കോട്ടയം: എൻഎസ്എസ്സിനെ അനുനയിപ്പിക്കാൻ നീക്കവുമായി ബിജെപി. ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള ഞായറാഴ്ച പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്ത് സന്ദർശനം നടത്തി. കഴിഞ്ഞദിവസം എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ ബിജെപിക്കെതിരേ കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. ആ പശ്ചാത്തലത്തിലാണ് ശ്രീധരൻ പിള്ളയുടെ സന്ദർശനം.

To advertise here,

ബിജെപിയുടെ ജില്ലാ നേതാക്കൾക്കൊപ്പമാണ് ശ്രീധരൻ പിള്ള ഞായറാഴ്ച രാവിലെ എൻഎസ്എസ് ആസ്ഥാനത്തെത്തിയത്. ഇരുപത് മിനിറ്റോളം കൂടിക്കാഴ്ച നീണ്ടു. എൻഎസ്എസ്സുമായി ബിജെപിക്ക് തർക്കങ്ങളില്ലെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം ശ്രീധരൻ പിള്ള പ്രതികരിച്ചു. എൻഎസ്എസ് എന്നും ഞങ്ങളിൽ പലർക്കും അനുഗ്രഹം തന്നിട്ടുള്ളവരാണ്. സംസാരിക്കുന്നതിനിടെയിൽ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ടാകും. അത് പറയാൻ ആഗ്രഹിക്കുന്നില്ല. എൻഎസ്എസ്സുമായി അനുനയത്തിന്റെ പ്രശ്‌നമില്ല കാരണം തർക്കമില്ല. തർക്കമുണ്ടെങ്കിലല്ലേ അനുനയം വേണ്ടിവരുന്നുള്ളൂ. - ശ്രീധരൻ പിള്ള പറഞ്ഞു.

അതേസമയം ശ്രീധരൻപിള്ളയുമായി രാഷ്ട്രീയത്തിന് അതീതമായ സൗഹൃദമുണ്ടെന്ന് സുകുമാരൻ നായരും പ്രതികരിച്ചു. രാഷ്ട്രീയപരമായിട്ട് മാത്രമല്ല, വ്യക്തിപരമായിട്ടും സൗഹൃദത്തിൽ പോയിട്ടുള്ളവരാണ്. അതിൽ ഞാൻ അഭിമാനം കൊള്ളുന്നു. ബിജെപിയെ ഈ സന്ദർശനവുമായി ബന്ധപ്പെടുത്തേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം എൻഎസ്എസ്-എസ്എൻഡിപി ഐക്യത്തിൽ കാര്യങ്ങൾ തീരുമാനിച്ചതിന് ശേഷം അറിയിക്കാമെന്നും സുകുമാരൻ നായർ കൂട്ടിച്ചേർത്തു. ശബരിമല വിഷയത്തിൽ നിയമനിർമാണം നടത്തുമെന്ന് പറഞ്ഞിട്ട് ബിജെപി ഒന്നും ചെയ്തില്ലെന്നാണ് കഴിഞ്ഞദിവസം സുകുമാരൻ നായർ വിമർശിച്ചത്.