു ബോർഡിനെതിരെയും അന്വേഷണം നടത്തുമെന്ന് പുതുക്കോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ. ഉദയൻ പറഞ്ഞു. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ പഞ്ചായത്തിൽനടന്ന എല്ലാ താത്കാലിക നിയമനങ്ങളും പരിശോധിക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു.
യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു
വ്യാജസർട്ടിഫിക്കറ്റ് ഉപയോഗിച്ച് പുതുക്കോട് പഞ്ചായത്തിൽ ജോലിനേടിയെടുത്ത സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പുതുക്കോട് മണ്ഡലംകമ്മിറ്റി പ്രതിഷേധിച്ചു. നിയമനത്തിനുപിന്നിൽ സാമ്പത്തിക ഇടപാടുകൾ നടന്നതായും കമ്മിറ്റി ആരോപിച്ചു. മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡന്റ് സി.എം. അബ്ദുൾറഹ്മാൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.എം. ഹാരിസ് അധ്യക്ഷനായി.
Published: 28 Aug 2026, 09:57 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented