തിരുവനന്തപുരം: ചോദ്യത്തിനൊപ്പം ഉത്തരമെഴുതാനുള്ള സൂചനയും അച്ചടിച്ച് നൽകി പിഎസ്‌സിയുടെ പരീക്ഷ. ‌പരീക്ഷാർഥികൾ ആദ്യം അന്ധാളിച്ചു. വിത്ത് ബുക്സും വിത്തൗട്ട് ബുക്സുമായി പരീക്ഷകളുള്ളതിനാൽ പുതിയ രീതിയായിരിക്കുമെന്നു കരുതി ചിലർ ഉത്തരസൂചകം വിപുലപ്പെടുത്തി പരീക്ഷയെഴുതിത്തുടങ്ങി. അരമണിക്കൂർ കഴിഞ്ഞപ്പോഴേക്കും അറിയിപ്പെത്തി; “ക്ഷമിക്കണം, ചോദ്യത്തിനു പകരം ഉത്തരമാണ് നൽകിയത്. പരീക്ഷ റദ്ദാക്കുന്നു.” ഉത്തരസൂചികയും കടലാസുകളും തിരികെവാങ്ങി പരീക്ഷാർഥികളെ മടക്കി. ചോദ്യകർത്താവിന്റെ പിഴവാണെന്നാണ് പിഎസ്‌സിയുടെ വിശദീകരണം.

To advertise here,

സർക്കാർജോലിക്കാർക്ക് സ്ഥാനക്കയറ്റത്തിനുള്ള വകുപ്പുതല പരീക്ഷയാണ് പിശകിയത്. ശനിയാഴ്ച നടന്ന ഒന്നാംഗ്രേഡ് സർവേയർ ടെസ്റ്റിന്റെ പാർട്ട് എ, പേപ്പർ രണ്ടിലായിരുന്നു പിഴവ്. ചോദ്യവും ഉത്തരസൂചികകളും തയ്യാറാക്കി പ്രത്യേകം കവറുകളിലാണ് പിഎസ്‌സിക്ക് നൽകുന്നത്.

കവർ പൊട്ടിച്ചുനോക്കാതെ അതേപടി അച്ചടിക്കായി അയക്കും. അച്ചടിച്ച് തിരികെവരുന്ന കവറുകൾ പരീക്ഷാഹാളിൽ പരീക്ഷാർഥികളുടെ മുന്നിലാണ് പൊട്ടിക്കുക. ചോദ്യം അയക്കേണ്ട കവറിൽ ഉത്തരസൂചികയും ഉത്തരസൂചികയുടെ കവറിൽ ചോദ്യവുമാണ് ചോദ്യകർത്താവ് പിഎസ്‌സിക്ക് അയച്ചത്. വിവരണാത്മക പരീക്ഷയായതിനാൽ ഉത്തരസൂചികയ്ക്കൊപ്പം ചോദ്യങ്ങളുമുണ്ടാകാറുണ്ട്.

ചോദ്യകർത്താവിനെ സ്ഥിരമായി ഒഴിവാക്കാനും വകുപ്പുതല അച്ചടക്കനടപടിക്ക് ശുപാർശ ചെയ്യാനും കമ്മിഷൻ തീരുമാനിച്ചു. പിഎസ്‌സിയുടെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് കേന്ദ്രങ്ങളിൽ നടന്ന പരീക്ഷയ്ക്ക്‌ ഇരുനൂറോളംപേർ എത്തിയിരുന്നു.