ചെന്നൈ: പുതുച്ചേരിയിൽ പ്രമുഖ മോഡലിനെ മരിച്ചനിലയിൽ കണ്ടെത്തി. 26-കാരിയായ സാൻ റേച്ചലിനെയാണ് പിതാവിന്റെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇവർ അമിതമായി ഗുളികകൾ കഴിച്ച നിലയിലായിരുന്നുവെന്ന് പോലീസ് പറയുന്നു.

To advertise here,

അടുത്തിടെയാണ് സാൻ വിവാഹിതയായത്. നിറത്തിന്‍റെ പേരിലുള്ള വിവേചനത്തിനെതിരേ ധീരമായ നിലപാട് സ്വീകരിച്ച് ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു ഇവർ എന്നാണ് വിവരം. മാനസിക സമ്മർദ്ദവും അനുഭവിച്ചിരുന്നതായി എൻഡിടിവി റിപ്പോർട്ടിൽ പറയുന്നു. ഇതാകാം ഇവരെ മരണത്തിലേക്ക് നയിച്ചതെന്നാണ് വിവരം.

ആഭരണങ്ങളടക്കം പണയംവെച്ചും വിൽപനടത്തിയുമായിരുന്നു സാൻ പണം കണ്ടെത്തിയിരുന്നതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. പിതാവിൽനിന്ന് സാമ്പത്തിക സഹായം പ്രതീക്ഷിച്ചായിരുന്നു എത്തിയത്. എന്നാൽ, മകനോടുള്ള ഉത്തരവാദിത്വം ചൂണ്ടിക്കാട്ടി പിതാവ് കൈയൊഴിയുകയായിരുന്നു. ഇതോടെ ആയിരിക്കാം സാൻ ആത്മഹത്യയിലേക്ക് നീങ്ങിയതെന്ന് പോലീസ് പറയുന്നു. 

തന്റെ മരണത്തിന് ആരും ഉത്തരവാദിയല്ലെന്ന് ആത്മഹത്യാ കുറിപ്പിൽ പറയുന്നു. ദാമ്പത്യ പ്രശ്നങ്ങൾ എന്തെങ്കിലും ഉണ്ടായിരുന്നോ എന്നും മാനസികമായി പ്രശ്നങ്ങൾ നേരിട്ടിരുന്നോ എന്നുമുള്ള കാര്യങ്ങൾ പരിശോധിച്ചു വരുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. 2022-ൽ മിസ് പുതുച്ചേരി കിരീടം സാൻ സ്വന്തമാക്കിയിരുന്നു.