ആലപ്പുഴ: ആവശ്യക്കാരില്ലാതായ പൊതുടാപ്പുകൾ ഒഴിവാക്കണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും ജല അതോറിറ്റി നടപടിയെടുക്കുന്നില്ല. ഇതിനാൽ തദ്ദേശസ്ഥാപനങ്ങൾക്ക് കോടിക്കണക്കിനു രൂപയുടെ നഷ്ടം. ജലജീവൻ മിഷൻ പദ്ധതി വന്നതോടെ വീട്ടു കണക്‌ഷൻ കൂടി. പൊതുടാപ്പുകളെ ആശ്രയിക്കുന്നവർ തീരെ കുറഞ്ഞു. ഉപയോഗിക്കുന്നില്ലെങ്കിലും ടാപ്പിന്റെ എണ്ണത്തിനനുസരിച്ച് തദ്ദേശസ്ഥാപനങ്ങൾ ജല അതോറിറ്റിക്കു പണമടയ്ക്കണം.
സംസ്ഥാനത്ത് 1,62,105 പൊതു ടാപ്പുകളാണുള്ളത്. ഇവയ്ക്കു മീറ്ററില്ല. മിനിറ്റിൽ അഞ്ചുലിറ്റർ വെള്ളം എന്ന അനുമാനത്തിൽ എട്ടുമണിക്കൂർ കണക്കാക്കി ഗ്രാമപ്പഞ്ചായത്തുകളിൽ പണമടയ്ക്കണം. 12 മണിക്കൂർ തോതിൽ നഗര, കോർപ്പറേഷൻ മേഖലകളിലും പണം നൽകണം. ഇതു പ്രകാരം ഒാരോവർഷവും ശരാശരി 14,000 രൂപ ഒരു ടാപ്പിന് അതോറിറ്റി ഈടാക്കും.
കായംകുളത്തെ കൃഷ്ണപുരം ഗ്രാമപ്പഞ്ചായത്തിൽ 328 പൊതുടാപ്പുകൾ പൂട്ടണമെന്ന് 2018-ൽ ആവശ്യപ്പെട്ടിരുന്നു. 2023-ൽ ഇതിന്റെ ചെലവായി 5,15,000 രൂപ അടയ്ക്കണമെന്ന് ജല അതോറിറ്റി ആവശ്യപ്പെട്ടു. പഞ്ചായത്തു പണമടച്ചിട്ടും രണ്ടുമാസത്തിനു ശേഷമാണു പൂട്ടിയത്.
പൂട്ടിയശേഷം 59 ലക്ഷം രൂപ അടയ്ക്കണമെന്നാവശ്യപ്പെട്ട് അതോറിറ്റി കത്തു നൽകി. ഇതിനെതിരേ കേസു കൊടുക്കാൻ തീരുമാനിച്ചിരിക്കുകയാണെന്നു ഗ്രാമപ്പഞ്ചായത്തു പ്രസിഡന്റ് രാധാമണി രാജൻ പറഞ്ഞു.
ആലപ്പുഴ നഗരസഭയിൽ അമൃത് പദ്ധതി നടപ്പാക്കിയതോടെ പൊതുടാപ്പുകളുടെ ആവശ്യമില്ലാതായി. എന്നാൽ, ടാപ്പുകൾ പൂട്ടുന്നില്ലെന്നും ഇതുമൂലം കോടികളുടെ നഷ്ടമാണ് നഗരസഭയ്ക്കുണ്ടായതെന്നും ചെയർപേഴ്സൺ കെ.കെ. ജയമ്മ പറഞ്ഞു. സംസ്ഥാനത്തെ ബഹുഭൂരിപക്ഷം തദ്ദേശസ്ഥാപനങ്ങളിലെയും സ്ഥിതിയിതാണ്.
ജീവനക്കാരുടെ കുറവും ജനപ്രതിനിധികള്‍ സമയത്തെത്താത്തതും പ്രതിസന്ധി
ജലജീവന്‍ പദ്ധതി നടപ്പാക്കുന്നതിന്റേയും മറ്റും തിരക്കിലായതിനാല്‍ പലയിടത്തും ജീവനക്കാരുടെ കുറവുണ്ട്. കൂടാതെ സംയുക്ത പരിശോധനയ്ക്ക് ജനപ്രതിനിധികള്‍ എത്താത്തതും പൊതുടാപ്പുകള്‍ പൂട്ടാന്‍ തടസമാകുന്നു. പൂട്ടിക്കഴിഞ്ഞും ബില്ലു നല്‍കുന്നത് പരിശോധിക്കും.
-സജീവ് രത്‌നാകരന്‍ (ജല അതോറിറ്റി ചീഫ് എന്‍ജിനീയര്‍, പ്രൊജക്ട് ആന്‍ഡ് ഓപ്പറേഷന്‍സ്)
Content Highlights: Local bodies lose crores of rupees as public taps not shutting down
Published: 11 Dec 2024, 09:43 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented