തിരുവനന്തപുരം: സർക്കാർ സഹായിച്ചിട്ടും ജല അതോറിറ്റിയുടെ കടബാധ്യത തീരുന്നില്ല. ജീവനക്കാരുടെയും പെൻഷൻകാരുടെയും ആനുകൂല്യങ്ങളടക്കം 1463 കോടിയാണ് കൊടുത്തുതീർക്കാനുള്ളത്. കരാറുകാർക്ക് നൽകാനുള്ള തുകയ്ക്കുപുറമേയാണിത്.

To advertise here,

പെൻഷൻകാർക്ക് അഞ്ചരവർഷത്തെ കമ്യൂട്ടേഷൻ ആനൂകൂല്യം നൽകാനുണ്ട്. ഇതിനുമാത്രം 211 കോടിവേണം. മൂന്നുമാസത്തെ വൈദ്യുതി കുടിശ്ശിക വീണ്ടും 100 കോടിക്കടുത്തായി. ദൈനംദിന അറ്റകുറ്റപ്പണികൾക്കുള്ള 150 കോടിയോളം രൂപ കരാറുകാർക്ക് നൽകാനുണ്ട്. ജീവനക്കാർക്ക് 100 കോടിയോളവും പെൻഷൻകാർക്ക് 400 കോടിയോളവുമാണ് വിവിധ ആനുകൂല്യങ്ങളുടെ കുടിശ്ശിക നൽകാനുള്ളത്.

പിഎഫിലുണ്ടായിരുന്ന ജീവനക്കാരുടെ നിക്ഷേപത്തുക ശമ്പളം ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി വകമാറ്റിയതിൽ തിരിച്ചടയ്ക്കേണ്ടത് 488 കോടിയാണ്. തദ്ദേശസ്ഥാപനങ്ങൾ വിവിധജോലികൾക്കായി നൽകിയ തുകയിൽനിന്ന് 282 കോടി വകമാറ്റിയതും കണ്ടെത്തണം. ജൽജീവൻ മിഷൻ പദ്ധതിയുടെ സംസ്ഥാന സർക്കാർ വിഹിതത്തിനായാണ് ഈ തുക ചെലവഴിച്ചത്.

ജലഅതോറിറ്റി കെഎസ്ഇബിക്ക് നൽകേണ്ട തുകയുടെ കഴിഞ്ഞവർഷത്തെ കുടിശ്ശിക 458 കോടി സർക്കാർ ഏറ്റെടുത്തിരുന്നു. കൂടാതെ 150 കോടിയുടെ പദ്ധതിയിതര ഗ്രാന്റും കഴിഞ്ഞവർഷം നൽകി. ഈ ഗ്രാന്റിൽനിന്ന് 100 കോടിയോളം രൂപ ജീവനക്കാരുടെയും പെൻഷൻകാരുടെയും ബാധ്യതതീർക്കാനും 40 കോടിയോളം രൂപ ദൈനംദിന അറ്റകുറ്റപ്പണികൾക്കുള്ള കുടിശ്ശിക തീർക്കാനുമാണ് ചെലവഴിച്ചത്.

തദ്ദേശസ്ഥാപനങ്ങൾ നൽകേണ്ട പൊതുടാപ്പുകളുടെ കുടിവെള്ളക്കരത്തിൽ 719 കോടി സർക്കാർ ജല അതോറിറ്റിക്ക് അനുവദിച്ചിരുന്നു. എന്നാൽ, ഈ തുക ട്രഷറി അക്കൗണ്ടിലാണുള്ളത്. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധികാരണം തുക പിൻവലിക്കാനാവുന്നില്ലെന്നാണ് ജീവനക്കാരുടെ സംഘടനകളുടെ പരാതി. ജല അതോറിറ്റിക്ക് കിട്ടേണ്ട റവന്യൂ വരുമാനം പിൻവലിക്കാനാവാത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷ സംഘടനകൾ സമരത്തിനൊരുങ്ങുകയാണ്.