കോഴിക്കോട്: മലാപ്പറമ്പ് ഫ്‌ലോറിക്കന്‍ റോഡില്‍ തിങ്കളാഴ്ച പുലര്‍ച്ചെ പൊട്ടിയ വാട്ടര്‍ അതോറിറ്റിയുടെ കോണ്‍ക്രീറ്റ് പൈപ്പ് നന്നാക്കി. ചൊവ്വാഴ്ച വൈകീട്ടോടെ മലാപ്പറമ്പ് വാട്ടര്‍അതോറിറ്റി ടാങ്കില്‍നിന്ന് ഇതുവഴിയുള്ള പമ്പിങ് പുനരാരംഭിച്ചു. ബുധനാഴ്ച വൈകീട്ടോടെ മാത്രമേ ജലവിതരണം പൂര്‍ണനിലയിലാകുകയുള്ളൂവെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചു.

To advertise here,

മലാപ്പറമ്പ്, വയനാട് റോഡ്, നടക്കാവ്, ഫ്രാന്‍സിസ് റോഡ്, കാരപ്പറമ്പ് മേഖലകളിലാണ് ജലവിതരണം മുടങ്ങിയത്. പൊട്ടിയപൈപ്പ് മുറിച്ചുമാറ്റി അറ്റകുറ്റപ്പണി ഉള്‍പ്പെടെ നടത്തുന്ന ജോലികള്‍ ഉച്ചയോടെ പൂര്‍ത്തിയായി. ഫ്‌ലോറിക്കന്റോഡ് ജങ്ഷന്‍ അടച്ച് സംഭവസ്ഥലത്ത് ഗതാഗതം നിയന്ത്രിച്ചിരുന്നു.

സമീപത്തെ നാലുവീടുകളുടെ മുറ്റത്താണ് വെള്ളംകയറി ചെളി അടിഞ്ഞുകൂടിയത്. ഒരുവീടിന്റെ മതില്‍ തകരുകയും രണ്ടുകിണറുകളില്‍ മലിനജലം നിറയുകയും ചെയ്തിരുന്നു. മര്‍ദംകാരണം റോഡിലെ ടാറിങ് ഉയര്‍ന്നാണ് വെള്ളം വീടുകളിലേക്കെത്തിയത്. 20 മീറ്ററോളം റോഡിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

കാലപ്പഴക്കംതന്നെയാണ് പൈപ്പ് പൊട്ടാന്‍ കാരണമെന്ന് അസി. എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ സിനിത്ത് അറിയിച്ചു. 1970-കളില്‍ സ്ഥാപിച്ച പൈപ്പാണ്. പുതിയ പൈപ്പ് സ്ഥാപിക്കാനുള്ള ടെന്‍ഡര്‍ നടപടികളുള്‍പ്പെടെ പൂര്‍ത്തിയായതാണ്. പിഡബ്ല്യുഡിയുടെ അനുമതികൂടിയേ ലഭിക്കാനുള്ളൂ. പൊളിഞ്ഞ മതില്‍ വാട്ടര്‍അതോറിറ്റി കെട്ടിക്കൊടുക്കും. ദുരന്തനിവാരണ അതോറിറ്റിയെ സംഭവം അറിയിച്ചിട്ടുണ്ട്. . ചെയ്യാന്‍ പറ്റുന്നതൊക്കെ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

കിണറുകള്‍ വൃത്തിയാക്കുന്ന പ്രവൃത്തി ചെവ്വാഴ്ച വൈകീട്ടോടെ തുടങ്ങി. വീടുകള്‍ക്കുമുന്നില്‍ അടിഞ്ഞ ചെളി വീട്ടുകാര്‍തന്നെയാണ് വൃത്തിയാക്കിയത്. രണ്ടുകാറുകളില്‍ വെള്ളംകയറുകയും ചെയ്തിട്ടുണ്ട്.

പ്രളയംകണ്ട അവസ്ഥ

പ്രളയകാലത്തുപോലും വെള്ളംകയറാത്ത ഇടമായിരുന്നുവെന്ന് പറയുമ്പോള്‍ അനിതകുമാരിയുടെ മുഖത്ത് ഭയമുണ്ടായിരുന്നു. വന്‍ശബ്ദത്തോടെ പൈപ്പ് പൊട്ടിത്തെറിച്ചെത്തിയ വെള്ളവും ചെളിയും കൂടുതല്‍ ബാധിച്ചത് അനിതകുമാരിയുടെ വീടിനെയാണ്. ബാക്കി മൂന്നുവീടുകളിലും മുറ്റത്തുവരെ നിറഞ്ഞ ചെളി അനിതകുമാരിയുടെ വീടിനുള്ളിലുമെത്തി. മുട്ടറ്റം വെള്ളവും ചെളിയുമായിരുന്നു വീട്ടിലെന്ന് അവര്‍ പറയുന്നു.

''പ്രളയമെന്നൊക്കെ കേട്ടിട്ടേ ഉള്ളൂ. ആ അവസ്ഥയായിരുന്നു ഇവിടെ. വീട്ടിനുള്ളിലുണ്ടായിരുന്ന ഭൂരിഭാഗം വസ്തുക്കളും ഉപയോഗശൂന്യമായി. ഫ്രിഡ്ജും വാഷിങ് മെഷീനും കേടായി. വസ്ത്രങ്ങളിലെല്ലാം ചെളിയായി. വീടിനുപുറകില്‍ വെച്ചിരുന്ന വസ്തുക്കളെല്ലാം ഒലിച്ചുപോയി'' -അനിതകുമാരി പറഞ്ഞു. തിങ്കളാഴ്ച പുലര്‍ച്ചെ പോലീസും അഗ്‌നിരക്ഷാസേനയും എത്തിയശേഷമാണ് വെള്ളത്തിന്റെ ശക്തികുറഞ്ഞത്. വീട്ടില്‍നിന്ന് ഭക്ഷണംവെക്കാനോ വെള്ളംകുടിക്കാനോ പറ്റാത്ത അവസ്ഥയാണ്. അയല്‍വാസികളാണ് ആഹാരമെത്തിക്കുന്നതെന്നും അവര്‍ പറഞ്ഞു.