മലപ്പുറം: സ്വാതന്ത്ര്യം കിട്ടി 78 വർഷമായിട്ടും, നാടിന്റെ അടിത്തറ ഭദ്രമാക്കുന്ന പ്രവാസികൾക്ക് ജനാധിപത്യപ്രക്രിയയിൽ സ്ഥാനമില്ല. ഇത്തവണ കൂടുതൽ പ്രവാസികളെ തിരഞ്ഞെടുപ്പുപ്രക്രിയയുടെ ഭാഗമാക്കുമെന്നാണ് തിരഞ്ഞെടുപ്പു കമ്മിഷൻ പറയുന്നത്. പ്രോക്‌സി വോട്ട് ചെയ്യാനെങ്കിലും അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ.
2023-ലെ കേരള മൈഗ്രേഷൻ സർവേ പ്രകാരം 22 ലക്ഷത്തോളം കേരളീയർ വിദേശത്തുണ്ട്. 30 ലക്ഷത്തോളം പേർ ഇന്ത്യയിലെത്തന്നെ വിവിധ സംസ്ഥാനങ്ങളിലും കഴിയുന്നു. എന്നാൽ കരട് പട്ടികയിൽ വോട്ടുള്ള പ്രവാസികളുടെ എണ്ണം 2087 മാത്രം. തദ്ദേശ കരട് വോട്ടർപട്ടിക പ്രകാരം 2.83 കോടി വോട്ടർമാരാണ് കേരളത്തിലുള്ളത്. അതേസമയം അരക്കോടിയിലേറെ വോട്ടർമാർ പുറത്തുണ്ട്. പല മണ്ഡലങ്ങളിലെയും ഫലങ്ങളെ സ്വാധീനിക്കാവുന്നത്രയും പൗരൻമാർ വോട്ടെടുപ്പു പ്രക്രിയയ്ക്ക് പുറത്താണെന്നർഥം.
ഇതിൽ രാജ്യത്തുതന്നെയുള്ളവരിൽ ഒരു ചെറിയ വിഭാഗം നാട്ടിലെത്തി വോട്ടുചെയ്ത് പോകും. എന്നാൽ വിദേശരാജ്യങ്ങളിലുള്ളവർക്ക് അതു സാധിക്കാറില്ല. മുപ്പതും നാൽപ്പതും വർഷമായി വോട്ടുചെയ്യാത്ത ആയിരക്കണക്കിനു പ്രവാസികൾ കേരളത്തിലുണ്ട്. 2026-ലെ നിയമസഭാതിരഞ്ഞെടുപ്പിലെങ്കിലും പ്രവാസികൾക്കുവേണ്ടി വീട്ടിലുള്ള ഒരാൾക്ക് പ്രോക്‌സി വോട്ട് ചെയ്യാൻ അവസരം കൊടുക്കാമെന്ന നിലപാടിലാണ് ഇപ്പോൾ തിരഞ്ഞെടുപ്പുകമ്മിഷൻ.
വോട്ടർപട്ടികയിൽ പേരുചേർക്കുന്ന കാര്യത്തിൽ പ്രവാസികൾക്ക് ചില വിട്ടുവീഴ്‌ചകളെല്ലാം തിരഞ്ഞെടുപ്പു കമ്മിഷൻ നൽകിയിട്ടുണ്ട്. നിലവിൽ പട്ടികയിൽ പേരുള്ളവർക്ക് ഇങ്ങനെ പ്രവാസി വോട്ട് ചേർത്തുകഴിഞ്ഞാൽ പിന്നെ അടുത്തതവണ ഹിയറിങ്ങിന് ഹാജരായിട്ടില്ലെങ്കിലും പട്ടികയിൽനിന്ന് പുറത്താവില്ല. എന്നാൽ തിരഞ്ഞെടുപ്പുകാലത്ത് ഇത്രയുംപേർ നാട്ടിലെത്തി വോട്ടുചെയ്തു മടങ്ങുകയെന്നത് പ്രായോഗികമല്ല.
പ്രവാസികളുടെ ആവശ്യത്തോട് മുഖംതിരിക്കുന്നു
തിരഞ്ഞെടുപ്പുസമയത്ത് സ്ഥലത്തുണ്ടെങ്കിൽ മാത്രം വോട്ടുചെയ്യാനാകുന്ന സ്ഥിതിയാണ് ഇപ്പോഴും പ്രവാസിയുടേത്. എംബസിയിൽ വോട്ടുചെയ്യുന്നതടക്കം പല സൗകര്യങ്ങളും ഒരുക്കുമെന്നെല്ലാം പലപ്പോഴും അധികൃതർ പറഞ്ഞിരുന്നു. ഇക്കാലമായിട്ടും ഒന്നും നടന്നിട്ടില്ല. കേന്ദ്രം പരിഹരിക്കേണ്ട പ്രശ്‌നമാണിത്.
ടി.പി. ദിലീപ്,
(കേരള പ്രവാസി സംഘം സംസ്ഥാനസമിതിയംഗം)
പ്രോക്‌സി വോട്ട് തിരഞ്ഞെടുപ്പുതന്ത്രമാകരുത്
പ്രവാസികൾ സുപ്രീംകോടതിയിൽ പോയതിന്റെ ഭാഗമായി സുപ്രീംകോടതിയുടെ നിർദേശപ്രകാരമാണ് തിരഞ്ഞെടുപ്പുകമ്മിഷൻ പ്രോക്‌സി വോട്ട് എന്ന ആശയം ഉയർത്തിയത്. പ്രോക്‌സി വോട്ടിനുള്ള സൗകര്യം നൽകാമെന്ന് തീരുമാനമായതായി അറിയുന്നു. എന്നാൽ അത് പ്രതിഷേധം ഇല്ലാതാക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണോ എന്ന് സംശയമുണ്ട്. പ്രോക്‌സി വോട്ടിനുള്ള അവകാശം നൽകണമെന്നാണ് പ്രവാസി ലീഗിന്റെ ആവശ്യം.
ഹനീഫ മൂന്നിയൂർ,
(സംസ്ഥാന പ്രസിഡന്റ്, പ്രവാസി ലീഗ്)
Content Highlights: proxy voting kerala voters list election commission
Published: 16 Sept 2025, 08:07 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented